ജാന്‍വിക്ക് ലംബോര്‍ഗിനി സമ്മാനിച്ച് അനന്യ ബിര്‍ള, പുതിയ സൗഹൃദത്തിനു പിന്നില്‍?

താരപുത്രി ജാന്‍വി കപൂറും ബിര്‍ള കുടുംബത്തിലെ ഇളമുറക്കാരിയായ അനന്യ ബിര്‍ളയും കൂട്ടുകാരികളാണ്. വളരെ നാളായുള്ള സൗഹൃദം ഇരുവരും ബിസിനസ് രംഗത്തേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജാന്‍വിക്ക് ആഡംബര കാറായ ലംബോര്‍ഗിനി സമ്മാനിച്ചുകൊണ്ട് അനന്യ ഒരുപടി കൂടി കടന്നിരിക്കുന്നു.
വ്യവസായി കുമാര്‍ മംഗലം ബിര്‍ളയുടെയും മാനസികാരോഗ്യരംഗത്തെ ആക്ടീവിസ്റ്റായ നീരജ ബിര്‍ളയുടെയും മകളാണ് അനന്യ ബിര്‍ള. കഴിഞ്ഞദിവസമാണ് അനന്യ ജാന്‍വിക്ക് വിലപിടിപ്പുള്ള ഈ സമ്മാനം കൊടുത്തുവിട്ടത്. ലൈലാക് നിറത്തിലുള്ള ഒരു ലംബോര്‍ഗിനി ജാന്‍വിയുടെ വീട്ടിലേക്ക് പോകുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു. കാറില്‍ അതില്‍ അതേ നിറത്തിലുള്ള ഒരു വലിയ സമ്മാനപ്പെട്ടിയും വെച്ചിരുന്നു. അതില്‍ 'സ്‌നേഹത്തോടെ, അനന്യ ബിര്‍ള, etc' എന്ന ടാഗുമുണ്ടായിരുന്നു.
അനന്യ ജാന്‍വിക്ക് സ്വപ്നതുല്യമായ ഈ വാഹനം സമ്മാനിച്ചതിനു പിന്നില്‍ വെറും സൗഹൃദം മാത്രമാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ജാന്‍വിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചുകൊണ്ട് അനന്യ ഉടന്‍ തന്നെ സ്വന്തമായി ഒരു പെര്‍ഫ്യൂം, മേക്കപ്പ് ബ്രാന്‍ഡ് ആരംഭിക്കാന്‍ പോകുന്നുവെന്നാണ് വിവരം. അതിനുള്ള നന്ദി സൂചകമാണ് ഈ സമ്മാനമെന്ന് പറയപ്പെടുന്നു. കാറിന് 4.99 കോടി രൂപ വിലമതിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാന്‍വി കപൂറിന്റെ ആഡംബര കാര്‍ ശേഖരത്തില്‍ ടൊയോട്ട ലെക്‌സസ്, മെഴ്സിഡസ് GLE250D, ബിഎംഡബ്ല്യു X5, മെഴ്സിഡസ് ബെന്‍സ് എ-ക്ലാസ് എന്നിവ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.
ശതകോടീശ്വരിയും പാട്ടുകാരിയും ഗാനരചയിതാവുമാണ് 31-കാരിയായ അനന്യ ബിര്‍ള. 17-ാം വയസ്സില്‍ ഗ്രാമീണ സ്ത്രീ സംരംഭകര്‍ക്ക് ധനസഹായവും സേവനവും നല്‍കുക ലക്ഷ്യമിട്ട് 'സ്വതന്ത്ര മൈക്രോഫിന്‍' എന്നപേരില്‍ മൈക്രോഫിനാന്‍സ് കമ്പനി തുടങ്ങി. ആദിത്യ ബിര്‍ള മാനേജ്‌മെന്റ് കോര്‍പറേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഇക്കഴിഞ്ഞ വർഷമാണ് സംഗീതത്തിൽനിന്ന് വിരമിക്കുകയാണെന്ന് അവർ അറിയിച്ചത്. ''ഇതൊരു വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാൻ പറ്റാത്തൊരു ഘട്ടത്തിലാണിപ്പോൾ. എന്റെ കഴിവും ഊർജവുമെല്ലാം ബിസിനസിൽ മാത്രം ഫോക്കസ് ചെയ്യേണ്ട സമയമാണിത്''. ഇൻസ്റ്റഗ്രാമിൽ അവർ കുറിച്ചു.
റൊമാന്റിക് കോമഡി ചിത്രമായ 'പരം സുന്ദരി'യാണ് ജാന്‍വിയുടെ വരാനിരിക്കുന്ന ചിത്രം. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന ചിത്രം ജൂലായ് 25-ന് റിലീസ് ചെയ്യും. 2021-ലിറങ്ങിയ 'മിമി' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിന്റെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
Content Highlights: janhvi kapoor gets lamborghini in gift from ananya birla