പ്രേംനസീര്‍ പറഞ്ഞു: ബാലചന്ദ്ര മേനോൻ, താങ്കളുടെ ഉദ്ദേശ്യം പത്രപ്രവര്‍ത്തനമല്ല

ഞാന്‍ ഇടവ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി; സിനിമയില്‍ അന്നേ കമ്പമുണ്ട്. വര്‍ക്കലയില്‍ ജെ.ഡി. തോട്ടാന്‍ സംവിധാനം ചെയ്യുന്ന പ്രേംനസീര്‍ നായകനായ 'വിവാഹം സ്വര്‍ഗത്തില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു എന്നറിയുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല, സൈക്കിള്‍ ചവിട്ടി വിയര്‍ത്തുകുളിച്ച് അവിടെ ചെല്ലുമ്പോള്‍ ഒരു വീടിന് മുന്നില്‍ രണ്ട് കസേരകളിലായി പ്രേംനസീറും ഷീലയും ഇരിക്കുന്നു. എന്റെ ആദ്യ ദര്‍ശനം ഗേറ്റിന് പുറത്തുള്ള കൂട്ടത്തില്‍നിന്ന് ഞാന്‍ കാണിക്കുന്ന വെപ്രാളം കണ്ടിട്ടാവണം സ്വതസിദ്ധമായ ശൈലിയില്‍ പ്രേംനസീര്‍ എന്നെ അകത്തേക്ക് വിളിച്ചു. അമ്പുപോലെ ഞാന്‍ പാഞ്ഞുചെന്നു. വീടിന്റെ പിന്‍ഭാഗത്ത് ഒരു ഷോട്ടിന് തയ്യാറായി നില്‍ക്കുന്ന യൂണിറ്റ് അംഗങ്ങളെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ''ഈ പടത്തിന്റെ സംവിധായകന്‍ ആരാ?'' ആ ചോദ്യം കേട്ട് പ്രേംനസീറിന്റെ മുഖത്ത് കൗതുകം.
അദ്ദേഹം സംവിധായകനെ വിളിച്ചു. വെള്ള പാന്റ്‌സും വെള്ള ഷര്‍ട്ടും വെള്ള തൊപ്പിയും ധരിച്ച സംവിധായകന്‍ ജെ.ഡി. തോട്ടാന്‍ വന്നു. പ്രേംനസീര്‍ പറഞ്ഞു ''അസ്സേ ഇദ്ദേഹം നിങ്ങളുടെ കടുത്ത ആരാധകനാണ്. ഞങ്ങളെ ഒന്നും കാണണ്ട, നിങ്ങളെ മാത്രം കാണാന്‍ വേണ്ടി ഇടവയില്‍നിന്ന് സൈക്കിള്‍ ചവിട്ടി വിയര്‍ത്തുവന്നിരിക്കുകയാണ്.'' തോട്ടാന്‍ ചിരിച്ച് തന്റെ തലയില്‍ ഇരുന്ന തൊപ്പിയെടുത്ത് തമാശരൂപേണ എന്റെ തലയില്‍ പ്രതിഷ്ഠിച്ചു. അങ്ങനെ ഞാനൊരു സംവിധായകന്റെ തൊപ്പി അറിയാതെയാണെങ്കിലും അണിയുന്നതിന് സാക്ഷി നിത്യഹരിതനായകന്‍ പ്രേംനസീറായി!
രണ്ടാമൂഴം
വര്‍ഷങ്ങള്‍ക്കുശേഷം 1976-ല്‍ മദിരാശിയിലെ പ്രകാശ് സ്റ്റുഡിയോയില്‍ വെച്ച് പത്രപ്രതിനിധിയായ ഞാന്‍ പ്രേംനസീറിനെ ഇന്റര്‍വ്യൂ ചെയ്യുന്നു. യാത്ര പറയുമ്പോള്‍ പ്രേംനസീര്‍ ചോദിച്ചു: ''ഒന്ന് ചോദിച്ചോട്ടെ, എന്താ നിങ്ങളുടെ ഉദ്ദേശ്യം?
''അത്... ഞാന്‍... പത്രപ്രവര്‍ത്തനത്തെ...''
''ആവാം, പക്ഷേ, ഉദ്ദേശ്യം അതല്ല. ഉറപ്പാ...'' പ്രേംനസീര്‍ ചിരിച്ചു. ഞാനും ചിരിച്ചു.
മൂന്നാംപക്കം
1980-ന്റെ ആരംഭം, പൊന്‍മുടിയില്‍ ടി.കെ. ബാലചന്ദ്രന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പ്രേംനസീറാണ് നായകന്‍. ഉച്ചയൂണിന്റെ ഇടവേളയില്‍ ഞങ്ങള്‍ ഒത്തുകൂടി. എന്റെ സിനിമാസംരംഭങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഞങ്ങള്‍ക്കിടയില്‍ വേണ്ടാത്ത ഒരു നിശ്ശബ്ദത ഘനീഭവിച്ചു. പ്രേംനസീര്‍ പ്രത്യേകിച്ച് ആരും ചോദിക്കാതെതന്നെ അടുത്ത ഒന്നരവര്‍ഷത്തെ തന്റെ ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു. ഞാന്‍ പറഞ്ഞു: ''നന്നായിരിക്കട്ടെ, അതുകഴിഞ്ഞ് സാറിന്റെ ഒരു ഡേറ്റ് എനിക്ക് തന്നാല്‍ മതി. ഞാനിപ്പോള്‍ വന്നത് എനിക്ക് അങ്ങയുടെ മകന്‍ ഷാനവാസിന്റെ ഡേറ്റ് വേണം. പ്രേമഗീതങ്ങളിലെ നായകനായി, അതിന് അനുമതി വേണം.'' പ്രേംനസീര്‍ ഞെട്ടിപ്പോയി. അത് ഒന്നൊന്നര ഞെട്ടലായിരുന്നു...
ഒന്നൊന്നരഞെട്ടല്‍
1983, കോഴഞ്ചേരിയില്‍ കാര്യം നിസ്സാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍. പ്രേംനസീറിന്റെ ഷൂട്ടിങ് ഇന്ന് തുടങ്ങുകയാണ്. ഉണ്ണിത്താന്റെ മേക്കപ്പ് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സംവിധായകനെ അന്വേഷിച്ചു, അഭിപ്രായമറിയാന്‍. മേക്കപ്പ്മാന്‍ സോമനുമായി ഞാന്‍ കാര്യം നിസ്സാരത്തിലെ ഉണ്ണിത്താന്‍ വക്കീലിനെ കണ്ടു.
''എക്‌സലന്റ് '' എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അദ്ദേഹത്തിന് കൈകൊടുത്തു പിരിയാന്‍ പുറപ്പെട്ടപ്പോള്‍ പ്രേംനസീര്‍ വാചാലനായി: ''മിസ്റ്റര്‍ മേനോന്‍ നമ്മള്‍ പ്രകാശ് സ്റ്റുഡിയോയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതോര്‍മയുണ്ടോ? താങ്കളുടെ ഉദ്ദേശം പത്രപ്രവര്‍ത്തനമല്ലെന്ന്, ഇപ്പോള്‍ എന്തു പറയുന്നു...?'' സത്യത്തില്‍ ഞാന്‍ ഒന്നു ഞെട്ടി. അതും ഒരു ഒന്നൊന്നര ഞെട്ടലായിരുന്നു.
കൂട്ടിലെ സിംഹം
എന്റെ സിനിമാജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എന്നെ പരിചയപ്പെടുത്തിയ, അല്ലെങ്കില്‍ ഞാന്‍ പ്രതിനിധാനം ചെയ്തിരുന്ന പ്രസിദ്ധീകരണം തന്നെ എനിക്കെതിരായി. എന്നെ ഒരുപാട് വേദനിപ്പിക്കുന്ന രീതിയില്‍ അവര്‍ പലതും ചെയ്തു. അന്ന് അദ്ദേഹം നല്കിയ ഉപദേശം, ''മനസ്സുകൊണ്ട് വിഷമിക്കരുത്, ഒരിക്കലും പ്രതികരിക്കുകയും അരുത്. കലാകാരന്‍ കാഴ്ചബംഗ്ലാവിലെ കൂട്ടിലെ സിംഹമാണ്. കാണാന്‍ വരുന്നവര്‍ കല്ലെടുത്തെറിയും, ഉറങ്ങിക്കിടക്കുന്ന സിംഹം ഒന്ന് ഗര്‍ജിച്ചുകാണാന്‍. അതിന് വശംവദരാകരുത്.''
നല്ലസമയം
'ഇത്തിരി നേരം ഒത്തിരി കാര്യം' ഷൂട്ടിങ് വേളയില്‍ കുടുംബസംബന്ധമായ ഒരു കാര്യത്തിനുവേണ്ടി ഞാന്‍ കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നോടൊപ്പം അസോസിയേറ്റ് ഡയറക്ടറായ ആര്‍. ഗോപിനാഥും ഉണ്ട്. ഡ്രൈവിങ്ങിന്റെ ആരംഭനാളുകളായതുകൊണ്ട് ഡ്രൈവറെ അരികിലിരുത്തി ഞാന്‍ തന്നെ വണ്ടിയോടിച്ചു.
ചെറിയ ചാറ്റല്‍ മഴയുമുണ്ട്; തുടക്കക്കാരന്റെ ഓവര്‍ സ്പീഡ് കൊണ്ടോ നനഞ്ഞ റോഡിന്റെ വഴുക്കല്‍ കൊണ്ടോ കാറിന്റെ നിയന്ത്രണം വിട്ട് ഒരു അപകട ത്തില്‍ കലാശിച്ചു. ഗോപിയുടെ തോളെല്ലും ഒടിഞ്ഞു. ഫാസിലാണ് ഫസ്റ്റ് എയ്ഡ് സംബന്ധിച്ചുള്ള സൗകര്യങ്ങള്‍ ചെയ്തുതന്നത്. ഇത് കേട്ടറിഞ്ഞ പ്രേം നസീര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ഇതുകൊണ്ട് മനസ്സ് ബേജാറാകേണ്ട കാര്യമില്ല. നമ്മളുടെ നല്ല സമയത്ത് ഇങ്ങനെ കൊച്ചുകൊച്ച് അപകടങ്ങള്‍ വരും. എനിക്കും ഉണ്ടായിട്ടുണ്ട്. ഇനിയും വരാന്‍ പോകുന്ന നല്ല സമയത്തിന്റെ സൂചനയാണെന്ന് കരുതുക, സൂക്ഷിക്കണം എന്ന് മാത്രം.''
കുറിമാനം കിട്ടി
തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് ഞാന്‍ വി ആന്‍ഡ് വി എന്ന എന്റെ വീട് പാലുകാച്ചിയ ദിവസം. സിനിമയിലുള്ള എല്ലാ സുഹൃത്തുക്കളെയും ആ ദിവസം തന്നെ ക്ഷണിച്ചാല്‍, വരുന്നവരും എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും എല്ലാവരും കൂടിച്ചേരുമ്പോള്‍ ആര്‍ക്കും ശ്രദ്ധ കിട്ടാതെ പോകരുതെന്ന് കരുതിക്കൊണ്ട് ഞാനൊരു കുറിമാനം സിനിമാസുഹൃത്തുക്കള്‍ക്ക് അയച്ചു. ''എന്റെ വീടിന്റെ പാലുകാച്ച് ഇന്ന ദിവസമാണെന്നും നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും സ്വാഗതം'' എന്നും എഴുതി. ആ കുറിമാനത്തെ പലരും ദുര്‍വ്യാഖ്യാനിച്ച് വരാതിരിക്കുകയും ചെയ്തു.
അന്ന് രാത്രിയില്‍ ഭഗവതിസേവ പൂജ കഴിഞ്ഞ് കാര്‍ഷെഡില്‍ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവും അടങ്ങുന്ന അത്താ ഴം കഴിക്കുമ്പോള്‍ ഗേറ്റില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം. അതില്‍നിന്ന് ഇറങ്ങുന്നു നിത്യഹരിതനായകന്‍ പ്രേംനസീര്‍, സമ്മാനപ്പൊതികളുമായി. ഞാനും കുടുംബാംഗങ്ങളും ഞെട്ടിപ്പോയി, വീണ്ടും ഒരു ഒന്നൊന്നര ഞെട്ടല്‍...!
അദ്ദേഹം പറഞ്ഞു: ''കുറിമാനം എനിക്ക് കിട്ടി. എന്നുവേണമെങ്കിലും വരാം എന്ന് താങ്കള്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഓണത്തിന് ഉള്ളതല്ലേ ഓണക്കോടി, നിങ്ങളുടെ ഇന്നത്തെ ദിവസത്തിന്റെ സന്തോഷം പങ്കിടാന്‍ നാളെ വന്നാല്‍ പറ്റില്ലല്ലോ.''
നഷ്ടബോധം
പ്രശ്‌നം ഗുരുതരം ഷൂട്ടിങ് കണ്ണൂരില്‍ നടക്കുന്നു. ഒരു വൈകുന്നേരം ഷൂട്ടിങ്ങിന് എന്തോ അമാന്തം ഉണ്ടായപ്പോള്‍ ഞാനും നസീര്‍സാറും കടപ്പുറത്ത് കുറച്ചുനേരം ഒറ്റപ്പെട്ടു. അദ്ദേഹം ഇരിക്കുന്നത് എന്നില്‍ നിന്നും അല്പം ദൂരെയായി കടലിനഭിമുഖമായിട്ടാണ്. എന്തൊക്കെയോ ചിന്തകളില്‍ വ്യാപൃതനായി ഇരിക്കുന്ന സാറിനോട് ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു. ''സാര്‍ ഞാനൊന്നു ചോദിക്കട്ടെ? ആലോചിക്കാതെ ഉടനെ ഉത്തരം പറയണം... ഇവിടെ ഇരുന്നുകൊണ്ട് ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നു..?''
അദ്ദേഹം ഒരിക്കലും ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ഒരുനിമിഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒരു ഉത്തരത്തിനായി തിരഞ്ഞു. അദ്ദേഹം പറഞ്ഞു: ''ഒരു വല്ലാത്ത നഷ്ടബോധം. പലയിടങ്ങളിലും ജീവിക്കാന്‍ മറന്നതുപോലെ... ബട്ട് ദാറ്റ് ഈസ് ദി പെനാല്‍റ്റി ഫോര്‍ ദ നെയിം ആന്‍ഡ് ഫെയിം.''
കാര്യം നിസ്സാരം
നൂറുകണക്കിന് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച പ്രേംനസീറിനെ സംബന്ധിച്ച് കാര്യം നിസ്സാരം എന്ന ചിത്രത്തിലെ ഉണ്ണിത്താന്‍ ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രമായിരുന്നു. സാന്ദര്‍ഭികമായി പറയട്ടെ കാര്യം നിസ്സാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നത്. പദ്മാപുരസ്‌കാരത്തിന്റെ തിളക്കത്തില്‍ എത്രയോ ചടങ്ങുകളില്‍ അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങുമ്പോള്‍, ആ വേദികളില്‍ എന്റെ സാന്നി ധ്യം ഉണ്ടായിരുന്നു.
എല്ലാ ചടങ്ങുകളിലും തന്റെ പ്രസംഗത്തിന് ഒടുവില്‍ അദ്ദേഹത്തിന്റെ സ്ഥിരം വാചകം ഉണ്ടായിരുന്നു, എന്നെ നോക്കി ക്കൊണ്ട്, ''എന്തുപറഞ്ഞാലും ശ്രീ. ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ ഉണ്ണിത്താനെ എനിക്ക് ഇഷ്ടമാണ്.''
അതൊരു ആവര്‍ത്തനമായി മാറിയപ്പോള്‍ എവിടെയെങ്കിലും എന്തെങ്കിലും ഒരു വേദിയില്‍ അദ്ദേഹം ഇതു പറയാതെയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശി ച്ചിട്ടുണ്ട്. ഇല്ല, അദ്ദേഹം പറയുകതന്നെ ചെയ്യും. ഇത്രയും ഇഷ്ടം അദ്ദേഹത്തിന് ഈ കഥാപാത്രത്തിനോട് ഉണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ മരണത്തിലൂടെയാണ്.... എങ്ങനെയെന്നല്ലേ?
ഉണ്ണിത്താന്റെ മുഖം
16.01.1989, നിത്യവസന്തം പൊലിഞ്ഞ ദിവസം. ലോകമെമ്പാടുമുള്ള മലയാളികള്‍ വേദനിച്ച നിമിഷം. പ്രേംനസീറിന്റെ ഭൗതികദേഹം തിരുവനന്തപുരത്തെത്തി സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി, ജന്മസ്ഥലമായ ചിറയിന്‍കീഴിലേക്ക് അവസാന യാത്രയാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവാറാകുമ്പോഴാണ് ഒരു പ്രശ്‌നം ഉദിക്കുന്നത്. പേടകം വഹിച്ചുകൊണ്ടുള്ള വണ്ടിയുടെ മുന്നില്‍ വെയ്ക്കാന്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം വേണം. ആള്‍ക്കാര്‍ പലയിടത്തും ചിത്രത്തിനായി ഓടി. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും തിയേറ്ററുകളിലില്ല. ആരോ ഒരാള്‍ കാര്യം നിസ്സാരം എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ എവിടെനിന്നോ കണ്ടെത്തി. അതില്‍നിന്നും അടര്‍ത്തിയെടുത്ത പ്രേംനസീറിന്റെ മുഖമാണ് ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് ഒരു അലങ്കാരമായത്. അഞ്ഞൂറിന് മേലെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച പ്രേംനസീറിന്റെ അവസാനയാത്രയില്‍ ഉണ്ണിത്താന്‍ എന്ന കഥാപാത്രത്തിന് മാത്രം നറുക്കുവീണെങ്കില്‍, പല വേദികളിലും ഞാന്‍ പ്രേംനസീര്‍ പറഞ്ഞുകേട്ടത് സത്യമാണ്... ആത്മാര്‍ഥമാണ്... ഹൃദയത്തില്‍ തട്ടി പറഞ്ഞതുമാണ്.
''എന്തുപറഞ്ഞാലും ശ്രീ. ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ ഉണ്ണിത്താനെ എനിക്ക് ഇഷ്ടമാണ്..''
Content Highlights: in memory of prem nazir by balachandra menon