ഗര്‍ഭകാലം ഒന്നിന്റെയും അവസാനമല്ല, അതൊരു തുടര്‍ച്ചയാണ്: അമല പോള്‍

ചിത്രങ്ങള്‍: സിദ്ദീക്കുല്‍ അക്ബര്‍
ചിത്രങ്ങള്‍: സിദ്ദീക്കുല്‍ അക്ബര്‍

കറുത്ത ഗൗണില്‍ അമല അരികിലെത്തുമ്പോള്‍ ആ മുഖത്ത് നിലാവുപോലൊരു സന്തോഷം പൊഴിഞ്ഞുകൊണ്ടേയിരുന്നു. സംസാരത്തിനിടയില്‍ പലപ്പോഴും കൈ വയറിനുമേല്‍ പൊന്നോമനയെ ലാളിക്കാനെന്നവണ്ണം തഴുകുമ്പോഴും അമലയുടെ മുഖത്ത് അതേ നിലാവെട്ടം. ''പൂര്‍ണചന്ദ്രനെ കാണുമ്പോള്‍ എനിക്ക് വല്ലാത്തൊരു എനര്‍ജി ഫീല്‍ ചെയ്യും. ചന്ദ്രന്‍ ചെറുതായിവരുമ്പോള്‍ എനിക്കും വെറുതേയിരിക്കാന്‍ തോന്നും.'' സംസാരത്തിനിടയില്‍ പറഞ്ഞ വാക്കുകളിലും തെളിഞ്ഞത് അമലയുടെ നിലാസ്നേഹംതന്നെ. 

മലയാളത്തിന്റെ അഭിമാന സിനിമകളിലൊന്നായ 'ആടുജീവിത'ത്തിലെ നജീബിന്റെ ഭാര്യയായ സൈനുവിന്റെ വേഷത്തിലാണ് നാം അമലയെ ഈ അടുത്ത് കണ്ടത്. സിനിമയുടെയും ജീവിതത്തിന്റെയും വിശേഷങ്ങള്‍ പങ്കിട്ട് അല്പനേരം അരികിലിരുന്നപ്പോള്‍ കാതോരമെത്തിയതെല്ലാം ഒരു മൂണ്‍ഗേളിന്റെ വര്‍ത്തമാനങ്ങളായിരുന്നു.

ചിരി വീണ്ടെടുത്ത നേരം
മുഖത്ത് മായാതെയുള്ള ചിരിപ്പൂക്കള്‍ കണ്ടപ്പോള്‍ അതിനെപ്പറ്റിത്തന്നെയാണ് അമലയോട് ആദ്യം ചോദിക്കാന്‍ തോന്നിയത്. കേള്‍ക്കാന്‍ ഏറെ കൊതിച്ച ചോദ്യംപോലെ ചിരിയോടെത്തന്നെയായിരുന്നു അമലയുടെ മറുപടി. ''ചിരിക്കാന്‍ കഴിയാത്തതാണ് ഒരു മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സങ്കടമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിരിക്കാന്‍ കഴിയാതിരുന്ന ഒരു കാലത്തിലൂടെ കടന്നുപോയ ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ സന്തോഷത്തിന്റെ വില എന്താണെന്ന് എനിക്ക് കൃത്യമായിട്ടറിയാം. മനസ്സുതുറന്ന് ചിരിച്ച് സന്തോഷമായി ഒരുദിനം കടന്നുപോകുന്നതാണ് നല്ല ജീവിതത്തിന്റെ അടയാളം. അത് നഷ്ടപ്പെട്ട കാലത്തിലൂടെ സഞ്ചരിച്ച ഒരാളെന്ന നിലയില്‍ എനിക്ക് അക്കാര്യം നന്നായിട്ടറിയാം. ചിരി വീണ്ടെടുക്കാന്‍ കഴിയുമ്പോള്‍ ഞാന്‍ എന്റെ ജീവിതംതന്നെയാണ് വീണ്ടെടുത്തത്. എന്റെ സന്തോഷകാലത്തില്‍ കൂടെയുണ്ടായിരുന്ന പലരും ചിരിമാഞ്ഞ നേരത്ത് എന്നില്‍നിന്ന് അകന്നുപോയിരുന്നു. ഇപ്പോള്‍ ചിരി വീണ്ടെടുത്ത സമയത്ത് ഞാന്‍ എനിക്ക് ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളും വീണ്ടെടുക്കുന്നുണ്ട്.'' അമല ചിരിയുടെ കഥ പറഞ്ഞു.

അമല പോളും ജഗത് ദേശായിയും / Instagram:amalapaul

പ്രശംസിക്കാന്‍ മറന്ന നേരം
കടന്നുവന്ന വഴികളിലേക്ക് ഒരു പിന്‍സഞ്ചാരം നടത്തിയാലോ? ചോദ്യം അതായപ്പോള്‍ അമലയുടെ മുഖത്ത് ഏതൊക്കെയോ ഓര്‍മകള്‍ കൂടുകൂട്ടുന്നതുപോലെ തോന്നി. ''സിനിമയില്‍ വന്ന കാലത്ത് ഞാന്‍ ചിന്തിച്ചതുപോലെയായിരുന്നില്ല പിന്നീടുള്ള ജീവിതം. ഒഴുക്കിനൊത്ത് കുറെക്കാലം സഞ്ചരിച്ചതുപോലെ തോന്നി. ഈ ഓട്ടത്തിനിടയില്‍ ഞാന്‍ എന്നെത്തന്നെ പ്രശംസിക്കാന്‍ എവിടെയൊക്കെയോ മറന്നുപോയിരുന്നു. ഒന്നുകഴിഞ്ഞപ്പോള്‍ ഒന്ന്, അതുകഴിഞ്ഞ് മറ്റൊന്ന് എന്ന ഓട്ടത്തില്‍ ഫോക്കസ് ചെയ്തപ്പോള്‍ അത് ഞാന്‍ എന്‍ജോയ് ചെയ്തിരുന്നോയെന്ന അന്വേഷണം നടന്നിരുന്നില്ല. ഇപ്പോള്‍ എനിക്ക് കൃത്യമായ ഒരു സ്‌പേസ് കിട്ടിയപ്പോള്‍ ഞാന്‍ എന്നെത്തന്നെ പ്രശംസിക്കാന്‍ നേരംകണ്ടെത്തുകയാണ്. ഇനിയങ്ങോട്ട് ഒരു ഭ്രാന്തമായ ഓട്ടത്തിന് ഞാന്‍ തയ്യാറല്ല. ഇപ്പോള്‍ ഞാന്‍ സ്വയം ആസ്വദിക്കാനും സന്തോഷിക്കാനും തയ്യാറുള്ള ഒരു സ്ത്രീയാണ്. അങ്ങനെ ഒരാള്‍ സ്വയം തിരിച്ചറിഞ്ഞ് മാറുന്നതാണ് അയാളുടെ ജീവിതം മനോഹരമാക്കുന്നത്. ഞാന്‍ ഇപ്പോള്‍ മനോഹരമായ ഒരു ജീവിതത്തിലാണ്.'' അമലയുടെ വാക്കുകളില്‍ സന്തോഷം നിറയുന്നു.

ഞാന്‍ എന്നെ പ്രണയിക്കുന്നു
'ഞാന്‍ ഇപ്പോള്‍ പ്രണയിക്കുന്നത് എന്നെ മാത്രമാണ്...' കുറച്ചുനാള്‍ മുന്‍പ് അമല കുറിച്ച വരികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ മിഴികള്‍ കൂടുതല്‍ വിടര്‍ന്നു. 
''തീര്‍ച്ചയായും മനസ്സില്‍ തട്ടി എഴുതിയ വരികളാണത്. ഇത്രയും കാലം ഓടിയത് ഞാന്‍ തന്നെയല്ലേ എന്ന് ചിന്തിച്ചപ്പോള്‍ തോന്നിയ വരികള്‍. എന്റെ കാലുകള്‍, എന്റെ മുഖം, എന്റെ ശരീരം ഇതൊന്നും നോക്കാതെ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച കുറേ കാലം. കഥാപാത്രങ്ങള്‍ക്കായി ഞാന്‍ എന്നെത്തന്നെ വിട്ടുകൊടുത്തപ്പോള്‍ നഷ്ടപ്പെട്ടുപോയ കുറേ കാര്യങ്ങളുണ്ട്. മാനസികമായും ശാരീരികമായും ഞാന്‍ തകര്‍ന്ന കുറേ ദിനങ്ങളുണ്ടായിരുന്നു. എന്റെ ചിരി നഷ്ടപ്പെട്ട് ഞാന്‍ ഇരുട്ടില്‍ വീണുപോയ ദിനങ്ങള്‍. 

ഞാന്‍ നിസ്സഹായയായി നിന്ന കുറേ നാളുകളുണ്ടായിരുന്നു. എന്നെ സഹായിക്കാനും ഞാന്‍ പ്രതീക്ഷിച്ച ആരുമുണ്ടായിരുന്നില്ല. സഹായിക്കുമെന്ന് വിചാരിച്ചിരുന്നവരൊക്കെ ആ സമയത്ത് എന്നെ വിട്ടുപോയി. ആ സമയത്ത് വളരെ സത്യമായ ഒരു കാര്യം ഞാന്‍ പഠിച്ചു. സന്തോഷത്തില്‍ നമ്മുടെ കൂടെയുള്ള പലരും സങ്കടസമയത്ത് നമ്മുടെ കൂടെയുണ്ടാകണമെന്നില്ല. ആ സമയത്ത് ഞാന്‍ ദൈവത്തോട് ചോദിച്ചിട്ടുണ്ട്, ദൈവമേ എനിക്കിനി ചിരിക്കാന്‍ പറ്റുമോ, എനിക്കിനി സന്തോഷം തിരികെ കിട്ടുമോ എന്നൊക്കെ. അങ്ങനെയാണ് ഞാന്‍ എന്നെത്തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചത്. കാരണം എനിക്ക് എന്റെ സങ്കടങ്ങളില്‍നിന്ന് പുറത്തുവരണമെങ്കില്‍ ഞാന്‍ തന്നെ വിചാരിക്കണം. മറ്റാര്‍ക്കും എന്നെ സഹായിക്കാന്‍ കഴിയില്ല. മറ്റാരെങ്കിലും എന്നെ സഹായിക്കുമെന്ന് വിചാരിച്ചിരുന്നാല്‍ അത്രത്തോളം ഞാന്‍ താഴേക്ക് പോകുമെന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ ഞാന്‍ എന്നെത്തന്നെ പ്രണയിക്കുകയല്ലാതെ മറ്റൊരു ശരിയായ വഴിയില്ല.'' അമല പിന്നിട്ട വഴികളിലൂടെ സഞ്ചരിച്ചു.

Instagram:amalapaul

നിറമുള്ള സ്വപ്നങ്ങള്‍
മാനസികമായും ശാരീരികമായും തകര്‍ന്ന നാളുകളെ അതിജീവിച്ച ഒരു അമലയെയാണ് അടുത്ത ദൃശ്യത്തില്‍ തെളിയുന്നത്. ആ കഥ അമലയുടെതന്നെ വാക്കുകളില്‍ കേള്‍ക്കാം.
''സിനിമയിലെത്തിയ സമയത്ത് ഞാന്‍ ഭയങ്കര വര്‍ക്കൗട്ട് ബോധത്തിലുള്ള ഒരാളായിരുന്നു. ഡയറ്റും മറ്റും ശ്രദ്ധിക്കുന്നതില്‍ എനിക്ക് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. എന്നാല്‍, റെസ്റ്റില്ലാത്ത വര്‍ക്കിനിടയിലും എനിക്ക് ഉദ്ദേശിച്ച റിസല്‍ട്ടില്ലാതെപോയി. അതിനിടയിലാണ് അതുവരെയുണ്ടായിരുന്ന എന്നില്‍നിന്ന് വ്യത്യസ്തമായ ഒരാളെ ഞാന്‍ തിരഞ്ഞത്. ഞാനതുവരെ എന്തൊക്കെയാണോ നിയന്ത്രിച്ചുനിര്‍ത്തിയിരുന്നത് അതിനെയെല്ലാം പുല്‍കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. വൈല്‍ഡ് ജേണിയിലേക്ക് ഞാനാണ്ടുപോയത് അങ്ങനെയാണ്. ആ യാത്രയില്‍ ഞാനെന്റെ സന്തോഷങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. ഞാനെന്നെത്തന്നെ എന്റെ ബെസ്റ്റ് ഫ്രണ്ടായി തീരുമാനിച്ചു. ആ നേരത്ത് എന്റെ ചര്‍മം പ്രകാശമാനമായി തെളിയാന്‍ തുടങ്ങി. എന്റെ ചിന്തകളും സ്വപ്നങ്ങളുമൊക്കെ മുന്‍പെങ്ങുമില്ലാത്തവിധം നിറമുള്ളതും പ്രകാശമുള്ളതുമായി.''സംസാരിക്കുമ്പോള്‍ അമലയുടെ മുഖത്തും ആ പ്രകാശം കാണാമായിരുന്നു.

തായ്‌ലാന്‍ഡിലെ ചിരി
ജീവിതത്തിലെ ഏറ്റവും നിറമുള്ള നിമിഷങ്ങള്‍ തിരികെപ്പിടിക്കാന്‍ അമലയെ സഹായിച്ചത് എന്താണെന്ന് ചോദിച്ചാല്‍ ഉടനെയെത്തുന്ന ഉത്തരമുണ്ട്, യാത്ര. ''ഒരിക്കല്‍ തായ്‌ലാന്‍ഡിലേക്കുള്ള സോളോയാത്ര എനിക്ക് സമ്മാനിച്ച അനുഭവം അപാരമായിരുന്നു. ഒരുദിവസം തായ്‌ലാന്‍ഡിലെ തെരുവിലൂടെ ഞാന്‍ ഒറ്റയ്ക്ക് ബൈക്കോടിച്ചുപോകുമ്പോള്‍ എന്റെ മുഖത്ത് അറിയാതെ ഒരു ചിരി വിടര്‍ന്നു. ആ സമയത്ത് ഞാന്‍ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്; ദൈവമേ, എനിക്കിതാ എന്റെ ചിരി തിരികെ കിട്ടുന്നു! ആ സമയത്ത് ഞാന്‍ മനസ്സിലുറപ്പിച്ച ഒരു കാര്യമുണ്ട്; ഈ ചിരിയും സന്തോഷവും ഇനി ഞാന്‍ നഷ്ടപ്പെടുത്തില്ല. ഞാന്‍ പൂര്‍ണമായും സിംഗിളായ സമയമായിരുന്നു അത്. റിലേഷന്‍ഷിപ്പോ സിനിമയോ ഒന്നുമില്ലാതെ ഞാന്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഞാനാരായിമാറുന്നുവെന്ന തിരിച്ചറിവായിരുന്നു ആ യാത്ര. ഒരു സ്ത്രീയെന്നനിലയിലും ഒരു മനുഷ്യനെന്നനിലയിലും എനിക്ക് എന്നെത്തന്നെ തിരുത്താനും പുതുതായി വരയ്ക്കാനും സാധിച്ച നിമിഷങ്ങളായിരുന്നു അതെല്ലാം. ചിരി തിരികെ കിട്ടിയ മനുഷ്യന്‍ ഈ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള കാഴ്ചകളിലൊന്നാകില്ലേ!''

ജഗത്തിനെ കണ്ട നേരം
ജഗത് എന്ന പങ്കാളി ജീവിതത്തിലേക്ക് കടന്നുവന്നതാണ് ഇപ്പോഴത്തെ അമലയുടെ സന്തോഷത്തിന്റെ അടയാളങ്ങളിലൊന്നായി അമല വരച്ചിടുന്നത്. ''ജഗത് എന്നെ പൂര്‍ണമായും മനസ്സിലാക്കിയ ഒരാളാണ്. എന്റെ പാര്‍ട്ണര്‍ എന്നെ എങ്ങനെ സ്നേഹിക്കണമെന്ന് ഞാന്‍ കാണിച്ചുകൊടുക്കേണ്ടത്, ഞാന്‍ എന്നെത്തന്നെ സ്നേഹിച്ചാണ്. ജഗത് മൂന്നുവര്‍ഷത്തിലേറെ സോളോയാത്ര ചെയ്ത് സ്വയം സ്നേഹിക്കുകയും അതിന്റെ സന്തോഷം കണ്ടെത്തുകയും ചെയ്തയാളാണ്. മൂന്നാലുവര്‍ഷംമുന്‍പ് കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയ ഒരാളാണ് ഞാന്‍. അപ്പോഴത്തെ എന്റെ തീരുമാനങ്ങളെല്ലാം പലരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ജഗത്തിനെ കണ്ടുമുട്ടിയതും പങ്കാളിയാക്കാന്‍ തീരുമാനിച്ചതും എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യങ്ങളായിരുന്നു. ഞാനിപ്പോള്‍ ഏറെ സുരക്ഷിതയായിത്തോന്നുന്നു. എനിക്കിതിന് മുന്‍പും റിലേഷന്‍ഷിപ്പുണ്ടായിരുന്നു. പക്ഷേ, അതൊന്നും വര്‍ക്കൗട്ടായില്ല. ജഗത്തിന്റെ കൂടെ അത് വര്‍ക്കൗട്ടാകുന്നുവെന്നതാണ് ഏറ്റവും വലിയ സന്തോഷവും സൗഭാഗ്യവും.'' അമല പ്രിയപ്പെട്ടവനെ കണ്ടെത്തിയ കഥ പറഞ്ഞു.

അമ്മയും എന്റെ കുഞ്ഞും
സംസാരത്തിനിടയില്‍ ഇടയ്ക്ക് ആ വയറില്‍ തഴുകുന്നത് ശ്രദ്ധിച്ചപ്പോഴാണ് ആ സ്വപ്നത്തെപ്പറ്റി ചോദിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാത്തിരിപ്പിലാകുമ്പോള്‍ അതിന്റെ ത്രില്ലും അമലയുടെ മുഖത്തുണ്ടായിരുന്നു. ''എന്റെ ജീവിതം തിരികെ ലഭിക്കുമ്പോള്‍ അതിന് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്. ഒരു കുഞ്ഞിനെപ്പോലെയാണ് എന്റെ മമ്മി എന്നെ എക്കാലത്തും സ്നേഹിച്ചത്. ഞാന്‍ കുഞ്ഞായിരിക്കുമ്പോഴും ഇപ്പോള്‍ ഈ പ്രായത്തിലെത്തുമ്പോഴും മമ്മിയുടെ സ്നേഹവും കരുതലും ഒരുപോലെയാണ്. എന്റെയും ജഗത്തിന്റെയും ജീവിതത്തിലേക്ക് ഒരു അതിഥി വരുന്നതിന്റെ ത്രില്ലിലാണ് ഞങ്ങള്‍. ഞാന്‍ എന്താണെന്ന് മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നയാളാണ് ജഗത്. എന്റെ മമ്മിയെപ്പോലെ ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരുമ്പോഴാണ് എന്റെ പ്രണയത്തിനും സ്നേഹത്തിനും അര്‍ഥമുണ്ടാകുന്നത്. 

ഞങ്ങളുടെ സ്നേഹത്തിന്റെ സമ്മാനംപോലെയാണ് ഒരു കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വരാനൊരുങ്ങുന്നത്. ഗര്‍ഭിണിയായശേഷം ആദ്യത്തെ മൂന്നുമാസം പൂര്‍ണവിശ്രമമായിരുന്നു. ചിലപ്പോള്‍ എന്റെ വീട്ടിലെ ഇഷ്ടമുള്ള ചിലയിടങ്ങളില്‍ വെറുതേ പോയിരിക്കും. ആ നേരത്ത് പലപ്പോഴും കൈയില്‍ ഒരു പുസ്തകമുണ്ടാകും. ഗര്‍ഭകാലം ഒന്നിന്റെയും അവസാനമല്ല, അതൊരു തുടര്‍ച്ചയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ഈ ഗര്‍ഭകാലത്തിലൂടെ കടന്നുപോകണമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് വളരെ സന്തോഷകരവും മനോഹരവുമായ ഒരു അനുഭവമാണ്...'' 
സംസാരം നിര്‍ത്തി അമല അല്പനേരം പുഞ്ചിരിതൂകിയിരുന്നപ്പോള്‍ അമല കുറിച്ച ആ വാക്കുകള്‍ വീണ്ടും ഓര്‍ത്തുപോയി, ''നിനക്കൊപ്പം ഇപ്പോള്‍ എനിക്കുമറിയാം, വണ്‍ പ്ലസ് വണ്‍ = ത്രീ...'' 

Content Highlights: interview with actress amala paul