ഈ സഹോദരനുണ്ടെങ്കില്‍ ഒരു ഫ്‌ളൈയിങ് സൂപ്പര്‍ഹീറോയും വേണ്ട, അന്ന് മാളവിക പറഞ്ഞു

മാളവികയും കാളിദാസും / Instagram:malavika.jayaram
മാളവികയും കാളിദാസും / Instagram:malavika.jayaram

ജയറാമിന്റെയും പാര്‍വതിയുടെയും മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടിച്ചും ഇടിച്ചും കുറുമ്പുകാട്ടിയും അതിലേറെ സ്‌നേഹിച്ചും രണ്ട് സഹോദരങ്ങള്‍. സോഷ്യല്‍മീഡിയയിലൂടെ പിറന്നാളുകള്‍ക്ക് പരസ്പരം പങ്കുവെക്കുന്ന പോസ്റ്റുകളിലൂടെ കാണാം അവരുടെ ഈ കുട്ടിത്തരങ്ങളെല്ലാം.  

മാളവികയുടെ വിവാഹനിശ്ചയത്തിനിടയില്‍ കാളിദാസ് തങ്ങളുടെ സ്‌നേഹത്തെ ഇങ്ങനെ വരച്ചുകാട്ടി, ''ചക്കിയെ ആരും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അത് ചെറുപ്പംമുതലേ അങ്ങനെ തന്നെയാണ്. ചെറുപ്പകാലത്തെ ഒരു കഥ അപ്പയും അമ്മയും എപ്പോഴും പറയാറുണ്ട്. ചക്കിക്ക് ഒരുവയസ്സുള്ളപ്പോ അവളുടെ മുടിമുറിക്കാനായി ഞങ്ങളെല്ലാവരും കൂടി വടപളനിയില്‍ പോയി. മുടിമുറിക്കാനായി വന്നപ്പോള്‍, ചക്കി ചെറുതായി കരയാന്‍ തുടങ്ങി. അതോടെ എനിക്ക് സങ്കടമായി. ഞാന്‍ മുടി മുറിക്കാന്‍ വന്നയാളെ അടിക്കാന്‍ പോയി...''സംസാരത്തിനിടയില്‍ കാളിദാസ് വികാരഭരിതനായി.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് മാളവികയുടെ പിറന്നാളിന് കാളിദാസ് പോസ്റ്റ് ചെയ്തത് അവരുടെ ചെറുപ്പകാലത്തെ ഒരു വീഡിയോ ആയിരുന്നു. കുടുംബസമേതമുള്ള വീഡിയോ ഇന്റര്‍വ്യൂവിനിടയില്‍ സമയം നീളുന്തോറും മുഖംമാറുന്ന കുഞ്ഞ് മാളവികയായിരുന്നു ആ വീഡിയോയിലെ ഹൈലൈറ്റ്. അതിന് കാപ്ഷനായി കാളിദാസ് ഇങ്ങനെ കുറിച്ചു, ''നീയാണ് ലോകത്തിലെ ഏറ്റവും നല്ല സഹോദരി, അതിന് നന്ദി...''

ഈയടുത്ത് തന്റെയും കാളിദാസിന്റെയും ഫോട്ടോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത മാളവിക അതിന് കാപ്ഷനിട്ടതിങ്ങനെ, ''ഒരു സഹോദരനുണ്ടെങ്കില്‍ ഫ്‌ളൈയിങ് സൂപ്പര്‍ഹീറോസും കവചം ധരിച്ച യോദ്ധാവും ആര്‍ക്കുവേണം...''

കഴിഞ്ഞദിവസമായിരുന്നു കൂര്‍ഗില്‍വെച്ച് മാളവികയുടെ വിവാഹനിശ്ചയം നടന്നത്. പാലക്കാട്ടുകാരനായ നവനീത് ആണ് വരന്‍. യു.കെയില്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ദുബായ്, ആഫ്രിക്ക, യു.കെ എന്നിവിടങ്ങളിലെ പഠനത്തിനുശേഷമാണ് യു.കെയില്‍ തന്നെ ജോലിക്ക് കയറിയത്. 2024 മെയ് 3-ന് ഗുരുവായൂരില്‍വെച്ചാണ് ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത നിശ്ചയത്തില്‍, നൃത്തം ചെയ്തും പാട്ടുകള്‍ പാടിയും അവര്‍ ആഘോഷമാക്കി.
 

Content Highlights: kalidas jayaram speech in malavika jayaram's engagement