മറ്റ് നായികമാരെപോലെ സീൻ കൂട്ടിത്തരാൻ പറയാത്ത, ഒരു തലവേദനയും ടെൻഷനും തരാത്ത ആർട്ടിസ്റ്റാണ് മാതു

പണ്ട് എന്റെ കൗമാരകാലത്ത് സിനിമ ഒരാഘോഷം പോലെ കണ്ടുരസിച്ചുനടന്നിരുന്ന ഒരു സമയമുണ്ടായിരുന്നു. ഇരുട്ടും വെളിച്ചവും കൊണ്ട് വിസ്മയലോകം സൃഷ്ടിക്കുന്ന, സിനിമ എന്ന കലാരൂപം നല്ലതാണോ ചീത്തയാണോ എന്നൊന്നും നോക്കാതെ, സുകുമാരനെന്ന എന്റെ കൊച്ചു കൂട്ടുകാരനൊപ്പം തിയേറ്ററിന്റെ ചവിട്ടുപടികൾ ഓടിക്കയറിനടന്ന് സിനിമകൾ കണ്ടിരുന്ന കുതൂഹരമായ കൗമാര കാലമായിരുന്നത്. സിനിമയിലെ കഥാമുഹൂർത്തങ്ങളിലും ഗാനചിത്രീകരണങ്ങളിലും സംഘട്ടനരംഗങ്ങളിലുമൊന്നുമല്ലായിരുന്നു എന്റെ കൗമാരശ്രദ്ധ കൂടുതലും ആകർഷിച്ചിരുന്നത്. നായികാ-നായകന്മാരുടെ കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നുള്ള സ്വാഭാവികമായ നടനരീതിയും ഭാവചലനങ്ങളുമെല്ലാം കണ്ണിമ ചിമ്മാതെ ആകാംക്ഷയോടെ വെള്ളിത്തിരയിലേക്ക് നോക്കിയിരിക്കുകയെന്നതായിരുന്നു എന്റെ കൗതുക കാഴ്ചകൾ.

അന്നത്തെ നമ്മുടെ പ്രഗത്ഭമതികളായ ആർട്ടിസ്റ്റുകളുടെ പ്രകടനം കാണുമ്പോൾ ഈ കഥാപാത്രം ഈ താര വിസ്മയത്തിനല്ലാതെ മറ്റൊരാൾക്ക് ഇത്രയും നന്നായി ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എത്രയെത്ര ഉദാഹരണങ്ങളാണ് നമ്മുടെ മുൻപിൽ നീണ്ടുനിവർന്ന് കിടക്കുന്നത്. എന്നാൽ അഭിനയകലയിൽ അത്രയൊന്നും പ്രാവീണ്യം നേടാത്ത ചില താരങ്ങൾക്കും ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന ഒരു മികച്ച കഥാപാത്രമെങ്കിലും ഉണ്ടാകാതിരിക്കുകയില്ല. അത് സിനിമയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്.

മാതു

ഇതേക്കുറിച്ച് എൺപതുകളുടെ അവസാനം സിനിമയിൽ അഭിനയിച്ചിട്ടുള്ള അത്രയ്ക്ക് അഭിനയ മികവൊന്നുമില്ലാത്ത ഒരു നായികാതാരവുമായി ഈയിടെ ഞാൻ സംസാരിച്ചപ്പോൾ അവർ പറഞ്ഞ മറുപടി വളരെ രസം പകരുന്നതായിരുന്നു.
“നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനായി എല്ലായിടത്തും ഓടിനടക്കുന്ന ദൈവം തമ്പുരാൻ അല്പം റിലാക്‌സ് ചെയ്തിരുന്ന സമയത്ത് മൂപ്പിലാന്റെ അനുഗ്രഹപ്രസാദം കൊണ്ട് വന്നുചേർന്ന ഒരു മികച്ച കഥാപാത്രമാണ് എനിക്ക് കിട്ടിയത്.”
അത്രയും പറഞ്ഞ് ഉച്ചത്തിൽ ചിരിച്ചുകൊണ്ടുള്ള താരമുഖത്തിന്റെ മറുപടി കേട്ട് ശബ്ദമില്ലാത്ത ഒരു കൗതുകച്ചിരി ഞാനും പാസ്സാക്കി.

ആമുഖമായി ഇങ്ങനെ ഒരു വിശേഷണക്കുറിപ്പെഴുതാൻ പ്രചോദനമായത് കഥയിലെ നായികമാരിലേക്ക് അല്പം മുൻപേ കടന്നുവരേണ്ടിയിരുന്ന മലയാള സിനിമയിലെ സൗമ്യമുഖമായിരുന്ന മാതു എന്ന അഭിനേത്രി ഒരു ഓർമ്മപ്പൊട്ടുപോലെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നുവന്നതുകൊണ്ടാണ്.

മാതുവിനെക്കുറിച്ചോർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ഭരതൻ സംവിധാനം ചെയ്ത ‘അമര’ത്തിലെ മുക്കുവ പെൺകുട്ടിയായിരുന്ന രാധയുടെ മുഖമായിരിക്കും. പിന്നീട് മറ്റൊരു ചിത്രത്തിലും ഇത്രയും അഭിനയമുഹൂർത്തങ്ങളുള്ള ഒരു കഥാപാത്രവും മാതുവിന് ലഭിച്ചിട്ടില്ല എന്നുവേണം പറയുവാൻ. അമരത്തിന്റെ തുടക്കം മുതൽ അവസാനത്തെ ഫ്രെയിം വരെ മമ്മൂട്ടി ചെയ്ത അച്ചൂട്ടിയുടെ മകളായി മമ്മൂട്ടിക്കൊപ്പം തന്നെ കളം നിറഞ്ഞാടുകയായിരുന്നു മാതു എന്ന് അന്നത്തെ എല്ലാ ചലച്ചിത്രനിരൂപകരും ഒരുപോലെ അഭിനന്ദനം ചൊരിഞ്ഞത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. അതിനുശേഷം മാതുവിനെ തേടി ഒത്തിരി അവസരങ്ങൾ വന്നെങ്കിലും എല്ലാ ചിത്രങ്ങളിലും ഒരുപോലുള്ള കഥാപാത്രങ്ങളാണ് ലഭിച്ചത്. ഒരു ഇടത്തരം വീട്ടിലെ പെൺകുട്ടി. അല്ലെങ്കിൽ തീരെ താഴ്ന്ന വീട്ടിലെ അവിഹിത സന്തതി. അവളുടെ പ്രണയവും ഒന്നുരണ്ട് പാട്ടുകളും ചെറിയ സെന്റിമെന്റ്‌സും ഒക്കെ കഴിഞ്ഞ് അവസാനം കമിതാക്കൾ പരസ്പരം ഒന്നിച്ചുചേരുന്ന ശുഭപര്യവസാനമായിരുന്നു ഭൂരിഭാഗം ചിത്രങ്ങളിലെയും മാതുവിന്റെ കഥാപാത്രങ്ങൾ.

'അമര'ത്തിൽ അശോകനൊപ്പം

ഒട്ടുമിക്ക സംവിധായകരും ഞാനടക്കമുള്ള തിരക്കഥാകാരന്മാരുമെല്ലാം മാതുവിനെ അങ്ങനെയാണ് കണ്ടിരുന്നത്. ചില അഭിനേത്രികളുടെ തലേലെഴുത്ത് അങ്ങനെയാണ്. തലേലെഴുത്ത് തലോടിയാൽ പോകില്ലല്ലോ? മാതുവിന് അങ്ങനെ മികച്ച വേഷം വേണമെന്നുള്ള ഒരു നിർബന്ധവുമില്ലായിരുന്നു. ആരുവിളിച്ചാലും വലുപ്പചെറുപ്പം നോക്കാതെ പോയി അഭിനയിക്കും. എല്ലാം ഒന്നാം നായികയും ഉപനായികയുമായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു.

അമരം കണ്ടിട്ടാണ് ഞാൻ തിരക്കഥയെഴുതിയ ‘കള്ളൻ കപ്പലിൽതന്നെ’ എന്ന ചിത്രത്തിൽ മാതുവിനെ നായികയാക്കിയത്. അതിൽ രണ്ടാം നായികയായി വരുന്നത് സുചിത്രയാണ്. ചായക്കച്ചവടക്കാരനായ ഒരു പട്ടരുടെ പെൺമക്കളിൽ രണ്ടാമത്തെ പെൺകുട്ടിയായ സാവിത്രിക്കുട്ടിയുടെ വേഷമാണത്. അവിചാരിതമായി കളരി അഭ്യാസിയായ അനന്തൻ ഗുരുക്കൾ എന്ന ഒരു ചെറുപ്പക്കാരനുമായി അവൾ പ്രണയത്തിലാകുന്നു. ഒരു നിശബ്ദപ്രണയമായി തുടങ്ങിയ ആ ബന്ധം പതുക്കെ പതുക്കെ വളരുന്നു. അവസാനമാണ് അവൾ അറിയുന്നത് താൻ സ്‌നേഹിച്ച പുരുഷൻ കളരി അഭ്യാസിയൊന്നുമല്ലെന്നും അയാളുടെ ജ്യേഷ്ഠനാണ് കളരി അഭ്യാസിയെന്നും. ഇതറിഞ്ഞ് അവൾ വല്ലാതാകുന്നു. അവൾ പിണങ്ങുന്നു. ഇതിൽ ജ്യേഷ്ഠനും അനുജനുമായി ഇരട്ടവേഷത്തിൽ അഭിനയിക്കുന്നത് ജഗദീഷാണ്.

കള്ളൻ കപ്പലിൽ തന്നെ എന്ന ചിത്രത്തിൽ ജഗദീഷിനൊപ്പം

കളരി ഗുരുക്കളോട് പിണങ്ങി പുഴയോരത്തേക്ക് ഓടുന്ന സാവിത്രിക്കുട്ടിയുടെ പിണക്കവും തെറ്റിധാരണയും മാറ്റാനായി കാമുകൻ സാവിത്രിക്കുട്ടീന്നു വിളിച്ചുകൊണ്ട് അവളുടെ പുറകെ ചെല്ലുന്ന രംഗം ഷൂട്ട് ചെയ്യാൻ പോകുമ്പോഴാണ് ഞാൻ അവിടെ എത്തുന്നത്. മാതുവിനോട് ഫോണിൽ സംസാരിച്ചിട്ടുള്ളതല്ലാതെ ഞാൻ നേരിൽ കാണുന്നത് ആദ്യമായാണ്. ഞാൻ ചെന്നത് സംവിധായകൻ ചെല്ലപ്പൻ എന്ന പ്രശാന്ത് കണ്ടിട്ടില്ല. അവൻ ജഗദീഷും മാതുവുമായി സംസാരിക്കുന്ന സീനെടുക്കാൻ തുടങ്ങിയിരുന്നു. ആ സീൻ കഴിഞ്ഞിട്ട് എല്ലാവരെയും ഒന്ന് കണ്ടിട്ടുപോകാമെന്ന് കരുതി ഞാൻ നിർമാതാവ് തോമസ് കൊരട്ടിയുമായി സംസാരിച്ചുനിൽക്കുമ്പോൾ ജഗദീഷിന്റെ കഥാപാത്രം കുറ്റബോധത്തോടെ സാവിത്രിക്കുട്ടിയോട് സംസാരിക്കുന്നതിന്റെ ശബ്ദം ഉയർന്നുകേൾക്കാം.

“തച്ചോളി തറവാട്ടിലെ അവസാനത്തെ കണ്ണി. ചൂണ്ടു മർമ്മ വിദ്വാൻ. കളരിയാശാൻ. പക്ഷേ ഇതൊന്നുമല്ല ഞാൻ. ചില പ്രത്യേക സാഹചര്യത്തിൽ... കളരിയും അഭ്യാസമുറകളുമൊക്കെ കേട്ടപ്പോൾ വടക്കൻ പാട്ടിലെ വീരനായകനായിട്ട് എന്നെ കണ്ടല്ലേ?”

അപ്പോഴേക്കും സംവിധായകൻ കട്ട് പറഞ്ഞു. എന്നെ കണ്ടയുടനെതന്നെ സംവിധായകൻ പ്രശാന്തും ജഗദീഷും എന്റടുക്കലേക്ക് വന്നു. പുറകെയായി ഔപചാരികതയുടെ മുഖവുമായി മാതുവും വന്നു. ‘അമരം’ കണ്ടിട്ടാണ് മാതുവിനെ ഞാൻ ഇതിലെ നായികയാക്കിയതെന്ന് ജഗദീഷിന് അറിയാവുന്നതുകൊണ്ടുതന്നെ മാതുവിനെ പരിചയപ്പെടുത്തിയശേഷം ഞങ്ങളെ കുറിച്ചുള്ള സ്തുതിവചനങ്ങളും തട്ടിവിട്ടുകൊണ്ട് ജഗദീഷ് സ്റ്റൈലിലുള്ള ചിരിയും പാസ്സാക്കി കക്ഷി അന്തരീക്ഷം ശബ്ദമുഖരിതമാക്കി. തെല്ലുകഴിഞ്ഞ് ജഗദീഷ് സംവിധായകനെ വിളിച്ചുകൊണ്ടു പോയപ്പോൾ പിന്നെ ഞാനും മാതുവും തനിച്ചായി.

'അമരം' സിനിമയിൽനിന്ന്

മാതു ഈ ചിത്രത്തിൽ അഭിനയിക്കാനായി ആലുവായിൽ എത്തിയ ദിവസം രാത്രി വീട്ടിലെ ലാന്റ് ഫോണിൽ വിളിച്ച് ഞാൻ മാതുവിനോട് കഥയുടെ ഒരു ഔട്ട് ലൈനും കഥാപാത്രത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഞാൻ പറഞ്ഞതെല്ലാം കേട്ടിരുന്നതല്ലാതെ മറ്റുനായികാ സ്വരൂപങ്ങൾ പറയുന്നതുപോലെ തനിക്ക് വേഷം കുറവാണെന്നോ അല്പം കൂടി സീനുകൾ കൂട്ടി എഴുതിത്തരണമെന്നോ തുടങ്ങിയ ഒരു വാചകംപോലും പറയാതെ എല്ലാം മൂളിക്കേട്ട് ചെറുചിരി സ്വരവുമായി ഒരു മൗനിബാവയെപ്പോലെ നിന്നതല്ലാതെ പരാതിപട്ടികയുടെ ഒരു കുഞ്ഞുശബ്ദം പോലും എനിക്ക് കേൾക്കാനായില്ല.

ഞാൻ അപ്പോൾ ഓർക്കുകയായിരുന്നു മറ്റ് യുവനായികമാരെപ്പോലെ ഒന്നുമല്ലായിരുന്നു മാതു. അവൾക്ക് അഭിനയിക്കണം. അല്പസ്വല്പം സമ്പാദിക്കണം. സന്തോഷത്തോടെ അച്ഛനുംഅമ്മയോടുമൊപ്പം ജീവിക്കണം. തനിക്ക് കിട്ടുന്ന വേഷങ്ങൾ അത്ര മികവുള്ളതല്ലെങ്കിലും നായികയായിട്ട് തന്നെയാണ് എല്ലാവരും എന്നെ വിളിക്കുന്നതെന്നും ലൊക്കേഷനിൽവെച്ച് ഒരുദിവസം എന്റെ ചില മുനവെച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മാതു എന്നോട് പറയുകയുണ്ടായി.

കള്ളൻ കപ്പലിൽ എന്ന സിനിമ കഴിഞ്ഞ് ഞാൻ എഴുതുന്ന ‘ഉപ്പുകണ്ടം ബ്രദേഴ്‌സി’ലേക്കും മാതുവിനെ തന്നെയാണ് ഞാൻ നായികയാക്കിയത്. വിജയരാഘവന്റെ ജോഡിയായിട്ടാണ് ഇതിൽ വരുന്നത്. കോട്ടയത്തും പരിസരത്തും വച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. വില്ലന്മാരായിരുന്ന ക്യാപ്റ്റൻ രാജു, ബാബു ആന്റണി തുടങ്ങിയവരെ നായകന്മാരാക്കി അണിനിരത്തിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് ഒരു പരീക്ഷണമായിരുന്നെങ്കിലും ചിത്രം പുറത്തുവന്നപ്പോൾ വൻ വിജയമായി മാറുകയായിരുന്നു. തുടർന്ന് ഞാൻ എഴുതിയ ‘സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി’യിലും മാതുവിനെ തന്നെയാണ് ഞങ്ങൾ നായികയാക്കിയത്. ഇതിലും ജഗദീഷിന്റെ കാമുകീ കഥാപാത്രമായിരുന്നു. ഈ ചിത്രവും കൂടി ഹിറ്റ് ചാർട്ടിൽ വന്നതോടെ ഒരു ലക്കി ആർട്ടിസ്റ്റ് എന്ന കച്ചവടാധിഷ്ഠിതമായ ഒരു പുതിയ പേരുകൂടി മാതുവിൽ വന്നുചേർന്നു.

സദയം എന്ന ചിത്രത്തിൽനിന്ന്

ഒരു സിനിമയിൽ നമ്മൾ മാതുവിനെ വിളിച്ചുപോയാൽ പിന്നെ അടുത്ത പടത്തിലും നമ്മൾ മാതുവിനെതന്നെ വിളിക്കും. ഒരു തലവേദനയും ടെൻഷനും താരത്ത ആർട്ടിസ്റ്റാണ് മാതു. അവരുടെ സ്വഭാവവിശേഷണംകൊണ്ട് നേടിയെടുത്ത ഒരു നല്ല കോംപ്ലിമെന്റാണ് അത്. അന്യഭാഷക്കാരിയാണെങ്കിലും മാതു മലയാളം പറയുന്നത് കേട്ടാൽ നമ്മുടെ മലയാളി നടികൾ വരെ മൂക്കത്ത് വിരൽവെച്ച് അതിശയംപൂണ്ടു നിൽക്കും.

1994ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘ആഗ്നേയ’ത്തിലാണ് മാതു എന്റെ തിരക്കഥയിൽ അവസാനം അഭിനയിച്ചത്. പോലീസ് സൂപ്രണ്ടായിട്ടുവന്ന നെടുമുടി വേണുവിന്റെ മകളുടെ വേഷമായിരുന്നു. പിന്നീട് കുറേക്കാലത്തേക്ക് മാതുവിനെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. ഇപ്പോൾ മാതു വിവാഹിതയായി ഭർത്താവും കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: kaloor dennis remembers his working experience with actress mathu