ആ പാട്ട് കേട്ട് ഔസേപ്പച്ചന്‍ വിളിച്ചു, നേഹ-യാക്‌സണ്‍ നിങ്ങളല്ലേ എന്ന് ചോദിച്ചു....

നഗര കോലാഹലങ്ങളില്‍നിന്ന് മാറി കാക്കനാട്ടെത്തുമ്പോള്‍ കടമ്പ്രയാര്‍ കണ്ണിനെ ഒന്നു തലോടും. തീരത്ത് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളെ ഗൗനിക്കാതെ ആ ജലവാഹിനി മുന്നോട്ട് മെല്ലെ കുതിക്കും. ആ കുതിപ്പിനിടയില്‍ ഫ്‌ളാറ്റുകളിലൊന്നിന്റെ ബാല്‍ക്കണിയില്‍ നിന്നുയരുന്ന സംഗീതത്തിന് കടമ്പ്രയാര്‍ കാതോര്‍ക്കും. പാട്ടുകൊണ്ടും സംഗീതംകൊണ്ടും സിനിമയ്ക്ക് ജീവന്‍ നല്‍കുന്ന രണ്ടുപേര്‍, നേഹ നായരും യാക്‌സണ്‍ ഗാരി പെരേരയും. ഇവര്‍ സൃഷ്ടിക്കുന്ന മാന്ത്രിക സംഗീതത്തിന് മലയാളി കാതോര്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. 'ഇയ്യോബിന്റെ പുസ്തകം', 'മായാനദി', 'സുഡാനി ഫ്രം നൈജീരിയ', 'തമാശ', 'ആര്‍ക്കറിയാം', 'അഞ്ചു സുന്ദരികള്‍', 'ഡ്രൈവിങ് ലൈസന്‍സ്', 'മോമോ ഇന്‍ ദുബായ്'തുടങ്ങി പോയവര്‍ഷങ്ങളില്‍ ഇവര്‍ പാട്ടും പശ്ചാത്തലസംഗീതവുമൊരുക്കിയ ഹിറ്റ് സിനിമകളേറെ.
'ഈറന്‍ മേഘം', 'ഏതോ വാര്‍മുകിലിന്‍' തുടങ്ങിയ കവര്‍സോങ്ങുകളിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് പാടിക്കയറിയ നേഹ ആ ശബ്ദമാധുര്യം സിനിമകളിലും ആവര്‍ത്തിച്ചു. കടമ്പ്രയാറിന്റെ കരയില്‍ ആ ജലക്കാറ്റേറ്റ് ഒരുമിച്ച വൈകുന്നേരം അവര്‍ പറഞ്ഞ കഥകളില്‍ നിറഞ്ഞതും പാട്ട് മാത്രം.
ഇതുവരെയുള്ള യാത്രയിലെ സന്തോഷങ്ങള്‍?
നേഹ: ഇഷ്ടപ്പെടുന്ന കാര്യംചെയ്ത് ജീവിക്കാന്‍ പറ്റുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. സംഗീതസംവിധാനം ചെയ്യുകയെന്നതായിരുന്നു ഞങ്ങളുടെ താത്പര്യവും ലക്ഷ്യവും. പക്ഷേ, സിനിമയ്ക്കുവേണ്ടി സംഗീതം ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലേക്കെത്തിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. കുറെ അടിപൊളി ആള്‍ക്കാരെ പരിചയപ്പെട്ടു. അവരുമായി നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. 'ഇയ്യോബിന്റെ പുസ്തകം' എന്ന പുറത്തിറങ്ങിയ ആദ്യസിനിമയില്‍ത്തന്നെ സംസ്ഥാനപുരസ്‌കാരവും നേടി.
രണ്ടുപേരും സംഗീതവഴിയിലെത്തിയത് എങ്ങനെയാണ്?
യാക്‌സണ്‍: അഞ്ചാംക്ലാസ് വരെ ഞാന്‍ പഠിച്ചതും വളര്‍ന്നതും ദുബായിലാണ്. തിരുവനന്തപുരമാണ് സ്വദേശം. കുഞ്ഞുന്നാളിലേ പിയാനോ പഠിച്ചുതുടങ്ങിയിരുന്നു. പിതാവിന്റെ മരണശേഷം പന്ത്രണ്ടാം വയസ്സിലാണ് കുടുംബം നാട്ടിലേക്കു വരുന്നത്. അതിനുശേഷം പള്ളി ക്വയറിലൊക്കെ ട്രൂപ്പിനൊപ്പം പങ്കെടുത്ത് സംഗീതംതന്നെ കരിയറാക്കിത്തുടങ്ങി. പിന്നീട് തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളിലൊക്കെ സംഗീതപരിപാടികള്‍ ചെയ്യാന്‍തുടങ്ങി. ആ സമയത്താണ് റെക്‌സേട്ടനടക്കമുള്ള അവിയല്‍ ബാന്‍ഡുകാരെ പരിചയപ്പെടുന്നത്. അവരുടെകൂടെ പരിപാടികള്‍ക്ക് പോയിത്തുടങ്ങി. അതിനിടെ 'ഔട്ട് കാസ്റ്റ് ലോക്കല്‍സ്' എന്നൊരു പ്രോഗ്രാം ഒരു സ്വകാര്യചാനലിനുവേണ്ടി ചെയ്തിരുന്നു. അതില്‍വെച്ചാണ് നേഹയെ പരിചയപ്പെടുന്നത്.
നേഹ: ഞങ്ങള്‍ ഫാമിലിയായി മസ്‌കറ്റിലാണ് സെറ്റില്‍ചെയ്തിരിക്കുന്നത്. ആറാംവയസ്സുമുതല്‍ ഞാന്‍ ശാസ്ത്രീയസംഗീതപഠനം ആരംഭിച്ചു. അച്ഛന്റെ ആഗ്രഹമായിരുന്നു ഞാനൊരു പാട്ടുകാരിയാകണമെന്നത്. അദ്ദേഹത്തിന് പാട്ടുകാരനാകണം എന്നൊരാഗ്രഹം ചെറുപ്പകാലത്ത് ഉണ്ടായിരുന്നെങ്കിലും അത് സാധിക്കാനായില്ല. മത്സരങ്ങളിലൊക്കെ പങ്കെടുക്കുകയും വിജയിക്കുകയുംചെയ്തു. അതോടെ എല്ലാവരില്‍നിന്നും വലിയ പ്രോത്സാഹനം കിട്ടി. ഒമ്പതാം ക്ലാസ് തൊട്ട് ഹിന്ദുസ്ഥാനികൂടി പഠിച്ചുതുടങ്ങി. പിന്നെ ബിരുദപഠനത്തിന് നാട്ടിലേക്കു വന്നു. തിരുവനന്തപുരം വിമന്‍സ് കോളേജിലായിരുന്നു ബിരുദപഠനം. അവിടെവെച്ചാണ് ബാന്‍ഡുകളില്‍ സജീവമായി പാടാന്‍ ആരംഭിച്ചത്.
അവിയല്‍, വിദ്വാന്‍ തുടങ്ങിയ ബാന്‍ഡുകളിലൂടെയാണ് നിങ്ങള്‍ ജനപ്രിയരായത്. സിനിമയിലേക്കു വന്നത് എങ്ങനെയാണ്?
യാക്‌സണ്‍: ബാന്‍ഡില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സമയത്ത് ഞങ്ങള്‍ ക്കിടയില്‍ നല്ല സൗഹൃദം ഉടലെടുത്തു. രണ്ടുപേരും ചേര്‍ന്ന് ഒരു സംഗീത ആല്‍ബം ചെയ്യാനുള്ള പദ്ധതി ഉണ്ടായിരുന്നു. അതിനായി കുറെ ട്രാക്കുകള്‍ ഉണ്ടാക്കുകയുംചെയ്തു. പക്ഷേ, അതൊന്നും റിലീസ് ചെയ്തില്ല. അന്‍വര്‍ റഷീദാണ് ഞങ്ങളെ ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി സംഗീതംചെയ്യാന്‍ വിളിക്കുന്നത്. ആദ്യസിനിമ വര്‍ക്കൗട്ടായില്ല. അടുത്തൊരു പരിപാടി വരുമ്പോള്‍ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി ഒരുദിവസം അദ്ദേഹം വിളിച്ചു. 'അഞ്ചു സുന്ദരികള്‍' എന്ന ആന്തോളജിയില്‍ ഞാന്‍ ചെയ്യുന്ന സിനിമയ്ക്ക് നിങ്ങള്‍ സംഗീതം ചെയ്യണം' എന്ന് അദ്ദേഹം പറഞ്ഞു. വളരെ സന്തോഷത്തോടെ ഞങ്ങള്‍ അതേറ്റെടുത്തു. അതില്‍ അന്‍വര്‍ റഷീദിന്റെ സിനിമയുടെ ഷൂട്ട് തുടങ്ങാത്തതുകൊണ്ട് അഞ്ചുസിനിമകളില്‍, ആദ്യം തയ്യാറായ, ഷൈജു ഖാലിദിന്റെ 'സേതുലക്ഷ്മി' എന്ന സിനിമയുടെ സംഗീതമാണ് ഞങ്ങളാദ്യം ചെയ്തത്. പിന്നാലെ അന്‍വറിക്കയുടെ 'ആമി'ക്കും സംഗീതംചെയ്തു. 'സേതു'വിലെ 'മന്ദാരക്കാറ്റേ' എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
'അഞ്ചുസുന്ദരി'കളുടെ ഫൈനല്‍ മിക്‌സിങ് നടക്കുന്ന സമയത്താണ് അമല്‍ നീരദ് ഞങ്ങളെ 'ഇയ്യോബിന്റെ പുസ്തക'ത്തിന്റെ വര്‍ക്ക് ഏല്‍പ്പിക്കുന്നത്. അതൊരു വലിയ സിനിമയായിരുന്നു. പാട്ടുകളും ഓരോ കഥാപാത്രത്തിനുമുള്ള തീം മ്യൂസിക്കും എല്ലാം നിറഞ്ഞൊരു സിനിമ. വര്‍ക്ക് ചെയ്യാന്‍ നല്ല സമയവും കിട്ടി. സിനിമയുടെ ഷൂട്ടിനുമുന്‍പേതന്നെ ഞങ്ങള്‍ പാട്ടുകളെല്ലാം ചെയ്തുതീര്‍ത്തു. ലൈവ് ഓര്‍ക്കെസ്ട്ര റെക്കോഡുചെയ്തു. അതൊക്കെ പുതിയൊരനുഭവമായിരുന്നു. വിചാരിച്ചതിനെക്കാള്‍ നല്ല ഔട്ട്പുട്ട് വന്നു.
നേഹ: ലൈവ് ഷോകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമയില്‍ സ്വതന്ത്രസംഗീതം ചെയ്തുതുടങ്ങുന്നത്. അതില്‍ ആദ്യം പുറത്തിറങ്ങിയ സിനിമ 'ഇയ്യോബിന്റെ പുസ്തക'മായിരുന്നു. ആ സിനിമയ്ക്ക് സംസ്ഥാനപുരസ്‌കാരം തേടിയെത്തി. ആസമയത്ത് ഞങ്ങള്‍ വലിയ കണ്‍ഫ്യൂഷനിലായിരുന്നു, ബാന്‍ഡില്‍ത്തന്നെ തുടരണോ അതോ മുഴുവന്‍ സമയ സിനിമാസംഗീതസംവിധായകരാകണോ എന്ന്. രണ്ടുവര്‍ഷം ബാന്‍ഡില്‍ തുടര്‍ന്നു. അന്ന് ഞങ്ങള്‍ തിരുവനന്തപുരത്താണ്. സിനിമ വരുമ്പോള്‍ കൊച്ചിയിലേക്ക് വന്നുപോകുകയാണ് ചെയ്തിരുന്നത്. നാലുവര്‍ഷം മുന്‍പാണ് സിനിമയില്‍ത്തന്നെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാമെന്നു തീരുമാനിച്ച് മുഴുവന്‍സമയ കൊച്ചിക്കാരായി മാറുന്നത്.
നേഹ അതിനുമുന്‍പേ കവര്‍സോങ്ങുകളിലൂടെ യൂത്തിന്റെ ഹരമായി മാറിയിരുന്നല്ലോ...
നേഹ: അതിനുമുന്‍പുതന്നെ എന്റെ കവര്‍സോങ്ങുകളെല്ലാം വലിയ ഹിറ്റായിരുന്നു. കേരളത്തില്‍ ബാന്‍ഡുകള്‍ വീണ്ടും വലിയ തരംഗമായിമാറുന്ന കാലമായിരുന്നു അത്. അന്ന് കൈനിറയെ പരിപാടികളായിരുന്നു. കപ്പ ടി.വിയിലെ മ്യൂസിക് മോജോ പരിപാടി അന്ന് യുവാക്കള്‍ക്കിടയില്‍ ഹരമായിമാറി. അത് നല്ലൊരു പ്ലാറ്റ്ഫോമായിമാറി. ഓസ്ട്രേലിയയില്‍ നടന്ന വുഡ്ഫോഡ് ഫോക്ക് ഫെസ്റ്റിവലിലേക്ക് ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഞങ്ങളുടെ 'വിദ്വാന്‍' ബാന്‍ഡായിരുന്നു. ആറുദിവസത്തെ ഫെസ്റ്റിവല്‍ മികച്ച അനുഭവമായിരുന്നു. അതിനുശേഷം ഒരുപാട് പരിപാടികള്‍ക്കുള്ള അന്വേഷണങ്ങള്‍ വന്നു. ആസമയത്താണ് സിനിമയിലേക്കുള്ള എന്‍ട്രിയും സംഭവിച്ചത്. അതോടെ ഒന്നരവര്‍ഷത്തോളം സ്റ്റേജ് പ്രോഗ്രാമുകളില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. ഇപ്പോഴും പ്രധാന ഫോക്കസ് ബാന്‍ഡ് തന്നെയാണ്. സ്വതന്ത്രമായി മികച്ച പാട്ടുകളുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
ഇതുവരെ ചെയ്തവയില്‍ കൂടുതല്‍ അഭിനന്ദനങ്ങള്‍ കിട്ടിയത് ?
യാക്‌സണ്‍: 'ഇയ്യോബിന്റെ പുസ്തക'ത്തിനുതന്നെയാണ് കൂടുതല്‍ അഭിനന്ദനങ്ങള്‍ കിട്ടിയത്. 'കനകം കാമിനി കലഹം' ചെയ്തപ്പോള്‍ ഒരുപാടുപേര്‍ വിളിച്ചു. പാരീസിലുള്ള ഞങ്ങളുടെ സുഹൃത്തായ ഒരു സാക്‌സഫോണ്‍ ആര്‍ട്ടിസ്റ്റാണ് അതിനുള്ള തീം മ്യൂസിക് വായിച്ചുതന്നത്. മലയാളത്തില്‍ ഇതുവരെ വരാത്ത തരത്തിലുള്ള ഒരു വര്‍ക്കായിരുന്നു അത്. പിന്നെ 'ആര്‍ക്കറിയാം' എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിലെ 'ചിരമഭയമീ' എന്ന പാട്ടുകേട്ട് സംഗീതസംവിധായകനായ ഔസേപ്പച്ചന്‍ സാര്‍ വിളിച്ച് അഭിനന്ദിച്ചു. അതൊരു വലിയ അംഗീകാരമായിരുന്നു.
നിങ്ങള്‍ സംഗീതംചെയ്യുന്ന സിനിമകളില്‍ നേഹയുള്ളപ്പോള്‍ മറ്റൊരു ഗായിക?
നേഹ: ഇപ്പോള്‍ പുറത്തുനിന്നുള്ള ഗായികയെക്കൊണ്ട് പാടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പണ്ടൊക്കെ പാട്ട് റെഡിയായാല്‍ പലപ്പോഴും ഞാന്‍ തന്നെ ആദ്യ സ്‌ക്രാച്ച് പാടി സംവിധായകന് അയച്ചുകൊടുക്കും. ഷൂട്ടിങ് സമയത്ത് പലപ്പോഴും ആ സ്‌ക്രാച്ചായിരിക്കും ഉപയോഗിക്കുക. അത് ഒരുപാടുതവണ കേട്ടുകേട്ട് അവസാനം റെക്കോഡിങ് സമയത്ത് മറ്റൊരു ഗായികയുടെ പേര് പറയുമ്പോള്‍, സംവിധായകന്‍, നേഹതന്നെ പാടിയാല്‍ മതി എന്നുപറയും. ഇപ്പോള്‍ ഞങ്ങള്‍ ആ രീതി മാറ്റി സ്‌ക്രാച്ച് തന്നെ മറ്റൊരു ഗായികയെക്കൊണ്ട് പാടിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് 'ചിരമഭയമീ ഭവനം' എന്ന പാട്ട് ഹിന്ദുസ്ഥാനി പശ്ചാത്തലത്തില്‍ ചെയ്‌തൊരു പാട്ടാണ്. അത് മധുവന്തിയെക്കൊണ്ടാണ് പാടിച്ചത്. അവള്‍ ആ പാട്ടിനെ നമ്മള്‍ വിചാരിച്ചതിനെക്കാള്‍ ഉയരത്തിലെത്തിച്ചു. എപ്പോഴും മൂന്നാമതൊരാള്‍ പാടാന്‍ വരുന്നത് ഗുണംചെയ്യുമെന്നാണ് ഞങ്ങളുടെ അനുഭവം.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലക'മാണ് പുതിയ സിനിമ.
നേഹ പാടിയ പാട്ടുകളില്‍ നിങ്ങളുടെ ഫേവറിറ്റ്...?
യാക്‌സണ്‍: അഞ്ചു സുന്ദരികളിലെ 'മന്ദാരക്കാറ്റേ', ഇയ്യോബിലെ 'മാനേ മാനേ' എന്നിവ വളരെ ഇഷ്ടമാണ്. ഒന്നില്‍ ഒരു കുട്ടിവോയ്സാണെങ്കില്‍ മറ്റേതില്‍ ഒരു ഫോക്ക് റോ വോയ്സാണ്.
നേഹ: ഇത്രയും പാട്ടുപാടിയിട്ട് ഈ രണ്ടെണ്ണം മാത്രമേ ഇഷ്ടപ്പെട്ടതുള്ളൂ... (ചിരിക്കുന്നു)
യാക്‌സണ്‍: അങ്ങനെയല്ല, ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്...
നേഹ: എന്റെ ഫേവറിറ്റ് 'കുറുപ്പി'ലെ 'പകലിരവുകളാം', 'മായാനദി'യിലെ 'ഉയിരിന്‍ നദിയേ' എന്നീ പാട്ടുകളാണ്. 'ഈറന്‍ മേഘ'വും, 'ഏതോ വാര്‍മുകിലു'മാണ് കവര്‍സോങ്ങുകളില്‍ ഏറെ ആരാധകരുള്ളത്.
Content Highlights: interview with music director and singer duo neha nair and yakson