ആള്‍ക്കൂട്ടം, ബഹളം എല്ലാം ബുദ്ധിമുട്ടാണ്, കുറച്ച് ഹൈപ്പര്‍ സെന്‍സെറ്റീവ് ആണ് ഞാന്‍-ഗൗരി ലക്ഷ്മി

ഇരുട്ടിന്റെ കരിമ്പടം പുതച്ച രാത്രി. വെളിച്ചത്തില്‍ കുളിച്ച മൈതാനം. തിങ്ങിനിറഞ്ഞ് മനുഷ്യര്‍. നടുവില്‍ ഉയര്‍ന്ന വേദിയിലേക്ക് ഷോര്‍ട്‌സണിഞ്ഞ ഒരു പെണ്‍കുട്ടി കയറിവന്നു. സ്പോട്ട്ലൈറ്റിന്റെ വെളിച്ചം അവളെ പൊതിഞ്ഞു. മൈക്ക് കൈയിലെടുത്ത് അവള്‍ പാടിത്തുടങ്ങി. ചടുലതാളത്തിന്റെ അകമ്പടിയില്‍ 'കുചേലവൃത്ത'ത്തിലെ ''അജിത ഹരേ ജയ...'' എന്ന പദം... ആള്‍ക്കൂട്ടം ഇളകിമറിഞ്ഞ് ആനന്ദനൃത്തം ചവിട്ടാന്‍ സെക്കന്‍ഡുകളേ വേണ്ടിവന്നുള്ളൂ.
ഗൗരി ലക്ഷ്മി പാടുന്ന ഇടങ്ങളിലെ പതിവുകാഴ്ചയാണിത്. സംഗീതത്തിന്റെ നടപ്പുരീതികളെ പൊളിച്ചെഴുതി സ്വന്തമായ രീതിയില്‍ പാട്ടിനെ പുതുക്കിപ്പണിയുകയാണ് ഗൗരി. കലയില്‍ പ്രത്യക്ഷമായ വരേണ്യതയെ വേദിയില്‍ തച്ചുടച്ച്, തനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ച്, ഭക്തിഗാനവും കഥകളിപ്പദങ്ങളുമെല്ലാം ഗൗരി പാടുമ്പോള്‍, അത് പുതുകാലത്തിന്റെ ഹൃദയതാളമാകുന്നു. സംഗീതസംവിധായിക, ഗായിക, ഗാനരചയിതാവ്, പെര്‍ഫോര്‍മര്‍ എന്നീ മേഖലകളിലെല്ലാം തന്റെതായ അടയാളങ്ങളുണ്ടാക്കിക്കൊണ്ടാണ് ഗൗരിയുടെ യാത്ര. സംഗീതത്തെയും ജീവിതത്തെയും കുറിച്ച് ഗൗരി ലക്ഷ്മി മനസ്സ് തുറക്കുന്നു.
സംഗീതമാണ് കരിയര്‍ എന്ന് കുട്ടിക്കാലത്തുതന്നെ ഉറപ്പിച്ചിരുന്നോ?
ഇല്ല. പാട്ടിനോട് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍, ഇതായിരിക്കും കരിയറെന്ന് പ്രതീക്ഷിച്ചില്ല. ഏത് ജോലി ചെയ്യുകയാണെങ്കിലും പാട്ട് കൂടെയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അച്ഛന്‍ ബി ഹരികൃഷ്ണന്‍ മികച്ച ഗായകനുള്ള സംസ്ഥാന നാടകപുരസ്‌കാര ജേതാവാണ്. അദ്ദേഹം ഗാനമേളാ ട്രൂപ്പുകളിലും മറ്റും സജീവമായിരുന്നു. ചെറുപ്പംതൊട്ടേ വീട്ടില്‍ സംഗീതത്തിന് അനുകൂലമായ അന്തരീക്ഷമായിരുന്നു. മൂന്നുവയസ്സുള്ളപ്പോഴാണ് അമ്മ എന്നെ സംഗീതക്ലാസിന് ചേര്‍ത്തത്. ശേഷം സ്‌കൂള്‍കലോത്സവങ്ങളിലെ സംഗീതമത്സരങ്ങളില്‍ സംസ്ഥാനതലംവരെ തുടര്‍ച്ചയായി പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും അച്ഛനമ്മമാര്‍ക്കും ഏറെ സന്തോഷമായിരുന്നു. വേദിയില്‍ കയറിനില്‍ക്കാനുള്ള ധൈര്യം അങ്ങനെയാണുണ്ടായത്.
കൗമാരപ്രായത്തില്‍ സംഗീതസംവിധായികയായി, 'കാസനോവ' എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍...
അന്നെനിക്ക് പതിന്നാലുവയസ്സ്. തേടിവന്ന സൗഭാഗ്യത്തിന്റെ വിലയൊന്നും അറിയില്ലായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്. അച്ഛന്റെ സുഹൃത്തുവഴിയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിലേക്കും 'കാസനോവ' എന്ന സിനിമയിലേക്കും എത്തിയത്. സൗഹൃദസദസ്സിനിടെ അദ്ദേഹം എന്റെ പാട്ട് കേള്‍ക്കുകയും അതിഷ്ടപ്പെട്ട് സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു. സംഗീതം ചെയ്തതും അതിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തതുമെല്ലാം വളരെ എക്‌സൈറ്റ്മെന്റോടുകൂടിയാണ്. ആദ്യമായി ഒരഭിമുഖം നല്‍കിയതൊക്കെ അന്നാണ്. പത്തുവയസ്സുമുതല്‍ പാട്ടുകളെഴുതുന്നുണ്ട്. അങ്ങനെ എഴുതിയ ഒന്നാണ് 'കാസനോവ' സിനിമയിലെ 'സഖിയേ...' എന്ന പാട്ട്.
'ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കി'ലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എപ്പോഴാണ്?
പതിനെട്ടാം വയസ്സിലാണ് ഞാന്‍ ലോക സംഗീതം വളരെ കൂടുതലായി കേട്ടുതുടങ്ങിയത്. അങ്ങനെ 'ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്' എന്ന സംഗീതശാഖയെ കൂടുതലറിഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ കേട്ടു. കൂടുതല്‍ സംഗീതജ്ഞരെക്കുറിച്ച് അറിഞ്ഞു. അവരുമായി സംസാരിച്ചു. പരമ്പരാഗത സംഗീതത്തിനുമപ്പുറം ഇത്രമാത്രം വിശാലമായ, ലിബറലായ ലോകമുണ്ടെന്ന കാര്യം ഏറെ സന്തോഷം നല്‍കി. 'ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കി'ല്‍ കുറച്ചധികം കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് തോന്നി. നിയമങ്ങളും വള്ളിക്കെട്ടുകളുമില്ല. ആരെയും പ്രീതിപ്പെടുത്തേണ്ട. നമുക്കിഷ്ടമുള്ള രീതിയില്‍ ചെയ്യാം. പരിപാടി കൊള്ളാമെന്ന് തോന്നി. അങ്ങനെ ഈ മേഖലയിലേക്ക് വന്നു.
വേറിട്ട വഴിയില്‍ നടന്നപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നോ?
ഇത്തരമൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ ചോദ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അച്ഛനും അമ്മയ്ക്കും സംഗീതം ഇഷ്ടമാണെങ്കിലും ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്, ബാന്‍ഡ് എന്നൊക്കെ കേട്ടപ്പോള്‍, ആദ്യമൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതൊക്കെ എന്താണ് സാധനം എന്നായിരുന്നു ചോദ്യം. എന്നാല്‍, അങ്ങനെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. 'തോണി' എന്ന ആല്‍ബത്തിന്റെ ഷൂട്ടിങ് ബജറ്റിനെപ്പറ്റി അറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിയിട്ടുണ്ട്. ഇത്രയും പൈസയൊക്കെ ചെലവാക്കി എന്ത് പാട്ടാണ് ഉണ്ടാക്കാന്‍ പോവുന്നതെന്നാണ് അവര്‍ ചിന്തിച്ചത്. ആല്‍ബം ഹിറ്റായതോടെ, അവര്‍ ഓക്കെയായി.
കോളേജ് കാലത്താണ് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചു തുടങ്ങിയത്. അന്ന് ഞാന്‍ പ്രധാനമായും കോറസ് ഗായികയായിരുന്നു. വിവിധ ബാന്‍ഡുകള്‍ക്കൊപ്പം പരിപാടികള്‍ ചെയ്തു. പ്രധാന ഗായകര്‍ ഷോയ്ക്കിടയില്‍ വിശ്രമിക്കുമ്പോള്‍ ഒരു പാട്ട് പാടാനുള്ള അവസരം എനിക്കും കിട്ടും. അതായിരുന്നു രീതി. മ്യൂസിക് മോജോ സീസണ്‍ 2-വിലാണ് ആദ്യത്തെ സോളോ പെര്‍ഫോമന്‍സ്. 'തോണി' എന്ന ആല്‍ബം ഹിറ്റായതോടെ, എന്റെതായ ഐഡന്റിറ്റി ഉണ്ടായി. എന്നെ ഇഷ്ടപ്പെടുന്ന ശ്രോതാക്കളുടെ കൂട്ടം രൂപപ്പെട്ടു.
വേദിയിലെ ഗൗരിയും യഥാര്‍ഥ ഗൗരിയും തമ്മിലുള്ള അന്തരം?
വളരെ വ്യത്യാസമുണ്ട്. നേരേ വിപരീതമാണെന്ന് പറയാം. ഷോ കഴിഞ്ഞാല്‍ അടുത്തനിമിഷം ആള്‍ക്കൂട്ടത്തില്‍ നിന്ന് സ്ഥലംവിടുന്നതാണ് രീതി. നേരേ വണ്ടിയില്‍ ചെന്നിരിക്കും. ഭക്ഷണം മുറിയിലേക്കെത്തിയാല്‍ നല്ലത്. പരിപാടിക്കുശേഷം അവിടെ നിന്ന് ആളുകളോട് സംസാരിക്കാനും സമയം ചെലവിടാനുമൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ്. എന്നുവിചാരിച്ച് പൊതുസ്ഥലത്തുവെച്ച് ആളുകളോട് സംസാരിക്കാനാകില്ലെന്നല്ല. പൊതുവേ, സമാധാനമായി, സന്തോഷത്തോടെ, അധികം ബഹളമില്ലാതെ ഇരിക്കാനിഷ്ടപ്പെടുന്ന ആളാണ്. ഒഴിവുസമയങ്ങളിലും പുറത്തിറങ്ങുന്നത് കുറവാണ്.
സിനിമാസംഗീതത്തോട് ഇഷ്ടക്കുറവുണ്ടോ?
അങ്ങനെയില്ല. സിനിമയില്‍ എന്നെ തേടിവന്ന പാട്ടുകളെല്ലാം പാടിയിട്ടുണ്ട്. മറ്റുള്ളവര്‍ ചിട്ടപ്പെടുത്തിയ പാട്ട് പാടുന്നത് ഇഷ്ടമാണ്. ഓരോ റെക്കോഡിങ്ങും ഒരു പാഠശാലയാണ്. സിനിമയില്‍ സജീവമായ ഗായികയാകണമെങ്കില്‍ നല്ല സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വേണം. ആളുകളെ ഫോണ്‍ ചെയ്യുക, അവരുടെ ഓരോ വര്‍ക്ക് വരുമ്പോഴും വിളിച്ച് അഭിനന്ദിക്കുക... അങ്ങനെ പല കാര്യങ്ങളും ചെയ്യണം. നമ്മള്‍ ഇവിടെയുണ്ടെന്ന് അവരെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കണം. എന്നാല്‍, എനിക്കത് അത്ര വശമില്ല. എന്നാലും ഒരുപിടി നല്ല പാട്ടുകള്‍ എന്നെ തേടിയെത്തി. അര്‍ഹിച്ച പാട്ടുകള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷ.
സാമ്പത്തികസ്വാതന്ത്ര്യം നേടിയത് എപ്പോഴാണ് ?
പതിനെട്ടാം വയസ്സ് മുതലാണ് ഷോ ചെയ്ത് കൈയില്‍ പണം വന്നുതുടങ്ങിയത്. അന്ന് കിട്ടിയിരുന്നത് ചെറിയൊരു തുകയായിരുന്നു. എന്റെ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ ചോദിച്ചാലും അച്ഛനും അമ്മയും പണം തരും. ഞാന്‍ സമ്പാദിച്ച് തുടങ്ങിയതില്‍ പിന്നെ ചെലവുകള്‍ക്ക് അവരെ അങ്ങനെ ബുദ്ധിമുട്ടിക്കാറില്ല. കോവിഡ് കാലത്ത് ഷോകളൊന്നും ഇല്ലാതെ വന്നപ്പോള്‍ പ്രതിസന്ധിയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലേക്ക് എത്തി. ഏകദേശം 12 വര്‍ഷമെടുത്തു അത്തരമൊരു സാമ്പത്തികസ്വാതന്ത്ര്യം നേടാന്‍.
സാമ്പത്തിക സുരക്ഷ സ്ത്രീയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും?
കൈയില്‍ കാശുണ്ടെങ്കില്‍ സമാധാനം കിട്ടും. വേണ്ട കാര്യങ്ങള്‍ ആവശ്യപ്പെടാനും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് നോ പറയാനും ധൈര്യമുണ്ടാകും. കുടുംബത്തിലും മറ്റു മേഖലകളിലും അത് നല്‍കുന്ന ധൈര്യം വളരെ വലുതാണ്. നമ്മളെ ആളുകള്‍ പരിഗണിക്കുന്ന രീതി തന്നെ മാറും. സാമ്പത്തികമായി അടിത്തറയുള്ള ഒരുസ്ത്രീയാണെങ്കില്‍ തലയില്‍ കയറാന്‍ വരുന്ന ആളുകളുടെ എണ്ണവും കുറയും. കൂടുതല്‍ പരിഗണനയും ബഹുമാനവും കിട്ടും. കൂടാതെ നമ്മുടെ അഭിപ്രായങ്ങള്‍ വിലവയ്ക്കും.
പല ഗെറ്റപ്പിലാണ് ഗൗരി വേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്, ആരൊക്കെയാണ് സ്വാധീനിക്കുന്നത് ?
കാണുന്ന ഷോകള്‍, കേള്‍ക്കുന്ന ആള്‍ക്കാര്‍, വായിക്കുന്ന പുസ്തകങ്ങള്‍ അങ്ങനെ എല്ലാം ഈ മാറ്റത്തിനെ സ്വാധീനിച്ചു. ചില ആര്‍ട്ടിസ്റ്റുകളെ കാണുമ്പോള്‍ അവരുടെ ഡ്രസ്സിങ് സ്‌റ്റൈലും മറ്റും നമ്മളെ ആകര്‍ഷിക്കും. അത്തരം രീതിയിലേക്ക് നമ്മളുടെ ഗെറ്റപ്പ് മാറ്റും. മാറ്റം പണ്ടുതൊട്ടേ ആഗ്രഹിച്ചിരുന്നെങ്കിലും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ച് പലതും വിട്ടുകളഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെടുന്നതെല്ലാം പരീക്ഷിക്കാനുള്ള ധൈര്യം കാലക്രമേണ വന്നു. ഇപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാറില്ല. എന്റെ ഇഷ്ടങ്ങള്‍ക്കൊത്താണ് ജീവിക്കുന്നത്. ധൈര്യവും പേടിയില്ലായ്മയും മുന്നോട്ട് നയിക്കുന്നു.
വ്യക്തിത്വവൈകല്യങ്ങളെ കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ ചര്‍ച്ചയായിരുന്നു...
അതങ്ങനെ മുന്‍കൂട്ടി തീരുമാനിച്ച് പറഞ്ഞതല്ല. സംഭവിച്ചുപോയതാണ്. അത്തരമൊരു ചോദ്യം വന്നപ്പോള്‍ പറയുന്നത് നല്ലതാണെന്ന് തോന്നി. ബി.പി.ഡി. (ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍) എന്ന പ്രശ്‌നമാണ് എനിക്കുള്ളത്. അതിന്റെ കൂടെത്തന്നെ ഒ.സി.പി.ഡി. (ഒബ്സസീവ് കംപല്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍) യും ഉണ്ട്. കുറച്ചുകാലമായി കൃത്യമായ ചികിത്സയും തെറാപ്പിയും ചെയ്യുന്നു. ആ അവസ്ഥയെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്. നിരവധി പേര്‍ എനിക്ക് മെസേജ് അയച്ചു. സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാടുപേര്‍.
തെറാപ്പിസ്റ്റ് തന്നെ പറഞ്ഞിട്ടുണ്ട് ഗൗരി റഫര്‍ ചെയ്ത് ഒരുപാട് പേര്‍ കൗണ്‍സിലിങ്ങിനായി വരുന്നുണ്ട് എന്ന്. അതൊരു നല്ല മാറ്റമാണ്. മാനസികാരോഗ്യത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി ചികിത്സ തേടിയാല്‍ മാത്രമേ സന്തോഷകരമായി ജീവിക്കാന്‍ പറ്റൂ. മനുഷ്യര്‍ക്കുണ്ടാകുന്ന അത്തരം പ്രശ്‌നങ്ങളെ നിസ്സാരവത്കരിക്കാതെ തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കി പിന്തുണയ്ക്കുകയുമാണ് പങ്കാളിയായാലും മാതാപിതാക്കളായാലും ചെയ്യേണ്ടത്. ആ രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട് എന്നത് ശുഭസൂചനയാണ്.
ചികിത്സ വഴി ലഭിച്ച ആശ്വാസം...
മനസ്സില്‍ സമാധാനം നിറഞ്ഞു. മനസ്സിലുള്ള വലയും പൊടിയുമൊക്കെ തെറാപ്പിയിലൂടെ നീങ്ങുമ്പോഴാണ് യഥാര്‍ഥത്തില്‍ നമ്മുടെ ഉള്ളിലെന്താണെന്ന് തിരിച്ചറിയുന്നത്. വ്യക്തിത്വവൈകല്യങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ ഒരുപാട് മാനസികപിരിമുറുക്കം അനുഭവിക്കും. എന്താണ് ഉള്ളില്‍ സംഭവിക്കുന്നതെന്ന് മനസ്സിലാകില്ല. മൊത്തം പൊകയായിരിക്കും. പൊടിപിടിച്ച് നാശകോശമായി കിടക്കുന്ന ഒരു വീട് വൃത്തിയാക്കുംപോലെയാണ് തെറാപ്പിയില്‍ മനസ്സിനെ ശരിയാക്കുന്നത്. അങ്ങനെ വൃത്തിയായി വരുമ്പോള്‍ നമ്മളാരാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയും.
ആള്‍ക്കൂട്ടവും ബഹളങ്ങളും ഗൗരിക്ക് ബുദ്ധിമുട്ടാണോ?
പണ്ടുതൊട്ടേ ആള്‍ക്കൂട്ടത്തിനിടയില്‍ സമയം ചെലവിടാന്‍ ഇഷ്ടമല്ല. യാത്രകള്‍ പോകുമ്പോള്‍ അധികം ആളുകളില്ലാത്ത സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുക. അത്തരം ഇടങ്ങളോടാണ് ഇഷ്ടക്കൂടുതല്‍. പബ്ബുകള്‍ പോലുള്ള സ്ഥലങ്ങളോടും താത്പര്യമില്ല. കുറച്ച് ഹൈപ്പര്‍ സെന്‍സെറ്റീവ് ആണ്. എന്നാല്‍, വേദിയില്‍നിന്ന് പാടുമ്പോള്‍ എത്രവലിയ ആള്‍ക്കൂട്ടം ഉണ്ടായാലും പ്രശ്‌നമല്ല. അത് വേറെന്തോ മാജിക്കാണ്. പാടുന്നതും അത്രയും ആള്‍ക്കാര്‍ എന്റെ പാട്ട് കേള്‍ക്കുന്നതും സന്തോഷം നല്‍കുന്നത് കൊണ്ടാകാം. അതും സ്റ്റേജില്‍ നിന്നേ എനിക്ക് ചെയ്യാനാകൂ, ആള്‍ക്കാരുടെ ഇടയിലേക്ക് ഇറങ്ങാന്‍ പറ്റില്ല.
കഥകളിപ്പദങ്ങളും ഭക്തിഗാനങ്ങളുമൊക്കെ സ്വന്തം രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍പ്പുണ്ടാവാറില്ലേ?
നല്ല സൈബര്‍ അറ്റാക്കുണ്ട്. തെറിവിളി കേള്‍ക്കുന്നുണ്ട്. അതെല്ലാം അതിന്റെ വഴിക്ക് പോകട്ടെ. നമ്മള്‍ക്ക് നമ്മുടെ വഴിക്കും പോകാം. പ്രതികരണം സംഗീതത്തിലൂടെ അറിയിക്കുക എന്നതാണ് എന്റെ രീതി.
പാഷനൊപ്പം സഞ്ചരിക്കുക എന്നത് എത്രമാത്രം സന്തോഷം നല്‍കും...
എല്ലാകാര്യവും പാഷനേറ്റ് ആയി ചെയ്യുക. ഭക്ഷണക്കാര്യം മുതല്‍ പങ്കാളിയുമൊത്തുള്ള ബന്ധത്തില്‍ വരെ അതങ്ങനെയായിരിക്കണം. അല്ലാതെ ജോലിമാത്രം വളരെ പാഷനേറ്റ് ആയി ചെയ്ത് വീട്ടില്‍ വന്ന് മൊത്തം അലമ്പ് കാണിക്കുകയാണെങ്കില്‍ അതില്‍ അര്‍ഥമില്ല.
ഭാവി സ്വപ്‌നങ്ങള്‍...
പാട്ടുകള്‍ കുറേയുണ്ടാക്കണം. ഇപ്പോള്‍ 'മുറിവ്' എന്ന ആല്‍ബത്തിന്റെ വര്‍ക്കിലാണ്. 'ഇടി മഴ കാറ്റ്' എന്ന സിനിമയ്ക്ക് സംഗീതം ചെയ്യുന്നുണ്ട്.
Content Highlights: indian composer, singer, songwriter gowry lekshmi interview