'ഞാന്‍ വീഴ് വേന്‍ എന്‍ട്രു നെനത്തായോ', വിമര്‍ശിച്ചവരെ കൊണ്ട് കൈയടിപ്പിക്കുന്ന ആസിഫ് അലി

''ഞാന്‍ വീഴ് വേന്‍ എന്‍ട്രു നെനത്തായോ''.. 'പേട്ട' സിനിമയില്‍ വീണിടത്ത് നിന്ന് ചെറുചിരിയോടെ രജനീകാന്ത് തിരികെ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ നാം അറിയാതെ കൈയടിച്ചുപോകുന്നുണ്ട്, അതുപോലെയാണ് 2024ല്‍ ആസിഫ് അലിയുടെ വിജയസിനിമകള്‍ക്ക് മലയാളി ഒന്നടങ്കം കൈയടിച്ചത്. 2023-ല്‍ ചില സിനിമകള്‍ വേണ്ടത്ര വിജയം നേടാതെ പോയപ്പോള്‍ ആസിഫ് അലി വീണുപോയെന്ന് ചില നിരൂപകര്‍ വിധിയെഴുതി, അവര്‍ക്കുള്ള മറുപടിയായിരുന്നു 'തലവനും' 'കിഷ്‌കിന്ധാകാണ്ഡ'വും പോലുള്ള സൂപ്പര്‍ഹിറ്റുകള്‍.
കളിയാക്കിയ നിരൂപകരെ കൊണ്ട് ആസിഫ് കൈയടിപ്പിച്ചു. തിയേറ്ററില്‍ വലിയ വിജയങ്ങളും അഭിനയത്തിലെ പരീക്ഷണങ്ങളും കൊണ്ട് ആസിഫ് അലി 2024 നെ തന്റെ സുവര്‍ണവര്‍ഷമാക്കി മാറ്റി. 2025-ല്‍ ജനുവരിയില്‍ പുതുവര്‍ഷ റിലീസുമായെത്തിയ ആസിഫ് അലി ചിത്രം 'രേഖാചിത്രം' ആ വിജയ തോരോട്ടത്തിന് തുടര്‍ച്ച നല്‍കുകയാണ്. റിലീസ് ദിനം മികച്ച അഭിപ്രായം നേടിയ ചിത്രം ഏറെക്കുറെ പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. 'ദി പ്രീസ്റ്റ്' എന്ന വിജയചിത്രത്തിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്ര'ത്തില്‍ പൊലീസ് കഥാപാത്രമായാണ് ആസിഫ് എത്തിയത്. അനശ്വര രാജന്‍, മനോജ് കെ ജയന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. പുതിയ സിനിമ വിശേഷങ്ങളെ കുറിച്ച് ആസിഫ് അലി സംസാരിക്കുന്നു.
കൂമന്‍, തലവന്‍, കിഷ്‌കിന്ധാകാണ്ഡം.. ത്രില്ലര്‍ വിജയവഴിയുടെ തുടര്‍ച്ചയാകുകയാണ് 'രേഖാചിത്രം'...?
'രേഖാചിത്രം' ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിലുപരി ത്രില്ലര്‍ ഡ്രാമ എന്ന വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ്. മൊത്തം സിനിമയുടെ സ്വഭാവത്തില്‍ ഒരുപുതുമയുണ്ട്. ഒരുപുതിയമൂഡ് അവതരണത്തില്‍ കൊണ്ടുവരാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. അള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്നൊക്കെ ഈ സിനിമയുടെ കഥയെ വിശേഷിപ്പിക്കാം. നമുക്ക് അറിയാവുന്നൊരു ചരിത്രത്തെ വേറൊരു രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം കൂടി ഈ ചിത്രത്തിലുണ്ട്. പ്രേക്ഷകനെ സംബന്ധിച്ച് അതെല്ലാം ഒരുപുതുമയായിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയിരുന്നു. അത് പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നത് സന്തോഷകരമാണ്.
വീണ്ടുമൊരു പൊലീസ് കഥാപാത്രം, പൊലീസ് വേഷങ്ങള്‍ വിജയവേഷമായി മാറുന്നുണ്ടോ..?
ഒരുകാലത്ത് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരെ കോണ്‍ഫിഡന്‍സില്ലായിരുന്നു. കാരണം മലയാളത്തില്‍ നമ്മള്‍ മുമ്പ് കണ്ട പൊലീസ് നായകന്മാര്‍ക്കെല്ലാം ഒരുമാസ് സ്വഭാവമുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളെയായിരുന്നു ഒരുകാലം വരെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതും. രാജീവ് രവി സംവിധാനം 'കുറ്റവും ശിക്ഷയും' എന്ന സിനിമയിലാണ് ആദ്യമായി ഒരുപൊലീസ് നായകകഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചത്. അതിന്റെ തിരക്കഥ എഴുതിയ സിബി സാര്‍ (സിബി തോമസ്) ഒരുപൊലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരുകേസാണ് ആ സിനിമയായത്. പരിചയപ്പെട്ടപ്പോള്‍ ഒരുസാധാരണ പൊലീസുകാരന്റെ രൂപഭാവമായിരുന്നു അദ്ദേഹത്തിന്. സിബി സാറുമായുള്ള ആ സൗഹൃദമാണ് പൊലീസ് നായക കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്ക് തന്നത്. അതിന് ശേഷം കൂമന്‍, തലവന്‍ എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ കഥാപാത്രത്തിന് കൃത്യമായ ഐഡന്റിറ്റിയും വ്യത്യാസവും ഉണ്ടാവണം എന്ന് വിചാരിച്ചിരുന്നു.
ഇതുവരെ ചെയ്ത മൂന്ന് സിനിമകളിലെയും പൊലീസ് കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തരായ മനുഷ്യരായിരുന്നു. രേഖാചിത്രത്തിലേക്ക് വരുമ്പോഴും മുമ്പ് ചെയ്ത പൊലീസ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തനായ രീതിയില്‍ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തെയും പുതിയൊരു മനുഷ്യനായി കണ്ട് പ്രത്യേകതകള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് അവതരിപ്പിക്കാനാണ് ഓരോ സിനിമയിലും ശ്രമിക്കുന്നത്.
'രേഖാചിത്ര'ത്തിലേക്ക് ആസിഫ് അലിയെ ആകര്‍ഷിച്ച ഘടകം...?
ഇതിന്റെ തിരക്കഥ തന്നെയായിരുന്നു എന്നെ ആകര്‍ഷിച്ച ഘടകം. നമ്മള്‍ അറിയുന്ന ഒരുകഥ മറ്റൊരു കാഴ്ചപ്പാടില്‍ കേട്ടപ്പോള്‍ അതിലൊരു പുതുമ തോന്നി. മൂന്ന് വര്‍ഷത്തിലധികം ഒരുപാട് അന്വേഷങ്ങളും വിവരശേഖരണവുമൊക്കെ നടത്തിയാണ് ഈ സിനിമയുടെ തിരക്കഥ ജോഫിനും ടീമും തയ്യാറാക്കിയിരിക്കുന്നത്. 80 ശതമാനത്തിലധികം പൂര്‍ത്തിയായ തിരക്കഥയാണ് ഞാന്‍ ആദ്യം കേട്ടത്. ആദ്യകേള്‍വിയില്‍ എല്ലാ എക്സൈറ്റ്മെന്റും ലഭിച്ചിരുന്നു. നിര്‍മാതാക്കളായ വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ് എന്നിവരുടെ കഠിനാധ്വാനം കൂടി ഈ സിനിമ സാധ്യമാക്കിയതിന്റെ പിന്നിലുണ്ട്. കാരണം ഈ സിനിമ ഷൂട്ട് ചെയ്യണമെങ്കില്‍ സിനിമയ്ക്ക് അകത്തുള്ള ഒരുപാട് പേരുടെ സമ്മതവും സഹകരണവുമൊക്കെ ആവശ്യമായിരുന്നു. അത് സംഘടിപ്പിക്കാന്‍ മുന്നിട്ട് നിന്നത് ആന്റോ ചേട്ടനാണ്. അതുപോലെ വലിയൊരു ക്യാന്‍വാസിലുള്ള ഈ സിനിമ സാധ്യമാക്കിയത് വേണു ചേട്ടനാണ്.
അടുത്ത കാലത്തായി ത്രില്ലര്‍ സിനിമകളോട് ഇഷ്ടകൂടുതലുണ്ടോ...?
മന:പൂര്‍വ്വം ത്രില്ലര്‍ സിനിമയില്‍ അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് എന്റെ അടുത്ത എത്തുന്ന കഥകളില്‍ ഭൂരിഭാഗവും നല്ല ത്രില്ലര്‍ സിനിമകളാണ്. തലവനായാലും കിഷ്‌കിന്ധാകാണ്ഡമായാലും ത്രില്ലറുകളാണൈങ്കിലും രണ്ടും വ്യത്യസ്ത സ്വഭാവമുള്ള സിനിമകളായിരുന്നു. പിന്നെ നമ്മുടെ ചുറ്റുംനടക്കുന്ന കാര്യങ്ങളും കാണുന്ന കാഴ്ചകളുമൊക്കെ നമ്മളെയും സ്വാധീനിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ഇപ്പോഴത്തെ എന്റെ പ്രായത്തിലും കാഴ്ചകളിലും കൂടുതലും ആസ്വദിക്കാന്‍ പറ്റുന്നത് ത്രില്ലര്‍ സിനിമകളായത് കൊണ്ടായിരിക്കാം തുടര്‍ച്ചയായ അത്തരം സിനിമകള്‍ തേടിവരുന്നത്.
ആസിഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ വര്‍ഷമാണ് 2024, ആ സന്തോഷത്തെ പറ്റി...?
2024 മലയാള സിനിമയ്ക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം തുടങ്ങി വലിയ ഹിറ്റുകള്‍ ആദ്യമാസങ്ങളില്‍ തന്നെയുണ്ടായി. ഈ സിനിമകള്‍ക്ക് പിന്നാലെ 2024 ലെ എന്റെ ആദ്യ സിനിമയായി 'തലവന്‍' റിലീസിനെത്തിയപ്പോള്‍ വലിയ ടെന്‍ഷനിലായിരുന്നു ഞാന്‍.
മലയാളത്തിന്റെ വിജയട്രാക്കില്‍ നിന്ന് മാറിപോകുന്ന ഒരുസിനിമ ഒരിക്കലും എന്റേത് ആകരുതേ എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നു. ഞാന്‍ ഏറെക്കാലമായി ആഗ്രഹിച്ച ഒരുതിയേറ്റര്‍ ഹിറ്റ് തലവന്‍ എനിക്ക് സമ്മാനിച്ചു. ആ വിജയം എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലായിരുന്നു.
പിന്നാലെ വന്ന 'ലെവല്‍ ക്രോസ്' എന്ന സിനിമ മലയാളി കണ്ടുപരിചയിച്ച രീതിയിലുള്ള സിനിമയായിരുന്നില്ല. അതിനാല്‍ തിയേറ്ററില്‍ ശ്രദ്ധിക്കാതെ പോകുമോ എന്ന്് പേടിച്ചെങ്കിലും നല്ല അഭിപ്രായം കിട്ടി. ഒ.ടി.ടി റിലീസ് ചെയ്തപ്പോള്‍ ദേശീയ തലത്തില്‍ തന്നെ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. ഒരുനടനെന്ന നിലയില്‍ അത്തരം പരീക്ഷണങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഇനിയും ചെയ്യാമെന്നുമുള്ള വലിയ ധൈര്യം അതെനിക്ക് തന്നു. 'അഡിയോസ് അമിഗോ' എന്ന സിനിമ തിയേറ്ററില്‍ വിജയമായില്ലെങ്കിലും ഒ.ടി.ടിയില്‍ മികച്ച അഭിപ്രായം നേടി. അതിലെ എന്റെ അഭിനയത്തെ കുറിച്ച് ഒരുപാട് പേര്‍ നല്ലരീതിയില്‍ സംസാരിച്ചു. ഓണത്തിന് 'കിഷ്‌കിന്ധാകാണ്ഡം' നല്‍കിയത് കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ആ വിജയം കൂടി ആയപ്പോള്‍ എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമായി 2024 മാറി.
പുതുവര്‍ഷത്തെ സിനിമ പ്രതീക്ഷകള്‍... ?
കൂമന് ശേഷം ജീത്തു ജോസഫ് സാറിനൊപ്പം ഒന്നിക്കുന്ന 'മിറാഷ്' എന്ന സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. അതിന് ശേഷമായിരിക്കും രോഹിത്.വി.എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക'യുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. അതും കരിയറിലെ പ്രധാനപ്പെട്ട ഒരുസിനിമയാണ്. സേതുനാഥ് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ആഭ്യന്തര കുറ്റവാളി' എന്ന സിനിമയും വരുന്നുണ്ട്. അതും വളരെ കാലിക പ്രസക്തമായ ഒരുവിഷയം സംസാരിക്കുന്ന ചിത്രമാണ്. നല്ല സിനിമകള്‍ എല്ലാ പ്രേക്ഷകരും തിയേറ്ററില്‍ വന്ന് തന്നെ കണ്ട് ആസ്വദിക്കാന്‍ ശ്രമിക്കണം. കഴിഞ്ഞവര്‍ഷത്തിന്റെ വിജയതുടര്‍ച്ച ഈ വര്‍ഷവും ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനായി ആത്മാര്‍ഥമായി ശ്രമിക്കും. പ്രേക്ഷകര്‍ കൂടെ നില്‍ക്കും എന്നാണ് വിശ്വസിക്കുന്നത്.
Content Highlights: interview with actor asif ali based on his new film rekhachithram