ഹേമാമാലിനിയെ ഒരു തമിഴ് സിനിമയിൽ നിന്നൊഴിവാക്കിയത് ഇക്കാരണത്താൽ, വെളിപ്പെടുത്തി നടി

ഒരുകാലത്ത് ബോളിവുഡിന്റെ ഡ്രീംഗേളായിരുന്നു ഹേമാമാലിനി. നൃത്തമാണ് അവരെ സിനിമയിലേക്ക് അടുപ്പിച്ചത്. സിനിമയിൽ ആരും കൊതിക്കുന്ന ഉയരത്തിലെത്തിയെങ്കിലും കരിയറിന്റെ തുടക്കത്തിൽ വലിയൊരു തിരിച്ചടി അവർക്ക് നേരിടേണ്ടിവന്നിരുന്നു. വളരെ മെലിഞ്ഞതാണ് എന്ന കാരണത്താൽ ഒരു തമിഴ് സിനിമയിൽ നിന്ന് അവരെ ഒഴിവാക്കിയതായിരുന്നു ആ സംഭവം. അന്നത് നിരാശയിലേക്ക് നയിച്ചെങ്കിലും സിനിമാരംഗത്തെ യാത്രയെ പരുവപ്പെടുത്താൻ ആ അനുഭവം സഹായിച്ചുവെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും, തിരക്കഥ ശക്തമല്ലാത്തതിനാലും താൻ അഭിനയരംഗത്ത് പുതിയ ആളായതിനാലും ആ പ്രോജക്റ്റ് മുന്നോട്ട് പോയില്ലെന്ന് ഹേമ പറയുന്നു. നൃത്തം രൂപപ്പെടുത്തിയ നടിയുടെ ഭാവങ്ങളും സംഭാഷണ രീതികളും സംവിധായകൻ്റെ പ്രതീക്ഷകൾക്കൊത്ത് വന്നില്ല. കൂടാതെ അവരുടെ മെലിഞ്ഞ ശരീരം അന്നത്തെ ദക്ഷിണേന്ത്യൻ പ്രേക്ഷകർ ഒരു പോരായ്മയായി കണക്കാക്കുമെന്നും വന്നു.
ആ വേഷത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത് വ്യക്തിപരമായ പരാജയമായി തോന്നിയെന്നും വേദനിപ്പിച്ചെന്നും ഹേമമാലിനി സമ്മതിച്ചിട്ടുണ്ട്. ആ സംഭവത്തെപ്പറ്റി അവർ പറഞ്ഞതിങ്ങനെ.
"ഒരു തമിഴ് സിനിമയിൽ നിന്ന് അവസരം വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങി. പക്ഷേ എന്തുകൊണ്ടോ അതിൻ്റെ തിരക്കഥ അത്ര നല്ലതായിരുന്നില്ല. ആ കാലത്ത് അഭിനയം പഠിപ്പിക്കുന്ന സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ അഭിനയരംഗത്ത് തികച്ചും പുതിയ ആളായിരുന്നു. എനിക്ക് നൃത്തം മാത്രമേ അറിയാമായിരുന്നുള്ളൂ. നൃത്തത്തിലൂടെ ഞാൻ എന്ത് ഭാവം പ്രകടിപ്പിച്ചാലും എന്ത് സംഭാഷണം പറഞ്ഞാലും, അത് ആ രീതിയിലായിരുന്നു. അവർക്ക് എന്തോ ഞാൻ അത്ര ശരിയല്ലെന്ന് തോന്നി. ഞാൻ വളരെ മെലിഞ്ഞതായിരുന്നു. മെലിഞ്ഞത് എന്നോ നേർത്തത് എന്നോ പറയണം. എനിക്കറിയില്ല. ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു."
"ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക്, നിങ്ങൾക്കറിയാമല്ലോ, ആ കാലഘട്ടത്തിലെ നായികമാർക്ക് കുറച്ച് തടിയൊക്കെയുണ്ടായിരുന്നു. ഞാൻ അങ്ങനെയൊന്നുമായിരുന്നില്ല. അതായിരുന്നു പോരായ്മ. അതിനാൽ, ഞാൻ അത് ചെയ്യാതിരുന്നത് നന്നായി. എന്നാൽ അക്കാലത്ത്, അത് എനിക്കൊരു പരാജയം പോലെയായിരുന്നു. എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. അവർ എന്നെ നിരസിച്ചു, എനിക്കതിൽ ഒരുപാട് വിഷമം തോന്നി."-നടി പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Veteran actress Hema Malini reveals she was rejected from a Tamil film early in her career for being `too slim`, impacting her Bollywood journey.