'കോളേജുകാലത്ത് ദീപക് ദേവ്, തമ്മനം എന്നീ വാക്കുകള്‍ മാത്രമായിരുന്നു വായിക്കാനറിയുന്നത്'

#സൂരജ് സുകുമാരന്‍
ദീപക് ദേവ് / സിദ്ദീക്കുല്‍ അക്ബര്‍
ദീപക് ദേവ് / സിദ്ദീക്കുല്‍ അക്ബര്‍

തേവര എസ്.എച്ച്. കോളേജിലെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലേക്ക് ബിരുദപ്രവേശനത്തിനായി എത്തുമ്പോള്‍ ദീപക് ദേവ് എന്ന പതിനേഴുകാരന് പ്രതീക്ഷ കുറവായിരുന്നു. മാര്‍ക്ക് ലിസ്റ്റിലെ കൂട്ടിക്കിഴിക്കലുകളില്‍ പ്രവേശനം ഏറെക്കുറെ അസാധ്യം. സംഗീതത്തില്‍ താന്‍ തിളങ്ങുമെന്ന് ആ കൗമാരക്കാരന്‍, പ്രിന്‍സിപ്പലിന് ഉറപ്പുനല്‍കി. അടുത്തനിമിഷം പ്രിന്‍സിപ്പല്‍ ഒരു വെളുത്ത കടലാസ് അവന് നേരെ നീട്ടി. അതില്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ''കോളേജിനായി എഴുതിയ പ്രാര്‍ഥനാഗീതമാണ്. ഇതിന് നല്ല സംഗീതം ചെയ്താല്‍ അഡ്മിഷന്റെ കാര്യം പരിഗണിക്കാം...'' പ്രിന്‍സിപ്പലിന്റെ വെല്ലുവിളി ദീപക് ഏറ്റെടുത്തു. ജീവിതത്തില്‍ ആദ്യമായാണ് ഒരു പാട്ട് ചിട്ടപ്പെടുത്തുന്നത്. അതിന്റെ പിരിമുറുക്കങ്ങളൊന്നുമില്ലാതെ അവന്‍ വരികള്‍ക്ക് ഈണം നല്‍കി. അന്നുതൊട്ട് ഇന്നുവരെ ആ പ്രാര്‍ഥനാഗീതം കേട്ടാണ് തേവര കോളേജിലെ പ്രഭാതങ്ങള്‍ പുലരുന്നത്. 

തേവര കോളേജില്‍നിന്ന് തുടങ്ങിയ ആ ദേവസംഗീതം മലയാളസിനിമയില്‍ നിറഞ്ഞിട്ട് രണ്ട് ദശാബ്ദം പിന്നിടുകയാണ്. 'ക്രോണിക് ബാച്ച്ലര്‍' മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന 'എമ്പുരാന്‍' വരെ നീളുന്ന എണ്ണംപറഞ്ഞ സിനിമകള്‍. മലയാളി കേട്ടുകൊണ്ടേയിരിക്കുന്ന ജനപ്രിയഗാനങ്ങളുടെ നാഥന്‍, സംഗീതസംവിധായകന്‍ ദീപക് ദേവ്. കൊച്ചി നഗരഹൃദയത്തിലെ വീട്ടില്‍ സ്വീകരണമുറിയിലെ പിയാനോയില്‍ വിരലുകള്‍ പതിപ്പിച്ച് ആ സംഗീതയാത്രയുടെ കഥ പറഞ്ഞുതുടങ്ങി.

ഇരുപതുവര്‍ഷങ്ങള്‍, അമ്പതിലേറെ സിനിമകള്‍, ആഗ്രഹിച്ച ഉയരത്തിലേക്ക് എത്തിയോ? 
അപ്രതീക്ഷിതമായിരുന്നു ഈ യാത്രയുടെ തുടക്കം. സംഗീതസംവിധായകനാകണം എന്ന ആഗ്രഹവും സ്വപ്‌നവും കുട്ടിക്കാലം തൊട്ടേ മനസ്സില്‍ ഉണ്ടായിരുന്നു. അത് നടക്കില്ല എന്ന് വിചാരിച്ച് വിട്ടുപോയ എന്നെ നിമിത്തംപോലെ സംവിധായകന്‍ സിദ്ധിഖേട്ടന്‍ വിളിക്കുകയും സംഗീതസംവിധാനം ഏല്‍പ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ നിമിത്തമായിട്ടാണ് 'ക്രോണിക് ബാച്ച്ലര്‍' എന്ന സിനിമയെ കാണുന്നത്. അതുപോലെ പ്രതീക്ഷിക്കാത്ത സമയത്ത് പല നല്ല സിനിമകളും തേടിവന്നു. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ പലരുമായും നല്ല സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. അതെല്ലാം കരിയറില്‍ ഗുണംചെയ്തു. ജനങ്ങള്‍ക്ക് എന്നും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല പാട്ടുകള്‍ ചെയ്യാന്‍ സാധിച്ചതാണ് ഈ യാത്രയിലെ വലിയ നേട്ടം. 

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തുണയായതും സംഗീതമാണ്... 
തീര്‍ച്ചയായും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടത്തിലും സംഗീതം  പ്രതീക്ഷയുടെ വെളിച്ചം തെളിച്ചു. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്വന്തമായി ഒരു കീബോര്‍ഡ് വേണമെന്ന അതിയായ ആഗ്രഹമുണ്ടായി. ഒരു കടയില്‍ നല്ലൊരു  കീബോര്‍ഡ് കണ്ടുവയ്ക്കുകയും ചെയ്തു. പഠിത്തത്തിന്റെ കാര്യത്തില്‍ ഞാന്‍ ശരാശരി വിദ്യാര്‍ഥിയായിരുന്നു. അതിനാല്‍ കീബോര്‍ഡ് വാങ്ങിത്തരണം എന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറ്റൊരു ആവശ്യം മുന്നിലേക്ക് വെച്ചു. പത്താംക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസായാല്‍ വാങ്ങിത്തരാം. ഞാന്‍ നന്നായി പഠിച്ചു. ഫസ്റ്റ് ക്ലാസോടെ പാസായി. പക്ഷേ, കണ്ടുവെച്ച കീബോര്‍ഡും കടയും ഒരു തീപിടിത്തത്തില്‍ കത്തിനശിച്ചു. അതെന്നെ വിഷമത്തിലാക്കി. എന്നാല്‍ മാര്‍ക്കറ്റില്‍ അന്ന് ലഭിക്കുന്ന പുതിയ ടെക്നോളജിയോട് കൂടിയ കീബോര്‍ഡ് അച്ഛന്‍ എനിക്ക് സമ്മാനിച്ചു. ജീവിതത്തിലെ പുതിയ തുടക്കമായിരുന്നു അത്.

കോളേജ് ജീവിതത്തിനുശേഷം ചെന്നൈയിലേക്കും അതുവഴി സിനിമയിലേക്കും വഴി കാണിച്ചതാരാണ്? 
കോളേജില്‍ പഠിക്കുന്ന സമയം പല സ്റ്റുഡിയോകളില്‍ ആല്‍ബങ്ങള്‍ക്കും മറ്റും കീബോര്‍ഡ് വായിച്ചിരുന്നു. അന്നൊന്നും വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നില്ല. എന്നാല്‍ സ്വതന്ത്രമായി ജോലിചെയ്ത് തുടങ്ങിയപ്പോള്‍  ഒന്നും അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു. സംഗീതസംവിധായകനാകുക എന്ന ആഗ്രഹം നടക്കാതെ പോകുമോ എന്നുപോലും ഭയന്നു. 

സിദ്ധിഖേട്ടനാണ് ശരിയായ വഴി കാണിച്ചുതരുന്നത്. സിദ്ധിഖ്-ലാല്‍ ഷോയില്‍ ഞാന്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്നു. ഷോയുടെ ഇടവേളകളിലെല്ലാം ഞാന്‍ വെറുതേ ചെറിയ ട്യൂണുകള്‍ വായിച്ചു. അതെല്ലാം സിദ്ധിഖേട്ടന് ഇഷ്ടപ്പെട്ടു. ഷോ കഴിഞ്ഞശേഷം ഒരുപദേശം നല്‍കി, ''കൊച്ചിയില്‍ ഇരുന്ന് വായിച്ചാല്‍ എവിടെയും എത്തില്ല. സിനിമയും സംഗീതവും ചെന്നൈയിലാണ്. അവിടെ പോയി നല്ല സംഗീതസംവിധായകരുടെ കൂടെ ജോലി ചെയ്യണം. അവിടെനിന്ന് സ്വതന്ത്രമായി വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയാല്‍ തിരികെ കൊച്ചിയിലേക്ക് വരിക.'' ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ എത്തുന്നതും വിദ്യാസാഗര്‍ അടക്കമുള്ള പ്രഗല്ഭരുടെ കൂടെ പ്രവര്‍ത്തിക്കുന്നതും.

ഭാര്യ സ്മിത, മക്കള്‍ ദേവിക, പല്ലവി എന്നിവര്‍ക്കൊപ്പം ദീപക് ദേവ്

കൊച്ചിയിലേക്ക് സിദ്ധിഖ് തന്നെ തിരിച്ചുവിളിച്ചല്ലേ? 
അതെ, എന്നെക്കുറിച്ച് പലയിടത്തുനിന്നും നല്ല അഭിപ്രായം കേട്ടായിരുന്നു സിദ്ധിഖേട്ടന്റെ വിളി. അദ്ദേഹം കേട്ടതെല്ലാം ദീപക് ദേവ് എന്ന പേരായിരുന്നു. അദ്ദേഹം എന്നെ വിളിച്ചിരുന്നത് ദീപു എന്നായിരുന്നു. രണ്ടും ഒരാളാണെന്ന് നേരില്‍ കണ്ടുമുട്ടിയപ്പോഴാണ് മനസ്സിലായത്. ''ദീപു ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ സമയമായി'' എന്ന് പറഞ്ഞാണ് ക്രോണിക് ബാച്ച്ലര്‍ എന്ന സിനിമയിലേക്ക് സ്വാഗതം ചെയ്തത്. തുടക്കമാണല്ലോ. എനിക്ക് ടെന്‍ഷനായി. ഇതുകണ്ട അദ്ദേഹം പറഞ്ഞു: ''നീ ടെന്‍ഷനടിക്കേണ്ട. സിനിമയുടെ കഥ മുഴുവന്‍ ഞാന്‍ പിന്നെ പറഞ്ഞുതരാം. നീ ആദ്യം കുറച്ച് നല്ല പാട്ടുകള്‍ ഉണ്ടാക്ക്. ഒരു അടിപൊളി പാട്ട്, പ്രണയഗാനം, ഒരു വിഷാദഗാനം ഒക്കെ ഉണ്ടാക്ക്. അതെല്ലാം ഈ കഥയ്ക്ക് ചേരുമോ എന്ന് നോക്കട്ടെ.'' 

താരാട്ടുപാട്ടാണ് ആദ്യം ഉണ്ടാക്കിയത്. അതുകേട്ട അദ്ദേഹം പറഞ്ഞു: ''സിനിമയില്‍ എന്തായാലും താരാട്ടിനുള്ള സാധ്യതയില്ല, നീ പാട്ടിന്റെ വേഗം കൂട്ട്.'' മടിച്ചാണെങ്കിലും താരാട്ടിന്റെ വേഗം  കൂട്ടി. അപ്പോള്‍ ട്യൂണ്‍ മാറി മറ്റേതോ തലത്തിലേക്ക് പോയി. അദ്ദേഹം പറഞ്ഞു, ''ഇതാണ് എനിക്ക് വേണ്ടത്. ഇതാണ് നമ്മുടെ സിനിമയിലെ പ്രണയഗാനം.'' ആ പാട്ടാണ് സ്വയംവരചന്ദ്രികേ. 'ക്രോണിക് ബാച്ച്‌ലറി'ലെ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റായി. 

ക്രോണിക് ബാച്ച്‌ലര്‍, ഉദയനാണ് താരം, നരന്‍... ആദ്യ പ്രോജക്ടുകള്‍ തന്നെ സൂപ്പര്‍താരചിത്രങ്ങള്‍, അതൊരു അനുഗ്രഹമായോ? 
സിനിമയില്‍ എന്നും അന്ധവിശ്വാസങ്ങള്‍ ശക്തിയായി നിലനില്‍ക്കുന്നുണ്ട്. ഒരു സംഗീതസംവിധായകന്‍ ആദ്യം തന്നെ വലിയ സിനിമകള്‍ ചെയ്ത് അത് വിജയിച്ചില്ലെങ്കില്‍ രാശിയില്ലാത്ത ആളായി മുദ്രകുത്തപ്പെടും. അങ്ങനെയൊരു കാലത്താണ് മമ്മൂക്കയും ലാലേട്ടനുമൊക്കെ നായകനായ സിനിമകള്‍ക്ക് സംഗീതം ചെയ്തത്. 'ക്രോണിക് ബാച്ച്‌ലര്‍', 'ഉദയനാണ് താരം', 'നരന്‍' തുടങ്ങി ആദ്യം ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റായി. അതെന്റെ കരിയറില്‍ ഏറെ ഗുണംചെയ്തു. 

അഭിനേതാക്കളെക്കൊണ്ട് പാടിക്കുക എന്ന ട്രെന്‍ഡ് ദീപക് ദേവാണ് സാധാരണമാക്കിയത്... 
'പുതിയ മുഖ'ത്തിലൂടെ പൃഥ്വിരാജിനെയാണ് ആദ്യം പാടിച്ചത്. പൃഥ്വി നല്ലൊരു ഗായകനാണെന്ന് എനിക്ക് തോന്നിയതിനാലാണ്. 'പുതിയ മുഖം' എന്ന സിനിമയോടെയാണ് പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നതും. താരപദവിയിലേക്കുള്ള കാല്‍വയ്പ്പായതിനാല്‍ അഭിനയത്തിനൊപ്പം പാട്ടുകൂടി ഹിറ്റാക്കിയാല്‍ ഇരട്ടി ഇംപാക്ടുണ്ടാകുമെന്ന് തോന്നി. 'പുതിയമുഖ'ത്തിന്റെ കമ്പോസിങ് നടക്കുന്ന വേളയില്‍ 'പിച്ചവെച്ചനാള്‍' എന്ന പാട്ട് പൃഥ്വി വെറുതെ പാടി. അതെനിക്ക് ഇഷ്ടപ്പെട്ടു. ആ നിമിഷം പൃഥ്വിയോട് പാടിയാലോ എന്ന് ചോദിച്ചു. ആദ്യം മടിച്ചെങ്കിലും ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞു. പൃഥ്വിയുടെ ചേട്ടന്‍ ഇന്ദ്രജിത്ത് നല്ലൊരു ഗായകനാണ്. പൃഥ്വി പാടി മോശമായാല്‍ പ്രേക്ഷകര്‍ അത് മറ്റൊരുരീതിയിലെടുക്കും. പാടിയശേഷം ഇഷ്ടപ്പെട്ടാല്‍ മാത്രം മുന്നോട്ടുപോകാമെന്ന് ഉറപ്പുകൊടുത്തു. അങ്ങനെ പുതിയമുഖം... എന്നുതുടങ്ങുന്ന പാട്ട് പൃഥ്വി പാടി. ആ പാട്ട് സിനിമയുടെ വിജയത്തിലും അനുകൂലഘടകമായി. പിന്നീട് പലസിനിമകളിലും അഭിനേതാക്കള്‍ പാടുന്നത് സാധാരണമായി. 

കൈതപ്രം-ദീപക് ദേവ് കൂട്ടുകെട്ട് തൊട്ടതെല്ലാം ഹിറ്റാണ്...
ദുബായില്‍ ജനിച്ചുവളര്‍ന്നതിനാല്‍ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന പ്രതിസന്ധി ആദ്യകാലത്ത് ഞാന്‍ നേരിട്ടു. കോളേജുകാലത്ത് ദീപക് ദേവ്, തമ്മനം എന്നീ വാക്കുകള്‍ മാത്രമാണ് വായിക്കാനറിയുക. ഒന്ന് എന്റെ പേരും മറ്റേത് കോളേജില്‍നിന്ന് വീട്ടിലേക്കുപോകാനുള്ള ബസ്സിന്റെ ബോര്‍ഡും. ഗത്യന്തരമില്ലാതെയാണ് ആ വാക്കുകള്‍ പഠിച്ചത്. 

ആദ്യസിനിമതൊട്ട് തുടര്‍ച്ചയായി കൈതപ്രം തിരുമേനി(കൈതപ്രം ദാമോദരന്‍ നമ്പൂതിരി)യാണ് ഗാനരചയിതാവായി ഒപ്പമുണ്ടായിരുന്നത്. അദ്ദേഹം പറയുന്ന വരികള്‍ ഹിന്ദിയിലാണ് ഞാന്‍ എഴുതിയെടുത്തിരുന്നത്. അത് രണ്ടുപേര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, പിന്നീടുള്ള സിനിമകളിലേക്കെത്തിയപ്പോഴേക്കും മലയാളം പഠിച്ചു. ഞാനറിയാതെ അദ്ദേഹം എന്നെ മലയാളം പഠിപ്പിച്ചു എന്നുപറയുന്നതാകും ശരി. 

പൃഥ്വിരാജിനൊപ്പം ദീപക് ദേവ്‌

പൃഥ്വിരാജിന്റെ ഫസ്റ്റ് ചോയ്സ് ദീപക് ദേവാണ്. എന്താണ് കാരണം? 
പൃഥ്വി എന്റെ അടുത്ത് എപ്പോഴും പറയും:''ദീപൂ, നമ്മുടെ സൗഹൃദം വളരെ ശക്തമാണ്. എന്നാല്‍, അതുകൊണ്ടല്ല ഞാന്‍ നിങ്ങളെ സംഗീതം ചെയ്യാന്‍ വിളിക്കുന്നത്. മറിച്ച്, നിങ്ങളുടെ കഴിവുകൊണ്ടാണ്. അതുകൊണ്ട് ആ കഴിവ് ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ മികച്ചതാക്കുക.''  

പൃഥ്വി നായകനായതും നിര്‍മാതാവായതും സംവിധാനംചെയ്തതുമടക്കം ഏഴുസിനിമകളില്‍ പ്രവര്‍ത്തിച്ചു. പൃഥ്വി സംവിധാനംചെയ്ത്, ലാലേട്ടന്‍ നായകനാകുന്ന മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം 'എമ്പുരാന്റെ' കമ്പോസിങ്ങിലാണ് ഞാനിപ്പോള്‍. 'ലൂസിഫര്‍' പോലെ അതിലെ പാട്ടുകളും ഹിറ്റാകുമെന്നാണ് പ്രതീക്ഷ. 

'ഉറുമി' കരിയറില്‍ ഏറെ അംഗീകാരങ്ങള്‍ നേടിത്തന്ന സിനിമയാണ്, അതിലെ സംഗീതത്തെപ്പറ്റി? 
പൃഥ്വി നിര്‍മാതാവിന്റെ റോളില്‍ക്കൂടി വന്ന പടമായിരുന്നു 'ഉറുമി'. ''ഞാനാണ് ഈ സിനിമയുടെ നിര്‍മാതാവ്. അതിനാല്‍ ഒരുപൈസയും കിട്ടുന്നതായിരിക്കില്ല. അതുമാത്രമല്ല, നിര്‍മാണത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ കുറച്ച് പൈസ ഇടേണ്ടിയും വരും. അതാണവസ്ഥ...'' എന്നാണ് ആ പ്രോജക്ടിലേക്കു വിളിച്ചപ്പോള്‍ പൃഥ്വി തമാശയായി പറഞ്ഞത്. 'ഉറുമി'യില്‍ പൈസയായിരുന്നില്ല സൗഹൃദമായിരുന്നു പരിഗണന. 

'ഉറുമി'യുടെ സംവിധായകനായ സന്തോഷ് സാറിനെ (സന്തോഷ് ശിവന്‍) അതിനുമുന്‍പ് എനിക്ക് പരിചയമില്ലായിരുന്നു. അദ്ദേഹത്തോട് പൃഥ്വി എന്റെ കാര്യം പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞത്, ദീപക് 'ഉറുമി'ക്ക് അനുയോജ്യനല്ല എന്നാണ്. മണ്ണിന്റെ സംഗീതമാണ് വേണ്ടതെന്നും അത് ദീപക്കിന്റെ ഇതുവരെ ചെയ്ത പാട്ടുകളിലില്ല എന്നും സന്തോഷ്‌സാര്‍ പറഞ്ഞു. അവസരം നല്‍കിയാല്‍ ദീപക് മണ്ണിന്റെ മണമുള്ള പാട്ടുകളുണ്ടാക്കുമെന്ന് പൃഥ്വി തറപ്പിച്ചുപറഞ്ഞു. 

'ഉറുമി'യിലെ പ്രധാന വെല്ലുവിളി, പിരീഡ് സിനിമയായതിനാല്‍ കീബോര്‍ഡ്, ഡ്രം, ബേസ് ഗിറ്റാര്‍ ഒന്നും ഉപയോഗിക്കാന്‍ പറ്റില്ല എന്നതായിരുന്നു. കഥ നടക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍വെച്ചാകണം സംഗീതം. അതെനിക്ക് പുതിയൊരനുഭവമായിരുന്നു. ഷൂട്ടിന്റെ ഇടയിലാണ് ഞാന്‍ പാട്ടുകളെല്ലാം ചെയ്തുകൊടുക്കുന്നത്. ആരാന്നോ ആരാന്നോ എന്ന പാട്ട് ഷൂട്ടുചെയ്യുന്നതിനിടയില്‍ പൃഥ്വി എന്നെ വിളിച്ചു, ''പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. ഈ പടത്തിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴാണ് മനസ്സിലാകുന്നത്, ഇത്രനാളും നിങ്ങളുണ്ടാക്കിയതെല്ലാം വെറും വേസ്റ്റായിരുന്നെന്ന്. ഇതാണ് പാട്ടുകള്‍... നിങ്ങള്‍ ശരിക്കും മണ്ണിന്റെ സ്‌പെഷ്യലിസ്റ്റാണോ!'' എന്നൊക്കെ തമാശരൂപത്തില്‍ ചോദിച്ച് അഭിനന്ദിച്ചു. അത് ജീവിതത്തിലെ വലിയൊരു മൊമന്റായിരുന്നു. സംസ്ഥാനപുരസ്‌കാരമടക്കം ഒരുപിടി അംഗീകാരങ്ങളും 'ഉറുമി'യിലൂടെ തേടിയെത്തി.

പ്രതീക്ഷിച്ച ഗാനങ്ങള്‍ ഹിറ്റാകാതെപോകാറുണ്ട്. തിരിച്ചും സംഭവിക്കാറുണ്ട്... 
ഒരുപാട് അനുഭവങ്ങളുണ്ട്. ട്യൂണ്‍ നന്നായതുകൊണ്ട് പാട്ട് എപ്പോഴും ഹിറ്റാകണമെന്നില്ല. നേരേ തിരിച്ചും സംഭവിക്കും. അഞ്ചുമിനിറ്റുകൊണ്ടുണ്ടാക്കിയ പാട്ട് എക്കാലവും ആഘോഷിക്കപ്പെടുന്നതായി മാറിയിട്ടുണ്ട്. അതിന് മികച്ച ഉദാഹരണമാണ് 'നരനി'ലെ വേല്‍മുരുകാ ഹരോ ഹരാ എന്ന ഗാനം. 'നരനി'ലേക്ക് കാവടിപ്പാട്ട് കമ്പോസ് ചെയ്യാനായി തുടങ്ങുമ്പോള്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ അരികിലേക്ക് വന്നു: ''ദീപൂ, 'നരസിംഹ'ത്തില്‍ പഞ്ചാബി ഫ്‌ളേവറില്‍ ചെയ്ത ധാംകിണക്ക ധില്ലം ധില്ലം എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. പഞ്ചാബി മിക്‌സ് ലാല്‍സാറിന് ഭയങ്കര ലക്കായിവന്നിട്ടുണ്ട്. പറ്റുമെങ്കില്‍ ഈ പാട്ടും അങ്ങനെ ചെയ്യണം.'' കാവടിപ്പാട്ടില്‍ എങ്ങനെ പഞ്ചാബി കൊണ്ടുവരുമെന്ന് അറിയില്ല; എന്നാലും ശ്രമിക്കാം എന്ന് മറുപടിനല്‍കി. ശേഷം അഞ്ചുമിനിറ്റുകൊണ്ടിട്ട ട്യൂണാണ് നമ്മളിപ്പോള്‍ കേള്‍ക്കുന്നത്. എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു. അത് എക്കാലത്തെയും വലിയ ആഘോഷപ്പാട്ടായിമാറി. 

കുടുംബം...
ഭാര്യ സ്മിത അമേരിക്കയില്‍ ജോലിചെയ്യുകയാണ്. ദേവികയും പല്ലവിയും മക്കള്‍. ദേവിക സംഗീതത്തില്‍ ബിരുദം ചെയ്യുന്നു. പല്ലവി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.


 

Content Highlights: interview with music director deepak dev