2100 കോടിക്ക് നിർമിച്ച സിനിമ; ബോക്‌സോഫീസിൽ തകർന്നടിഞ്ഞു, ഫ്‌ളോപ്പ് ചിത്രമെന്ന ഗിന്നസ് റെക്കോഡും

ബോക്‌സോഫീസിൽ വമ്പൻ പരാജയമെന്ന പേരിൽ ഗിന്നസ് ബുക്കിൽ കയറുക. അതും ചില്ലറ നഷ്ടമൊന്നുമല്ല. കോടികളുടെ നഷ്ടമാണ് ഈ സിനിമയുടെ നിർമാതാക്കൾക്കുണ്ടായത്. പറഞ്ഞുവരുന്നത് 2012-ൽ റിലീസായ 'ജോൺ കാർട്ടർ' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ചാണ്. വലിയ ബജറ്റിൽ നിർമിക്കുന്ന സിനിമകൾ, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കഥയാണ് ഹോളിവുഡിന്റേത്. അവതാർ, ടൈറ്റാനിക്, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണമാണ്.
എന്നാൽ, 'ജോൺ കാർട്ടർ' ബോക്‌സോഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഒരു സയൻസ്-ഫിക്ഷൻ സിനിമയായിരുന്നുവിത്. എഡ്ഗാർ റൈസ് ബറോസിന്റെ 'എ പ്രിൻസസ് ഓഫ് മാർസ്' എന്ന നോവലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുണ്ടാക്കിയത്.
2100 കോടി രൂപയാണ് സിനിമയുടെ നിർമാണത്തിനായി ചെലവിട്ടത്. വാൾട്ട് ഡിസ്‌നി പിക്‌ചേഴസിന്റെ ബാനറിൽ ജിം മോറിസ്, കോളിൻ വിൽസൺ, ലിൻഡ്‌സെ കോളിൻസ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. സംവിധാനം ചെയ്തത് ആൻഡ്രൂ സ്റ്റാൻടണും.
സിനിമ ആഗോളതലത്തിൽ തിരിച്ചുപിടിച്ചത് 2457 കോടി രൂപയാണ്. അതിൽ 1826 കോടിയും വിദേശരാജ്യങ്ങളിൽനിന്നായിരുന്നു. അതായത് ആഭ്യന്തര ബോക്‌സോഫീസിൽനിന്ന് നേടിയത് 631 കോടി മാത്രം. ഗിന്നസ് വേൾഡ് റെക്കോഡ് പ്രകാരം 1393 കോടി രൂപയാണ് നിർമാതാക്കൾക്കുണ്ടായ നഷ്ടം.
കണക്കുകൾ പ്രകാരം നിർമാണച്ചെലവിനേക്കാൾ 357 കോടി രൂപ സിനിമ തിരിച്ചുപിടിച്ചു. പക്ഷേ, അതിന്റെ വലിയൊരു ഭാഗം തിയേറ്റർ ഉടമകൾക്കായിരുന്നു. അതിനൊപ്പം സിനിമയുടെ മാർക്കറ്റിങ്ങിനുവേണ്ടിയും വലിയൊരു തുക ചെലവാക്കി. അതോടെയാണ് മുടക്കിയ പണം പോലും തിരിച്ചുപിടിക്കാൻ നിർമാതാക്കൾക്ക് കഴിയാതെ പോയത്.
അങ്ങനെ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ട സിനിമയായി ഇത് ഗിന്നസ് റെക്കോഡിലിടം പിടിക്കുകയും ചെയ്തു.
1995-ൽ പുറത്തിറങ്ങിയ 'കട്ട്‌ത്രോട്ട് ഐലന്റ്' എന്ന സിനിമയുടെ റെക്കോഡാണ് 'ജോൺ കാർട്ടർ' തിരുത്തിയത്. ഒരുപാട് തവണ തിരക്കഥ തിരുത്തിയും കഥാപാത്രങ്ങളെ മാറ്റിയുമൊക്കെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കരോൾകോ പിക്‌ചേഴ്‌സാണ് സിനിമ നിർമിച്ചത്. ബോക്‌സോഫീസിൽ തകർന്നടിഞ്ഞതോടെ, കമ്പനി നിർമാണരംഗത്തുനിന്ന് എന്നെന്നേക്കുമായി പിൻവാങ്ങുകയും എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: John Carter holds the guinness world record for biggest box office loss, exceeding $1393 million