40 വർഷങ്ങൾക്ക് ശേഷം രജിനികാന്തും ഹൃത്വിക് റോഷനും ഒന്നിക്കുന്നു, ജയിലറിൽ ഷാരൂഖില്ല

രജിനികാന്ത്, ഹൃത്വിക് റോഷൻ | AFP
രജിനികാന്ത്, ഹൃത്വിക് റോഷൻ | AFP

തമിഴ് സൂപ്പർതാരം രജനികാന്തും ബോളിവുഡ് നടൻ ഹൃത്വിക് റോഷനും ഏകദേശം നാലു പതിറ്റാണ്ടിനുശേഷം സ്ക്രീനിൽ ഒന്നിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയിലറിന്റെ രണ്ടാംഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക.

ഷാരൂഖ് ഖാൻ മുൻപ് ചെയ്യാനിരുന്ന വേഷമാണിത്. കിംഗ് എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഷാരൂഖിന് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അദ്ദേഹം പിന്മാറിയിരുന്നു. അതോടെയാണ് ഹൃത്വിക് വേഷം ഏറ്റെടുത്തത്. 1986-ൽ ഇറങ്ങിയ ഭഗവാൻ ദാദ എന്ന ചിത്രത്തിലാണ് ഹൃത്വിക്കും രജനീകാന്തും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഹൃത്വിക് ഒരു ബാലതാരമായിരുന്നു ചിത്രത്തിൽ.

എന്നാൽ ജയിലറിൽ (jailer 2) ശക്തമായ അതിഥി വേഷമാണ് അദ്ദേഹത്തിനെന്നും, പ്രതിസന്ധി ഘട്ടത്തിൽ രജനിയെ സഹായിക്കാനെത്തുന്ന സുഹൃത്താണദ്ദേഹമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ മാസം ഹൃത്വിക്കിന്റെ ഭാഗം ചിത്രീകരിക്കുമെന്നറിയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ച് കാലം മുൻപ് പൂർത്തിയായെങ്കിലും, ചില രംഗങ്ങൾ ഇപ്പോൾ വീണ്ടും ചിത്രീകരിക്കുകയാണെന്നാണ് വിവരം. ‌‌

നേരത്തേ നിശ്ചയിച്ചിരുന്നതുപ്രകാരം അതിഥി വേഷത്തിനായി അഞ്ചുദിവസത്തെ ഷൂട്ടിനാണ് ഷാരൂഖ് എത്തേണ്ടിയിരുന്നത്. തീയതികളും തീരുമാനിച്ചിരുന്നു. എന്നാൽ കിംഗിൽ അദ്ദേഹത്തിന് ഒരു പ്രത്യേക രൂപഭാവമുണ്ട്, ചിത്രമിറങ്ങുന്നതിനു മുമ്പ് മറ്റൊരു സിനിമയിലും അതേ രൂപഭാവം വരാൻ ഷാരൂഖ് ആഗ്രഹിക്കുന്നില്ലത്രേ.

കിംഗിന് ശേഷം ജയിലറിന്റെ റിലീസ് ക്രമീകരിക്കാമോയെന്നും ഷാരൂഖ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അത് സാധിക്കാതെ വന്നതോടെ പിന്മാറുകയായിരുന്നു. നെൽസൺ ദിലീപ്കുമാർ ആണ് ജയിലർ 2 സംവിധാനം ചെയ്യുന്നത്. വിദ്യ ബാലന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ജയിലർ 2.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hrithik Roshan joins the cast of Jailer 2 for a pivotal cameo role., Shah Rukh Khan exited the project to prioritize his look for the film King., This marks a 40-year reunion for Hrithik and Rajnikanth since Bhagwan Dada (1986)., Director Nelson Dilipkumar is currently reshooting specific portions of Jailer 2., Jailer 2 features a star-studded cast including Vidya Balan, SJ Suriya, and Mohanlal.