എവിടെപ്പോകുമ്പോഴും കൈയില്‍ ചെടികള്‍, ജാക്കി ഷ്‌റോഫ് എന്താണ് ഉദ്ദേശിക്കുന്നത്?

ചെടികളുമായി ഉലകം ചുറ്റുന്ന ഒരേയൊരു നടനായിരിക്കും ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്. സിനാമതാരങ്ങള്‍ അണിനിരക്കുന്ന അവാര്‍ഡ് നൈറ്റുകള്‍, വിവാഹാഘോഷങ്ങള്‍, സിനിമാ പ്രൊമോഷനുകള്‍ തുടങ്ങി ആളുകൂടുന്ന പരിപാടിയെന്താണെങ്കിലും ശരി, ജാക്കി വരുമ്പോള്‍ കൈയിലൊരു ചെടിയുണ്ടാകും. ലളിതമായ മണ്‍പാത്രത്തില്‍ നട്ടുവെച്ച സ്‌പൈഡര്‍ പ്ലാന്റാണ് മിക്കപ്പോഴും ജാക്കിയുടെ കൈവശം ഉണ്ടാവാറ്. ചിലപ്പോഴെല്ലാം ഓര്‍ക്കിഡുകളും മറ്റു ചെടികളും സ്ഥാനം പിടിക്കും. കുറച്ചു വര്‍ഷങ്ങളായി ജാക്കിയുടെ ഒരു മുഖമുദ്ര തന്നെയാണ് കൈയിലെ ചെടി.
താരങ്ങള്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ക്കും പൂക്കള്‍ക്കും മറ്റ് സമ്മാനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ജാക്കി കൈയില്‍ ചെടി കരുതാനാണ് എപ്പോഴും ശ്രദ്ധിക്കാറ്. അതിനൊരു കാരണവുമുണ്ട്. ഭൂമിയില്‍ ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചെറുപ്പം മുതലേ മനസ്സിലാക്കിയ വ്യക്തിയാണദ്ദേഹം. അതിനുവേണ്ടി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം മറ്റുള്ളവരെക്കൂടി ധരിപ്പിക്കുകയാണ് ഉദ്ദേശ്യം.
ചെറിയ ശ്രമങ്ങള്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ജാക്കി വിശ്വസിക്കുന്നത്. മരങ്ങള്‍ നടുന്നത് നമ്മുടെ ഡിഎന്‍എയില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറയാറുണ്ട്. അതുകൊണ്ട് എവിടെപ്പോകുമ്പോഴും ആതിഥേയന് നല്‍കാന്‍ ഒരു ചെടി കൊണ്ടുപോകുമത്രേ. 'ചിലര്‍ സമ്മാനമായി മറ്റെന്തെങ്കിലും കൊണ്ടുപോകുന്നു, ഞാന്‍ ചെടിയും. ഇന്ന്, എല്ലാവര്‍ക്കും എല്ലാം ഉണ്ട്, പക്ഷേ ഇത് കൂടുതല്‍ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമ്മാനമായി നല്‍കുന്ന ചെടികള്‍ നട്ടുപിടിപ്പിക്കണമെന്ന് പറയാറുണ്ട്. ചിലരത് ഓര്‍ക്കും, ചിലര്‍ മറക്കും.'-ജാക്കി പറയുന്നു.
സിനിമാതിരക്കുകളൊഴിയുമ്പോള്‍ തന്റെ ഫാംഹൗസിലാണ് അദ്ദേഹം സമയം ചെലവിടാറ്. 44,000 ചതുരശ്ര അടിയിലുള്ള ഫാമില്‍ 500-ലേറെത്തരം ചെടികളുണ്ട്. യാത്രകള്‍ ചെയ്യുമ്പോള്‍ കാറിലും അദ്ദേഹം ചെടികള്‍ സൂക്ഷിക്കും. കറുത്ത അരി ഉള്‍പ്പെടെ 21 തരം അരിവര്‍ഗങ്ങള്‍ സ്വന്തം നിലയില്‍ കൃഷിചെയ്യുന്നുണ്ട്. കുട്ടിക്കാലംതൊട്ട് ജാക്കിയില്‍ ചെടികളോടുള്ള താത്പര്യമുണ്ടായിരുന്നു. എവിടെച്ചെല്ലുമ്പോഴും പൂച്ചെടികളുടെയും പഴച്ചെടികളുടെയും വിത്തുകളും മറ്റും ശേഖരിക്കും. കൂടുതല്‍ കൂടുതല്‍ നടുകയും സമ്മാനമായി നല്‍കുകയും ചെയ്യും.
തന്റെ ആക്‌സസറികളിലും ജാക്കി ചെറിയ ചെടികള്‍ ഉള്‍പ്പെടുത്താറുണ്ട്. സ്‌പൈഡര്‍ പ്ലാന്റ് പെന്‍ഡന്റ് ആയിരുന്നു അതിലൊന്ന്. മകനും ബോളിവുഡ് താരവുമായ ടൈഗര്‍ ഷ്‌റോഫും സംരംഭകയായ മകള്‍ കൃഷ്ണ ഷ്‌റോഫും ഈ ദൗത്യത്തില്‍ തന്നോടൊപ്പമുണ്ടെന്നും ജാക്കി പറയുന്നു. അതൊന്നും പക്ഷേ, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമല്ലെന്നും. ടൈഗറും കൃഷ്ണയും ഒട്ടേറെ ചെടികള്‍ നട്ടിട്ടുണ്ടത്രേ.
Content Highlights: jackie shroff brings plants everywhere