'കല്യാണത്തിന് മുന്നേ ഗര്‍ഭിണിയാവേണ്ടായിരുന്നു എന്നുപറഞ്ഞ് അന്ന് നെഗറ്റീവ് കമന്റുകളുമെത്തി'

ഉച്ചമയക്കത്തില്‍നിന്നുണര്‍ന്ന കുഞ്ഞുഹംദാന്‍ അമ്മയ്ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍ എന്തൊക്കെയോ കിന്നാരം പറയുന്നുണ്ട്. ഇടയ്ക്ക് ആ കുറുമ്പ് ചെറിയൊരു പിണക്കമായി. പെട്ടെന്ന് എവിടെ നിന്നോ 'കുര്‍ച്ചി മടത്തപ്പെട്ടി' പാട്ടുയര്‍ന്നു. ഹംദാന്‍ താളംപിടിച്ചുതുടങ്ങി. കുഞ്ഞുമുഖത്ത് ചിരിയുടെ പൂത്തിരി. അവന്‍ പിണക്കം മറന്നു. അമ്മയുടെ കവിളില്‍ കുഞ്ഞുമുത്തം പതിഞ്ഞു.
''ഹംദാന് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്. കരച്ചില്‍ മാറ്റാനും ഭക്ഷണം കഴിപ്പിക്കാനും ഇത് കേള്‍പ്പിച്ചാല്‍ മതി.'' അമ്മലോകത്ത് നടി ഷംന കാസിം ഒരുവയസ്സുകാരന്‍ ഹംദാന്റെ ഉമ്മച്ചിയാണ്.
നൃത്തവേദിയില്‍ നിന്ന് മലയാളസിനിമയിലെത്തിയ കണ്ണൂരുകാരിയാണ് ഷംന. മഞ്ഞുപോലൊരു പെണ്‍കുട്ടി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, പച്ചക്കുതിര, അലിഭായ്, ഫ്‌ളാഷ്, കോളേജ് കുമാരന്‍, ചട്ടക്കാരി, മിലി, ഒരു കുട്ടനാടന്‍ വ്ളോഗ്, ആനക്കള്ളന്‍, മധുരരാജ...തുടങ്ങിയ ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങള്‍. തമിഴിലും തെലുങ്കിലും കന്നഡയിലും 'പൂര്‍ണ' എന്ന പേരില്‍ പ്രിയങ്കരിയായി. ജയലളിതയുടെ ബയോപിക്കില്‍ ശശികലയെ അവതരിപ്പിച്ച് ശ്രദ്ധ നേടി.
വിവാഹവും കുഞ്ഞിന്റെ പിറവിയും ഒക്കെയായി ചെറിയൊരു ഇടവേള. മടങ്ങി വരവില്‍ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് ഷംന. അമ്മ, അഭിനേത്രി എന്നീ റോളുകള്‍ക്ക് ഇടയിലുള്ള ജീവിതത്തെപ്പറ്റി ഷംന സംസാരിച്ചുതുടങ്ങി.
'ഗുണ്ടൂര്‍കാരം' സിനിമയിലെ ഹിറ്റ് പാട്ടിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
പ്രസവശേഷം വിശ്രമത്തിലായിരുന്നു ഞാന്‍. അതിനിടയിലാണ് 'ഗുണ്ടൂര്‍കാരം' എന്ന തെലുങ്ക് സിനിമയുടെ കൊറിയോഗ്രാഫറായ ശേഖര്‍ മാസ്റ്റര്‍ വിളിക്കുന്നത്. നൃത്തരംഗത്തില്‍ അഭിനയിക്കാനാണ്. പ്രസവം കഴിഞ്ഞിരിക്കുകയല്ലേ. നൃത്തം വഴങ്ങുമോ എന്ന സംശയം ഞാന്‍ പങ്കുവച്ചു. സിനിമയില്‍ ആ പാട്ട് വളരെ പ്രധാനമാണെന്നും അത് ഞാന്‍തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീടുള്ള ചിന്ത കോസ്റ്റ്യൂമിനെക്കുറിച്ചായിരുന്നു. പ്രസവശേഷം വണ്ണംവെച്ചിട്ടു്. സാരിയാണെന്ന് പറഞ്ഞപ്പോള്‍ സമാധാനമായി. മഹേഷ് ബാബുവിനൊപ്പം എന്റെ രണ്ടാമത്തെ സിനിമയാണ്. അദ്ദേഹത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.
പാട്ടിറങ്ങുമ്പോള്‍ ബോഡിഷെയ്മിങ് നേരിടേണ്ടിവരുമെന്ന് ഞാന്‍ ഉറപ്പിച്ചു. പ്രസവശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചപ്പോള്‍തന്നെ വണ്ണം കുറയ്ക്കണമെന്ന കമന്റുകള്‍ കേട്ടതാണ്. നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ചെയ്യൂ എന്ന് പറഞ്ഞ് ഭര്‍ത്താവും (ഷാനിദ് ആസിഫ് അലി) കൂടെനിന്നു. ലൊക്കേഷനില്‍ മോനും ഒപ്പമുണ്ടായിരുന്നു.
എന്തായാലും പാട്ടും ഡാന്‍സും നന്നായിട്ടുണ്ടെന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
തെലുഗുവില്‍ ഇനി രണ്ടുമൂന്ന് സിനിമകള്‍ വരാനുണ്ട്. ഒരു വെബ്സീരീസ് റിലീസാവാനുമുണ്ട്.
സിനിമയില്‍ തുടരാനാകുമോ എന്ന ആശങ്ക എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
തെലുഗുവില്‍ കുറേ നല്ല സിനിമകള്‍ ചെയ്യുന്ന സമയത്തായിരുന്നു കല്യാണം. വിവാഹം ഇപ്പോള്‍തന്നെ വേണോ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ, ദൈവം സഹായിച്ച് എനിക്ക് ദീര്‍ഘനാള്‍ ബ്രേക്ക് എടുക്കേണ്ടി വന്നിട്ടില്ല. ഗര്‍ഭിണിയായി ഏഴാംമാസത്തില്‍ 'ദസറ' സിനിമയില്‍ അഭിനയിച്ചു. തെലുങ്ക് ചാനലില്‍ ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ഞാനും. ആ പരിപാടിയിലും നൃത്തംചെയ്തു. വിവാഹശേഷവും സിനിമയില്‍ തുടരുമെന്ന് ആദ്യമേ തീരുമാനിച്ചതാണ്.
കുഞ്ഞ് ജനിച്ചപ്പോള്‍ ശാരീരികമായ മാറ്റങ്ങള്‍ സംഭവിച്ചു. ആ മാറ്റങ്ങള്‍ ചിലപ്പോഴൊക്കെ ആത്മവിശ്വാസത്തെ ബാധിക്കും. പക്ഷേ, നമ്മള്‍ സ്വയം ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ മറ്റുള്ളവരും നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങുമെന്ന് ഞാന്‍ ഉറപ്പിച്ചു. അക്കാര്യത്തില്‍ എന്റെ റോള്‍മോഡല്‍ വിദ്യാ ബാലനാണ്.
കുഞ്ഞ് ജനിച്ചപ്പോള്‍ തുടര്‍ന്ന് ജോലിക്ക് പോകുന്നതിനെ പലരും നിരുത്സാഹപ്പെടുത്തി. കുഞ്ഞിന് ശ്രദ്ധ കൊടുക്കേണ്ട സമയമാണെന്ന് അവരൊക്കെ പറഞ്ഞു. കുഞ്ഞിന്റെ കാര്യങ്ങള്‍ എനിക്ക് പ്രധാനമാണ്. അവന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. എവിടെ പോവുമ്പോഴും അവനെയും കൂടെ കൂട്ടാറുണ്ട്.
അമ്മയായശേഷം ഉത്തരവാദിത്വം കൂടിയോ?
ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. മുന്‍ഗണനകള്‍ മാറി. സത്യംപറഞ്ഞാല്‍ ഞാനൊരു മമ്മി മോളാണ്. മരണംവരെ അങ്ങനെ ജീവിക്കാനാണ് എനിക്ക് ആഗ്രഹം. ഷംന കാസിം എന്ന പേര് ഇന്നുണ്ടെങ്കില്‍ അതിന് കാരണം എന്റെ മമ്മി റൗലാബിയാണ്. മമ്മിയുടെ അഞ്ചാമത്തെ മകളാണ് ഞാന്‍. എന്റെ സന്തോഷവും സങ്കടവുമെല്ലാം അറിയുന്ന വ്യക്തി അവരാണ്. മമ്മിയെക്കാളും നല്ല അമ്മയാവാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
മോന്‍ ജനിച്ച ശേഷം മമ്മിയോടുള്ള അടുപ്പം കൂടി. മകന്റെ കാര്യത്തില്‍ ശ്രദ്ധക്കൂടുതലുള്ള അമ്മയാണ് ഞാന്‍. അവന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എനിക്കും കഴിക്കാന്‍ തോന്നില്ല. ഒരുമണിക്കൂറിലധികം അവന്‍ ഉറങ്ങുകയാണെങ്കില്‍ ഇടയ്ക്കിടെ പോയിനോക്കും. എനിക്ക് ഒ.സി.ഡി. പ്രശ്‌നമുണ്ട്. വീട് വൃത്തിയായി കിടന്നില്ലെങ്കില്‍ മനസ് അസ്വസ്ഥപ്പെടും. ഞാന്‍ വൃത്തിയാക്കുന്തോറും അവന്‍ വൃത്തികേടാക്കും. അത്തരം അസ്വസ്ഥതകളൊക്കെ ഇപ്പോള്‍ മാറി. ക്ഷമ പഠിച്ചു.
ഞങ്ങള്‍ ദുബായിലാണ് താമസം. മോന്റെ കാര്യങ്ങളൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. സഹായത്തിന് ഇടയ്ക്ക് മമ്മിയുമുണ്ടാവും. വെറുതേ ഇരിക്കാറില്ല. അതുകൊണ്ടാവും ഡിപ്രഷനും മറ്റ് പ്രശ്‌നങ്ങളൊന്നും അലട്ടിയിട്ടില്ല. മൂഡ്‌സ്വിങ്സ് തോന്നിയാല്‍ അപ്പോള്‍തന്നെ ഇക്കയോട് പറയും. അദ്ദേഹം എന്നോട് ചോദിക്കാന്‍ വരുന്നതുവരെ കാത്തിരിക്കാറില്ല.
അടുത്ത ജന്മത്തില്‍ ഷംനയുടെ കുഞ്ഞായി ജനിക്കണമെന്ന സംവിധായകന്‍ മിഷ്‌കിന്റെ വാക്കുകള്‍ വൈറലായിരുന്നല്ലോ?
സിനിമയില്‍ എനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് മിഷ്‌കിന്‍. ആത്മവിശ്വാസം തരുന്നൊരാള്‍. ഞാന്‍ സിനിമയില്‍ ജീവിച്ച് മരിക്കുമെന്നാണ് മിഷ്‌കിന്‍ എപ്പോഴും പറയുക. മകനോടുള്ള എന്റെ സ്‌നേഹം കണ്ടിട്ടാകാം, ഒരു ചടങ്ങില്‍വെച്ച് മിഷ്‌കിന്‍ അങ്ങനെ പറഞ്ഞത്. അതുകേട്ട് ഞാന്‍ ഇമോഷണലായി.
ഞാന്‍ ഒരിക്കലും 'സെലിബ്രിറ്റി ജീവിതം' ആഗ്രഹിച്ചിട്ടില്ല. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സാധാരണ പെണ്‍കുട്ടിയാണ്. കടന്നുവന്ന വഴികള്‍ മറക്കാന്‍ പറ്റില്ല. ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്താന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.
സിനിമയിലെത്തുമ്പോള്‍ പതിനാറുവയസ്സായിരുന്നു. എന്നെ ശോഭനയെപ്പോലെ നൃത്തംചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന നടിയാക്കണമെന്നത് മമ്മിയുടെ ആഗ്രഹമായിരുന്നു. നൃത്താധ്യാപികയാവാനായിരുന്നു എനിക്കാഗ്രഹം. ചെറുപ്പത്തിലേ നൃത്തവേദികളില്‍ സജീവമായിരുന്നു.
സിനിമയില്‍ ആദ്യത്തെ അഞ്ചെട്ടുവര്‍ഷം പിടിച്ചുനില്‍ക്കാന്‍ കുറേ കഷ്ടപ്പെട്ടു. പിന്നീട് തമിഴില്‍ നായികയായി. മലയാളത്തില്‍നിന്ന് ഒരുപിടി നല്ല അവസരങ്ങള്‍ തേടിയെത്തി. ഇരുപതുവര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ഡാന്‍സര്‍ എന്ന നിലയിലാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. തെലുഗുവില്‍ ഒരു വാക്കുപോലും പറയുമെന്ന് സ്വപ്‌നത്തില്‍ കരുതിയതല്ല. ഇന്ന് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പേരെടുക്കാന്‍ കഴിഞ്ഞു. ഇതെല്ലാം ഭാഗ്യമായി കരുതുന്നു.
വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടല്ലോ?
വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ അഞ്ചുനേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ല. എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസ്സിലല്ലേ. ഈയിടെ ഞാന്‍ ഉംറയ്ക്ക് പോയിരുന്നു. എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു.
ഡാന്‍സര്‍ എന്ന ലേബല്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയോ?
തീര്‍ച്ചയായും. സ്റ്റേജ്ഷോ കുറയ്ക്കണം. അതുകൊണ്ടാണ് മലയാളസിനിമയില്‍ അവസരം കുറയുന്നതെന്ന് എത്രയോപേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു രീതി മലയാളത്തിലുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എപ്പോഴും സ്റ്റേജില്‍ കാണുന്നതുകൊണ്ട് അഭിനയിപ്പിക്കാന്‍ പലര്‍ക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍ തമിഴ്, തെലുഗു ഇന്‍ഡസ്ട്രിയില്‍നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അവര്‍ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നു.
'ചിന്താമണി കൊലക്കേസി' ലെ ഭാവനയുടെ റോളാണ് തെലുഗുവില്‍ ആദ്യമായി ചെയ്തത്. ഇഷ്‌ക്, ജോസഫ് തുടങ്ങിയ മലയാളം സിനിമകളുടെ തമിഴ്-തെലുഗു പതിപ്പുകളിലും നായികയായി.
മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് വലിയൊരു സംവിധായകന്‍ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തംചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ. ഒരുകാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസ്സിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും 'ഷംന കാസിം ഓണ്‍ ദ സ്റ്റേജ് 'എന്ന് പറയുന്നത് കേള്‍ക്കണം.
മലയാളികള്‍ക്ക് ഷംന, തെലുങ്കര്‍ക്ക് പൂര്‍ണ, യൂട്യൂബ് വ്യൂവേഴ്സിന് ചിന്നാട്ടി... ഒരാള്‍ക്കുതന്നെ ഇത്രയധികം പേരുകള്‍...
ശരിക്കുള്ള പേര് ഷംന എന്നുതന്നെയാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ചിന്നാട്ടി. മുത്തശ്ശി നല്‍കിയ പേരായതുകൊണ്ടാണ് വ്ളോഗിന് ആ പേരിട്ടത്. തമിഴ് സിനിമയിലഭിനയിക്കുമ്പോള്‍ പൂര്‍ണ എന്ന് പേര് വന്നു. മടിച്ചിയായതുകൊണ്ട് വല്ലപ്പോഴുേമ വ്ളോഗ് ചെയ്യാറുള്ളൂ. തെലുഗു ബേസ് ചെയ്തിട്ടാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അവിടെ സെലിബ്രിറ്റികള്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് വലിയ കാര്യമാണ്.
ഷംനയുടെ വിവാഹവാര്‍ത്തയും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയിരുന്നല്ലോ...
ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിനുശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു.
ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനുവേണ്ടി ദുബായിലേക്ക് പോയി. ഗോള്‍ഡന്‍ വിസ വാങ്ങാന്‍കൂടി വേണ്ടിയായിരുന്നു ആ യാത്ര. ഇക്കയുടെ കമ്പനിയാണ് ഗോള്‍ഡന്‍ വിസ നല്‍കിയത്. മര്‍ഹബ എന്ന പരിപാടിയും അവര്‍ക്കുവേണ്ടി ചെയ്തതായിരുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മമ്മിക്കും ഡാഡിക്കും ആളെ ഇഷ്ടമായി. അത് വിവാഹാലോചനയിലുമെത്തി. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് എല്ലാം ഉറപ്പിച്ചു. ഉടനെ നിക്കാഹും നടത്തി. അന്ന് ഞങ്ങള്‍ ഫോട്ടോയും വീഡിയോയും ഒന്നും പുറത്തുവിട്ടിരുന്നില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചുകൊണ്ടുള്ള ചടങ്ങായിരുന്നു.
ഞങ്ങളുടെ നാട്ടില്‍ നിക്കാഹ് കഴിഞ്ഞാല്‍ ചെറുക്കനും പെണ്ണിനും ഒന്നിച്ച് താമസിക്കാം. അങ്ങനെ നിക്കാഹിനുശേഷം ഞാന്‍ ദുബായിലേക്ക് വന്നു. പിന്നെ ജൂലായില്‍ മാലകെട്ടല്‍ ചടങ്ങ് നടത്തി. അത് വിവാഹനിശ്ചയമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. ഉടനെ ഗര്‍ഭിണിയാണെന്നുകൂടി അറിഞ്ഞതോടെ ഊഹാപോഹങ്ങളായി.
ആ സമയത്ത് ചെയ്തുകൊണ്ടിരുന്ന സിനിമകള്‍ തീര്‍ക്കേണ്ടതുകൊണ്ട് ആഘോഷങ്ങളൊക്കെ അല്പം താമസിച്ചാണ് നടത്തിയത്. അന്ന് നയന്‍താരയുടെയും ആലിയഭട്ടിന്റെയുമൊക്കെ ഗര്‍ഭവിശേഷങ്ങള്‍ക്കൊപ്പം എന്റെ പേരും കയറിവന്നു. കല്യാണത്തിന് മുന്നേ ഗര്‍ഭിണിയാവേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകളുമെത്തി. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. പക്ഷേ, ഇപ്പോഴില്ല. ചര്‍ച്ചയാവാന്‍ ഒരു തലക്കെട്ടാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ ആയിക്കോട്ടെ. ഇതിനൊക്കെയുള്ള വിശദീകരണം എന്റെ യൂട്യൂബ് ചാനലിലൂടെ നല്‍കിയതുമാണ്.
പോയ വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും ആസ്വദിച്ച, സന്തോഷിച്ച നാളുകള്‍?
മകന്‍ ഹംദാനൊപ്പമുള്ള ഈ നിമിഷങ്ങളാണ് ഏറ്റവും മനോഹരം. സിനിമ ധാരാളം നല്ല അനുഭവങ്ങള്‍ തന്നിട്ടുണ്ട്. എന്നാലും ബാക്കിയെല്ലാം ഞാന്‍ മറന്നുപോയിരിക്കുന്നു. വിവാഹം കഴിക്കാന്‍ വൈകിപ്പോയി എന്നാണ് തോന്നിയിട്ടുള്ളത്.
'പൂച്ചമയക്കം' കഴിഞ്ഞ് ഹംദാന്‍വാവ കളി തുടങ്ങിയിരുന്നു. സംസാരത്തിനിടയില്‍ ഷംനയുടെ നോട്ടം കുഞ്ഞിനു നേരെ പലവട്ടം പറന്നു. കുറച്ചുനേരം കളിച്ചുനടന്ന് അവന്‍ അമ്മയ്ക്കടുത്തേക്ക് ചിണുങ്ങിയെത്തി. ഇനി കുഞ്ഞിക്കുമ്പ നിറയ്ക്കണം. ആപ്പിള്‍ ജ്യൂസും പഴവുമൊക്കെ കൈയിലെടുത്ത് ഷംന മകന്റെ പിന്നാലെ നടന്നു.
Content Highlights: indian actress shamna kasim poorna interview