സലാറിലെ പാട്ട് ഹിറ്റാവുന്നു; സന്തോഷത്തില്‍ ഇന്ദുലേഖ വാര്യര്‍

പൃഥ്വിരാജും പ്രഭാസും നായകന്‍മാരാകുന്ന സലാര്‍ എന്ന ബഹുഭാഷാ സിനിമയിലെ മലയാളം പാട്ട് തരംഗമാവുന്നു. 'സൂര്യാംഗം ചിറക് തുന്നി, സ്‌നേഹാര്‍ദ്രം മിഴികള്‍ ചിമ്മി...' എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ഇന്ദുലേഖ വാര്യരാണ്. കെ.ജി.എഫിന്റെ സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ, രവി ബസ്രൂര്‍ ഈണമിട്ട് രാജീവ് ഗോവിന്ദന്‍ എഴുതിയ ഗാനമാണിത്.
ഇറങ്ങി പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പാട്ട് ട്രെന്‍ഡിങ്ങില്‍ കയറി. മൂന്ന് ലക്ഷം പേരാണ് ഇതുവരെ പാട്ട് കേട്ടുകഴിഞ്ഞത്. തൃശ്ശൂരിലെ വീട്ടില്‍ ആ സന്തോഷത്തിലാണ് ഇന്ദുലേഖയും കുടുംബവും.
'എനിക്കാദ്യമേ അറിയാം രാജീവ് ഗോവിന്ദന്‍ അങ്കിളിനെ. അങ്കിളാണ് എന്നെ ഈ പാട്ടിലേക്ക് വിളിക്കുന്നത്. നല്ല അക്ഷരസ്ഫുടതയുള്ള ആള് വേണം ഈ പാട്ട് പാടാനെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഒരുദിവസം വൈകുന്നേരമാണ് അങ്കിള്‍ വിളിച്ചിട്ട് പറയുന്നത്, 'ഒരു ട്രാക്ക് പാടാനുണ്ട്. ഓകെ ആണെങ്കില്‍ നാളെ വൈകുന്നേരം ബസ്രൂര്‍ സ്റ്റുഡിയോയിലെത്തണം'. കെ.ജി.എഫിനുശേഷം പ്രശാന്ത് നീല്‍-ഹൊംബാലെ ഫിലിംസ് ഒരുമിക്കുന്ന സിനിമ, പ്രഭാസും പൃഥ്വിരാജുമാണ് നായകന്‍മാര്‍. പാടാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എങ്ങനെ അവിടെയെത്തുമെന്നതായിരുന്നു ടെന്‍ഷന്‍. മംഗലാപുരത്തുനിന്നും കുറേദൂരം പോവാനുണ്ട് അങ്ങോട്ടേക്ക്. മാത്രമല്ല എന്റെ മോന് രണ്ടുവയസ്സാകുന്നതേയുള്ളൂ. അവനെയിട്ട് പോവാനും പറ്റില്ല. അപ്പോഴാണ് ഭര്‍ത്താവ് ആനന്ദ് പറയുന്നത്, ട്രാക്ക് ആണെങ്കിലും സാരമില്ല, എന്തായാലും പോയി പാടാമെന്ന്. കെ.ജി.എഫിന്റെ മേക്കേഴ്‌സ് എന്ന് കേട്ടപ്പോള്‍ ആനന്ദിനും ഭയങ്കര സന്തോഷമായിരുന്നു. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. മൂന്ന് പാട്ടുകളാണ് പാടിയത്. അതിലൊന്നാണിത്''. ട്രാക്ക് കേട്ടിഷ്ടപ്പെട്ട സംവിധായകനും സംഗീതസംവിധായകനും അതുതന്നെ സിനിമയിലും ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
'വലിയ സംഗതിയൊന്നും വേണ്ട പാടുമ്പോള്‍. എല്ലാവര്‍ക്കും ഏറ്റുപാടാന്‍ പറ്റുന്ന ലളിതമായ പാട്ട് മതിയെന്നതായിരുന്നു രവി ബസ്രൂര്‍ സാറിന്റെ ആഗ്രഹം. സ്റ്റുഡിയോയിലെത്തിയപ്പോഴാണ് അറിയുന്നത്, അവിടുന്നത് കുറച്ചുദൂരമേയുള്ളൂ മൂകാംബികയിലേക്കെന്ന്. അതുകൊണ്ട് ആ പാട്ട് മൂകാംബികാദേവിയുടെ അനുഗ്രഹമാണെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ പാടിയ ട്രാക്ക് തന്നെയായിരിക്കും സിനിമയിലും ഉപയോഗിക്കുന്നതെന്ന് ആദ്യമേ അറിയുമായിരുന്നുവെങ്കിലും, ഇന്നലെയാണ് അച്ഛനോട് പറഞ്ഞത്. അവസാനം അതുപയോഗിച്ചില്ലെങ്കില്‍ അച്ഛന് വിഷമമായാലോ എന്ന് കരുതി. പക്ഷേ പാട്ടുകേട്ടതോടെ അച്ഛനും നല്ല സന്തോഷമായി'', ഇന്ദുലേഖയുടെ വാക്കുകളില്‍ അഭിമാനം നിറയുന്നു. അഭിനേതാവും കാരിക്കേച്ചർ-ഹാസ്യരംഗത്തെ പ്രഗത്ഭനുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ.
'ചില പാട്ടുകള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ അത്ര രസമുണ്ടാവണമെന്നില്ല. ഇതും ഡബ്ബ് പാട്ടുപോലെയാവരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാനത് രവി ബസ്രൂരിനോട് പറയുകയും ചെയ്തു. അങ്ങനെയാണ് പാട്ടെഴുതാന്‍ തീരുമാനിക്കുന്നത്. എഴുതി വന്നപ്പോള്‍ എല്ലാം ഭംഗിയായി. എനിക്ക് കോണ്‍ഫിഡന്റായിട്ടുള്ളൊരാളെ പാടാന്‍ വിളിക്കാനായിരുന്നു പറഞ്ഞത്. എന്നാല്‍, അക്ഷരസ്ഫുടത എനിക്ക് നിര്‍ബന്ധവുമായിരുന്നു. അങ്ങനെയാണ് ഇന്ദുവിനെ ഇതിലേക്ക് വിളിക്കുന്നത്', രാജീവ് ഗോവിന്ദന്‍ പറയുന്നു. രചയിതാവും നിര്‍മാതാവും കൂടിയാണ് രാജീവ്. അനാര്‍ക്കലി, ചേട്ടായീസ്, മധുരനാരങ്ങ തുടങ്ങി അമ്പതോളം സിനിമകളില്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്.
Content Highlights: indulekha warrier talking about trending song in salaar movie