ടീച്ചറുടെ ശരീരത്തിൽ 18 വെട്ടുകളുണ്ടായിരുന്നു; ജോൺസൺ മാഷുടെ പാട്ട് കേൾക്കുമ്പോഴെല്ലാം ടീച്ചറെ ഓർത്തു

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി
കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു
തട്ടിയെടുത്തു''-
എന്ന യമണ്ടന്‍ പാട്ട് ആദ്യമായി കേള്‍ക്കുന്നത് എന്റെ കിന്റര്‍ഗാര്‍ട്ടന്‍ ലോവര്‍ക്ലാസില്‍വെച്ചാണ്. കുട്ടികള്‍ പായിട്ടിരുന്ന് നിരന്ന് ഭക്ഷണം കഴിക്കുന്ന കെ.ജി. മെസ് ഹാളില്‍ ഉച്ചയ്ക്ക് ആയമ്മ റേഡിയോ തുറന്നുവെച്ചു. അതില്‍നിന്ന് ഉച്ചത്തിലുയര്‍ന്ന പാട്ടുകേട്ട് ഞാന്‍ വാപൊളിച്ചിരുന്നു. ആകാശവാണി ഉച്ചപ്പാട്ടുകള്‍ കേള്‍ക്കുംമുന്‍പേ എനിക്കീ പാട്ടറിയാമായിരുന്നു. കുട്ടികള്‍ക്കുള്ള കുട്ടിപ്പാട്ടായിരുന്നില്ല യഥാര്‍ഥത്തില്‍ അത്. അതിന്റെ ഈ വരികള്‍ മാത്രമാണിങ്ങനെ. എന്നിട്ടും ഞങ്ങള്‍ക്കത് പ്രിയഗാനമായി. ഞങ്ങള്‍ കുട്ടികള്‍ അത് കേട്ടുനില്‍ക്കെ ആയമ്മയുടെകൂടെ നിന്നിരുന്ന ഒരു ടീച്ചര്‍ ആഹ്ളാദത്തോടെ ഓടിവന്നു.
''ഇന്റെ നാട്ടുകാരന്‍ മാത്രല്ലാട്ട എടവകക്കാരനൂടിയാണ്. പള്ളീലെ നേര്‍ച്ചപ്പരിപാടിയിലും പാടിയിരുന്നൂദ്.'' ആ ടീച്ചര്‍ ആഹ്ലാദത്തോടെ റേഡിയോയുടെ വോളിയം നോബ് തിരിച്ചു.
''വല്ലാത്ത പാട്ടാവ്ണ്ട്ട്ടാ. തൊടക്കത്തിലെ ഈ മേളങ്ങട് കഴിഞ്ഞ് പിന്നെ നല്ല അസ്സലു പുത്യേ വരികളൂണ്ട്. നല്ല രസാട്ടോ...''
''ആരെപ്പറ്റിയാണ് ഈ ടീച്ചറ് പറയിണത്?'' ആയമ്മ അദ്ഭുതം കൂറി
''ജോണ്‍സണ്‍ മാഷ്‌നെ പറ്റി. അല്ലാണ്ടാരെപ്പറ്റിയാ ആയമ്മേ?''
അക്കാലത്ത് അച്ഛന്റെ ചങ്ങാതിയായ പിള്ളമാമന്‍ അഥവാ ഹരിപ്പാട് കെ.പി.എന്‍. പിള്ള ഒരു സിനിമയ്ക്കായി സംഗീതസംവിധാനം ചെയ്യുന്നുണ്ടായിരുന്നു. ബേപ്പൂര്‍ കടല്‍ത്തീരത്ത് അച്ഛനൊപ്പം കുത്തിയിരുന്ന് സിനിമയ്ക്കായി ചെയ്‌തെടുത്ത പുതുട്യൂണുകള്‍ മൂപ്പര്‍ പാടി. പിള്ളമാമന്റെ പാട്ട് കടലിനുമീതെ ഉയര്‍ന്നു. ''ഏതോ ജന്മകല്പനയില്‍...''ഒപ്പം മാഷുടെ പാട്ടും അച്ഛന്‍ പാടി. ജോണ്‍സണ്‍മാഷിന്റെ ഈണങ്ങളെ, ഭാവങ്ങളെ, ശ്രുതിരസങ്ങളെ ഞാന്‍ കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഞാനറിയുന്നു, ജോണ്‍സണ്‍ മാഷുടെ പാട്ടുകള്‍ക്ക് ഒരു പ്രത്യേകജീവസ്സുണ്ട്. ഓരോ പാട്ടോര്‍മയിലും എനിക്ക് ഓരോ മനുഷ്യരെ അനുഭവവേദ്യമാകുന്ന ആഹ്ളാദാനുഭവമുണ്ട്, സങ്കടാനുഭവവുമുണ്ട്.
അപൂര്‍വമായ പൂമണമുള്ള ടീച്ചര്‍
ഏറെ ചെറുപ്പകാലത്തുള്ള മറ്റൊരു അനുഭവവും ഓര്‍മവരുന്നു. വീണവായിക്കുന്ന, കാണാന്‍ പൊന്നഴകുള്ള ഒരധ്യാപിക. ഞാനവരെ വീണടീച്ചര്‍ എന്ന് വിളിച്ചു. സ്‌കൂളിലെ പരിപാടിക്ക് അന്ന് സിനിമയില്‍ പ്രശസ്തമായ ഒരു പാട്ട് പാടിക്കൊണ്ട് അവര്‍ വീണ പതിയേ വായിച്ചു...'ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി...' പാട്ടുകേള്‍ക്കെ എന്റെ ഹൃദയം തകര്‍ന്നു. എന്തെന്നറിയാത്ത സങ്കടം തൊണ്ടയില്‍ വന്ന് ഗദ്ഗദമായി.
പാട്ട് കഴിഞ്ഞപ്പോള്‍ എല്ലാരും മതിമറന്ന് നിന്നു. ശേഷം വീണടീച്ചര്‍ ആ പാട്ടിനെപ്പറ്റി സംസാരിച്ചു. ''ഇതിന്റെ സംഗീതസംവിധാനം ജോണ്‍സണ്‍മാഷാണ്. വീണയും മറ്റ് ഇന്‍സ്ട്രുമെന്റുകളും എത്ര ഭംഗിയായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ പാട്ടില്‍ ഒരു സങ്കടം ഒളിഞ്ഞുകിടപ്പുണ്ട്.'' പറയുന്നതിനുമുന്‍പ് അവരുടെ തൊണ്ടയും ഇടറി. അകാരണമായ ഒരു വിഷാദം ആ കണ്ണുകളില്‍ ചാരനിറത്തില്‍ മയങ്ങി.
എപ്പോഴും വൈകി പരിഭ്രമിച്ച് വിയര്‍ത്തുകുളിച്ച് ഓടിവരുന്ന വീണടീച്ചര്‍ക്ക് അവരെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ഭര്‍ത്താവാണ് ഉണ്ടായിരുന്നത്. വീണടീച്ചറുടെ അവിഹിതങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ജോലിവരെ കളഞ്ഞ പാര്‍ട്ടിയാണ് ഭര്‍ത്താവ്. സംശയരോഗത്തിന്റെ മൊത്തവ്യാപാരി. വീണടീച്ചറുടെ വീണ അയാള്‍ അടിച്ചുപൊട്ടിച്ച വിവരമൊക്കെ സ്‌കൂളില്‍ പാട്ടായിരുന്നു.
കഞ്ഞി അധികം മുക്കാത്ത, മങ്ങിയ നിറമുള്ള, പഴകിയ കോട്ടണ്‍സാരിയുടുത്ത് വയസ്സത്തികളെപ്പോലെയുള്ള ബ്ലൗസും ധരിച്ച് അവര്‍ കുടയും പിടിച്ച് മുഖംമറച്ച് നടന്നു. പൊട്ടോ പൗഡറോ കണ്മഷിയോ ഇല്ലാതെ വിഷാദംകൊണ്ട് മാത്രം ഒരുവള്‍ക്ക് അതിസുന്ദരിയാകാമെന്ന് ടീച്ചര്‍ തെളിയിച്ചു. അപൂര്‍വമായ ഒരു പൂമണമായിരുന്നു അവര്‍ നടന്ന വഴിയാകെ. പാദസരക്കണമ്പോളം വളര്‍ന്നുനിന്ന മുടി ഒരിക്കല്‍ ബോബ്‌ചെയ്തുവന്നപ്പോള്‍ സ്‌കൂളാകെ തകര്‍ന്നു. ആശ്വാസച്ചിരിയോടെ 'മൊട്ടയടിച്ചില്ലല്ലോ' എന്ന് ടീച്ചര്‍ ദീര്‍ഘനിശ്വാസം കൊണ്ടു.
സത്യത്തില്‍ വീണടീച്ചറെ കാത്തിരുന്നത് അതിലും വലിയതായിരുന്നു. ഒരിക്കല്‍ ഭര്‍ത്താവിന് പിറന്നാളിന് ഊണ് വിളമ്പിക്കൊടുക്കുകയായിരുന്നു അവര്‍. അപ്പോഴാണ് അയാള്‍ പുറകില്‍ ഒളിപ്പിച്ചിരുന്ന കൊടുവാളെടുത്ത് അവരുടെ കഴുത്തില്‍ ആഞ്ഞുവെട്ടിയത്. അവര്‍ കരയാനോ ശബ്ദിക്കാനോ പോലും മറന്നുപോയി. തുമ്പപ്പൂപോലെ വിളമ്പിവെച്ച ചോറിലേക്ക് ചോര മണിപ്പൂക്കള്‍പോലെ ഉതിര്‍ന്നുവീണുകൊണ്ടിരുന്നു.
കയ്യിലിരുന്ന ചോറിന്‍കിണ്ണം തെറിച്ചുവീണു. അയാള്‍ കലി തീരാതെ അവരെ ആഞ്ഞാഞ്ഞ് വെട്ടി. പിന്നീട് അയാള്‍ കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുകയും അരിവാള്‍ ഒരു സഞ്ചിയില്‍ ഇട്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ആ ടീച്ചറുടെ ശരീരത്തില്‍ 18-19 വെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പിന്നീട് ആരോ പറഞ്ഞറിഞ്ഞു. 'ഗോപികേ നിന്‍ വിരല്‍ത്തുമ്പുരുമ്മി' പാട്ട് കേള്‍ക്കുമ്പോഴൊക്കെ ആ ടീച്ചറെപ്പറ്റി ഓര്‍ക്കാതെ, അവരെക്കുറിച്ച് സങ്കടപ്പെടാതെയിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഓരോ പാട്ടോര്‍മയിലും കയറിവന്ന ദുരന്തം
എന്റെ ജീവിതത്തിലെ എല്ലാത്തരം വിഷാദങ്ങളെയും ഞാന്‍ അടയാളപ്പെടുത്തിയിരുന്നത് ജോണ്‍സണ്‍മാഷുടെയും ഔസേപ്പച്ചന്റെയും പാട്ടുകള്‍കൊണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ എന്ന പാട്ട് ദാമ്പത്യത്തിന്റെ തകര്‍ച്ചയും ജീവിതത്തിന്റെ സുഖകരമല്ലാത്ത കലഹാവസ്ഥയും കലര്‍ന്ന് ഏകാകിയായിപ്പോയ വൈകുന്നേരങ്ങളില്‍ എഫ്.എം. റേഡിയോയില്‍നിന്ന് പതിവായി കേട്ടുകൊണ്ടിരുന്നു. ആ പാട്ട് കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ ഒരു അനാഥയെന്ന് തോന്നുമായിരുന്നു.
ജോണ്‍സണ്‍മാഷുടെ എനിക്ക് പ്രിയപ്പെട്ട എല്ലാ പാട്ടുകള്‍ക്ക് പുറകിലും കഥകളുണ്ടെന്ന്, മനുഷ്യരുണ്ടെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അറിയാനാകുന്നു. വിഷാദം അറംപറ്റിയ പാട്ടീണങ്ങളാണ് അദ്ദേഹത്തിന്റെത്. ഓരോ പാട്ടോര്‍മയിലും മനുഷ്യരും ദുരന്തവും കയറിവന്നുകൊണ്ടേയിരുന്നു. 'എന്റെ മണ്‍വീണയില്‍ കൂടണയാനൊരു' എന്ന പാട്ട് കേള്‍ക്കെ ഉള്ളില്‍ വിഷാദം നുരകുത്തി. ജീവന്‍ എന്ന എഴുത്തുകാരനായ സുഹൃത്തിനെപ്പറ്റിയോര്‍ത്തു. അവനേറ്റവും പ്രിയപ്പെട്ട ഗാനമായിരുന്നു അത്. കാലത്തിന്റെ വഴികളില്‍ അവന് നട്ടഭ്രാന്തായിമാറിയിരുന്നു. 'പൂവേണം പൂപ്പട വേണം' എന്ന പാട്ടിഷ്ടപ്പെട്ടിരുന്ന എന്റെ അനിയത്തി കീര്‍ത്തിമോള്‍ അപകടത്തില്‍ മരിച്ചുപോയിരുന്നു.
'രാജഹംസമേ' പാടിയിരുന്ന രമ്യയ്ക്ക് അവളുടെ പ്രേമം നഷ്ടപ്പെട്ടിരുന്നു. 'മെല്ലെ മെല്ലെ മുഖപടം തെല്ലുയര്‍ത്തി' എന്ന പാട്ടിന്റെ പെണ്ണായ അരുണയുടെ ജീവിതവും സങ്കടപ്പച്ച പൊടിച്ചതുതന്നെ... ഇനിയുമുണ്ട് ഓര്‍മയില്‍ തളിര്‍പൊട്ടിയ ആയിരം വിഷാദഗാനങ്ങള്‍. കണ്‍കലക്കുന്ന ആയിരം ജോണ്‍സണ്‍പാട്ടുകള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ജോണ്‍സണ്‍മാഷുടെ ജീവിതത്തിലും ആ വിഷാദം അറംപറ്റിയതായിക്കാണാം. മാഷും മകനും മകളും എല്ലാം മരണം തൊട്ടുതുടച്ചുനീക്കപ്പെട്ടവരെപ്പോലെ അപ്രത്യക്ഷമായ ഒരു അറം. ആ അറങ്ങളറിയാതെ കഠിനവിഷാദത്തിന്റെ പാട്ടുകള്‍ ഈണമിട്ടീണമിട്ട് ജീവിതവും മരണവും വിഷാദപ്പെരുങ്കടലായിമാറിയ ഒരാള്‍.
(പുനഃപ്രസിദ്ധീകരണം)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: remembering music director johnson master on his death day