ഒരു സ്ത്രീ എഴുതിയ കത്ത് രജനീകാന്ത് സിനിമയെ പരാജയത്തിൽനിന്ന് രക്ഷിച്ചതെങ്ങനെ?

രജനീകാന്ത്, മീന / Pinterest
രജനീകാന്ത്, മീന / Pinterest

1993-ൽ റിലീസായ രജനീകാന്ത് ചിത്രമാണ് 'യജമാൻ'. മീന, ഐശ്വര്യ, എം.എൻ.നമ്പ്യാർ, മനോരമ തുടങ്ങിയ വമ്പൻ താരനിര സിനിമയിലുണ്ടായിരുന്നു. എന്നാൽ, സിനിമ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല ആദ്യം. ഒടുവിൽ ഒരു സ്ത്രീയുടെ കത്താണ് സിനിമയെ രക്ഷിച്ചത്. ആ കഥയിങ്ങനെ.

ആർ.വി.ഉദയകുമാറാണ് സിനിമ സംവിധാനം ചെയ്തത്. നിർമിച്ചത് എം.ശരവണൻ, എം.ബാലസുബ്രഹ്മണ്യം, എം.എസ്.ഗുഹൻ എന്നിവരും.

അപ്രതീക്ഷിതമായിട്ടാണ് രജനീകാന്തിന്റെ നായികയായി മീനയെത്തുന്നത്. കാരണം കുറച്ചുവർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ മറ്റൊരു രജനിചിത്രത്തിൽ മീന ബാലതാരമായിട്ടാണ് അഭിനയിച്ചത്. അതുകൊണ്ട് ആരാധകർ തങ്ങളുടെ ജോഡിയെ സ്വീകരിക്കില്ലെന്നും അദ്ദേഹം ചിന്തിച്ചു. പക്ഷേ ഒടുവിൽ മീനയുടെ നിർബന്ധം കാരണം രജനി അത് സമ്മതിക്കുകയായിരുന്നുവത്രെ. മാത്രമല്ല സിനിമയിലെ വില്ലനായ കഥാപാത്രത്തെ നെപ്പോളിയൻ അവതരിപ്പിക്കണമെന്നായിരുന്നു സംവിധായകൻ ആഗ്രഹിച്ചത്. പക്ഷേ, കഥാപാത്രത്തേക്കാൾ പ്രായക്കുറവുള്ളതിനാൽ അതുവേണ്ടെന്ന് രജനിയും പറഞ്ഞു. എന്നാൽ, സംവിധായകൻ സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നു.

ഇളയരാജ സംഗീതം നൽകിയ എട്ടുപാട്ടുകളാണ് സിനിമയിലുണ്ടായിരുന്നത്. അതിലൊരു പാട്ടൊഴിച്ച് ബാക്കിയെല്ലാം രചിച്ചത് സംവിധായകനായ ഉദയകുമാർ തന്നെ.

ഏറെ പ്രതീക്ഷകളോടെ എത്തിയ സിനിമ എന്നാൽ, ബോക്‌സോഫീസിൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല. പല സ്ഥലങ്ങളിലും സിനിമ തീരെ സ്വീകരിക്കപ്പെട്ടില്ല. സിനിമ ആദ്യപകുതി വരെ നല്ലതായിരുന്നുവെങ്കിലും, പിന്നീട് ഇഴഞ്ഞുനീങ്ങിയെന്നാണ് പലരും ആരോപിച്ചത്. അതിനൊപ്പം ഇത്രയധികം പാട്ടുകളും സിനിമയ്ക്ക് തിരിച്ചടിയായി.

അതിനിടയിലാണ് വഴിത്തിരിവായി ഒരു കത്ത് ലഭിക്കുന്നത്. തിലഗവതി എന്ന് പേരുള്ളൊരു സ്ത്രീ സിനിമയെക്കുറിച്ചുള്ള നിരൂപണം ഒരു കത്തായി അയച്ചു. ഈ കത്ത് യാദൃശ്ചികമായി നിർമാതാക്കളിലൊരാളായ ശരവണന്റെ കൈകളിലെത്തി. ഇത് സിനിമയുടെ പ്രൊമോഷനുപയോഗിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.

പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് വന്ന എല്ലാ പരസ്യങ്ങളിലും ഈ കത്തും ഉൾപ്പെടുത്തി. പതുക്കെ സിനിമ കാണാൻ ആളുകളെത്തിത്തുടങ്ങി. രജനീകാന്തിന്റെ ആരാധകർക്ക് ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, പൊതുജനങ്ങളുടെ പിന്തുണയാണ് ചിത്രം വിജയിപ്പിച്ചതെന്നും പിന്നീട് നിർമാതാക്കൾ അവകാശപ്പെട്ടു. അതുകഴിഞ്ഞ് 175 ദിവസമാണ് പലയിടങ്ങളിലും സിനിമ ഓടിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover how a letter from a woman rescued Rajinikanth`s `Yajaman` from initial failure. Learn about the film`s cast, production, and unexpected comeback