അമിത്ജിയെ 15 കൊല്ലം വിലക്കിയില്ലേ? അപ്പൊ അതോ? ചോദ്യവുമായി ജയ ബച്ചൻ

ജയ ബച്ചൻ | ANI
ജയ ബച്ചൻ | ANI

പാപ്പരാസികളുമായി ജയ ബച്ചന് അത്ര സ്വരച്ചേർച്ചയില്ല, പല വേദികളിലും അനുമതിയില്ലാതെ ഫോട്ടോയെടുക്കുന്നതിനടക്കം പാപ്പരാസികളും ജയയും തമ്മിൽ വാക്കേറ്റങ്ങളുണ്ടായിട്ടുണ്ട്. ഫോട്ടോഗ്രാഫർമാരെ ശാസിക്കുന്ന അവരുടെ വീഡിയോകൾ ഇടയ്ക്കിടെ വൈറലാവാറുമുണ്ട്. പാപ്പരാസികളുടെ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയും കുറിച്ച് അടുത്തിടെ ജയ നടത്തിയ പരാമർശങ്ങൾ വിവാദമാവുകയും ചെയ്തു. ഇത്തരം വിവാദങ്ങൾ പേരക്കുട്ടി അഗസ്ത്യ നന്ദയുടെ കരിയറിനെ ബാധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജയയിപ്പോൾ.

'വെറൈറ്റി ഇന്ത്യ'ക്ക് നൽകിയ അഭിമുഖത്തിൽ, പാപ്പരാസികളുമായുള്ള മോശം ബന്ധം അഗസ്ത്യയുടെ വളർന്നുവരുന്ന കരിയറിനെ ബാധിക്കുമെന്ന സിദ്ധാന്തം ജയ തള്ളി. "എന്റെ പേരക്കുട്ടിയുടെ വിധി മാറ്റാൻ ഭൂമിയിൽ ഒരു ശക്തിയുമില്ല. അഗസ്ത്യ താരമാകാൻ വിധിക്കപ്പെട്ടവനാണെങ്കിൽ ഒന്നിനും അതിനെ മാറ്റാനാവില്ല. അഗസ്ത്യക്ക് മാധ്യമങ്ങളുമായി തന്റേതായ ഒരു ബന്ധമുണ്ടാകും. അതിന് ഞാനുമായി ബന്ധമില്ല," അവർ പറഞ്ഞു.

അമിതാഭ് ബച്ചനെ പ്രസ്സ് വിലക്കിയ കാലഘട്ടത്തെക്കുറിച്ചും അവർ ഓർത്തെടുത്തു. "അദ്ദേഹത്തിന്റെ താരപദവിയുടെ ഉന്നതിയിൽ, അമിത്ജിയെ ഏകദേശം 15 വർഷത്തോളം പ്രസ്സ് വിലക്കിയിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിനെ എങ്ങനെയാണ് ബാധിച്ചത്?" അവർ ചോദിച്ചു. അമിതാഭ് ബച്ചന്റെയും ജയയുടെയും മകൾ ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ.

ഭാഗ്യവശാൽ, അഗസ്ത്യ വേഗത്തിൽ പഠിക്കുന്നയാളാണെന്നും ജയ പറഞ്ഞു. "അഗസ്ത്യയുടെ മാതാപിതാക്കൾ അഭിനേതാക്കളല്ല, അതിനാൽ അവൻ മാർഗ്ഗനിർദ്ദേശത്തിനായി മുത്തശ്ശിയെയും മുത്തശ്ശനെയും അമ്മാവനേയും ആശ്രയിക്കുന്നു. എന്നെ അറിയാമല്ലോ, ഞാൻ ആരെയും പ്രശംസിക്കില്ല, പ്രത്യേകിച്ച് എന്റെ സ്വന്തം കുട്ടികളെയോ പേരക്കുട്ടികളെയോ. പക്ഷേ അഗസ്ത്യ പ്രത്യേകതയുള്ളവനാണ്. ഞാൻ ഒരിക്കൽ ചെയ്തതുപോലെ, സ്വന്തം വഴി കണ്ടെത്താൻ ആ കുട്ടി ദൃഢനിശ്ചയത്തിലാണ്. എന്നെപ്പോലെ, അവൻ കൂട്ടത്തെ പിന്തുടരില്ല," മുമ്പത്തെ ഒരു അഭിമുഖത്തിൽ ജയ പറഞ്ഞു.

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനോടൊപ്പം നെറ്റ്ഫ്ലിക്സിന്റെ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് അഗസ്ത്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jaya Bachchan dismisses concerns that her public spats with paparazzi could harm grandson Agastya Nanda`s acting career. She recalls Amitabh Bachchan`s past ban.