ബോളിവുഡിലെ നൂറാന്‍ സിസ്‌റ്റേഴ്‌സ് മലയാളത്തിലേക്ക്; ആദ്യ ഗാനം വെെറലാകുമോ?

ജേക്സ് ബിജോയ്, ജ്യോതി നൂറാൻ, ഡൊമിനിക് അരുൺ, ലോക ചാപ്റ്റർ: 1 ചന്ദ്ര ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാം( jakes_ bejoy)
ജേക്സ് ബിജോയ്, ജ്യോതി നൂറാൻ, ഡൊമിനിക് അരുൺ, ലോക ചാപ്റ്റർ: 1 ചന്ദ്ര ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാം( jakes_ bejoy)

പ്രശസ്ത സൂഫി സംഗീത കൂട്ടുകെട്ടായ നൂറാന്‍ സിസ്റ്റേഴ്‌സിലെ ഗായിക ജ്യോതി നൂറാന്‍, കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ലോകാ ചാപ്റ്റര്‍ 1: ചന്ദ്ര' എന്ന ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ച് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. 2012-ല്‍ എംടിവി ഇന്ത്യയുടെ 'എംടിവി സൗണ്ട് ട്രിപ്പിന്‍' എന്ന പരിപാടിയിലെ 'ടുങ് ടുങ്' എന്ന ഗാനത്തിലൂടെയാണ് നൂറാന്‍ സിസ്റ്റേഴ്‌സ് ആദ്യമായി ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജ്യോതിയും സംവിധായകനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. 'നൂറാന്‍ സിസ്റ്റേഴ്‌സിലെ ജ്യോതി നൂറാനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നു,' എന്നായിരുന്നു പോസ്റ്റിലെ കുറിപ്പ്. ആഗസ്റ്റ് 15-നാണ്‌ ഗാനം റിലീസ് ചെയ്യുന്നത്.

തരംഗം ഫെയിം ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ലോകാ ചാപ്റ്റര്‍ 1: ചന്ദ്ര' ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും. മലയാള സിനിമയ്ക്ക് ഒരു പുതിയ അനുഭവമാകുമെന്ന് കരുതുന്ന, ഒരു ഫാന്റസി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന് ഡബ്ബ് ചെയ്ത പതിപ്പുകളുണ്ടാകും. നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ കല്യാണിയുടെ ടൈറ്റില്‍ കഥാപാത്രമായ ചന്ദ്രയെ ഒരു സൂപ്പര്‍ഹീറോ ആയി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

സഹോദരി സുൽത്താന നൂറാനോടൊപ്പം, ഇംതിയാസ് അലിയുടെ 'ഹൈവേ' എന്ന ചിത്രത്തിലെ എ.ആർ. റഹ്മാൻ ഈണം നൽകിയ 'പതാഖ ഗുഡ്ഡി' എന്ന ഗാനത്തിലൂടെയാണ് ജ്യോതി പ്രശസ്തിയിലേക്ക് ഉയർന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ ഗാനം, അവരുടെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിലൊന്നായി ഇന്നും നിലനിൽക്കുന്നു. 'തനു വെഡ്സ് മനു: റിട്ടേൺസി'ലെ 'ഘനി ബാവ്രി', 'ദംഗലി'ലെ 'ഇഡിയറ്റ് ബന്ന', 'മൻമർസിയാനി'ലെ 'ഹല്ലാ' എന്നിവയെല്ലാം ജ്യോതിയുടെ ശ്രദ്ധേയമായ ഗാനങ്ങളിൽ ഉൾപ്പെടുന്നു. തമിഴിലും തെലുങ്കിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

'ലോകാ ചാപ്റ്റര്‍ 1: ചന്ദ്ര' എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ നടി ശാന്തി ബാലചന്ദ്രനും പങ്കാളിയാണ്. ചന്തുസലിംകുമാര്‍, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, രഘുനാഥ് പലേരി, ശരത് സബ, നിത്യാ ശ്രീ, നിശാന്ത് സാഗര്‍ എന്നിവര്‍ക്ക് പുറമെ, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡിയും ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nooran Sisters` Jyoti Nooran makes her Malayalam debut singing for Kalyani Priyadarshan`s Loka Chapter 1: Chandra, composed by Jakes Bejoy.