'ജീവിക്കാൻ മറന്നുപോയി' ഉയരങ്ങളിൽ നിൽക്കുമ്പോഴും ശാരദയിലെ സ്ത്രീ ഓർക്കുന്നു

'ഗൃഹലക്ഷ്മി''യുടെ ആദ്യത്തെ ലക്കത്തിന്റെ മുഖചിത്രം ശ്രീമതി ശാരദയുടേതാണ്. സിനിമയെന്ന ബഹുജനമാധ്യമത്തിന്റെ ആകഷകത്വം മുൻനിർത്തിയല്ല ഞങ്ങൾ ഈ ചിത്രം തിരഞ്ഞെടുത്തത്. പ്രതിഭാധനകളായ സമകാല ഭാരതീയ സ്ത്രീകളുടെ മുൻനിരയിലൊരു സ്ഥാനത്തിനു തനിക്കുള്ള അർഹത, അഭിനയകലയ്ക്കുള്ള ദേശീയ അവാർഡ് മൂന്നുതവണ നേടുക വഴി, ശ്രീമതി ശാരദ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. തുലാഭാരം എന്ന മലയാളചിത്രത്തിലെ അഭിനയത്തിന്നു 1968-ലും, സ്വയംവരം എന്ന മലയാളചിത്രത്തിലെ അഭിനയത്തിന്നു 1972-ലും ഉർവശി അവാർഡ് ലഭിച്ച ശാരദ 'നിമജ്ജനം' തെലുഗു ചിത്രത്തിലെ അഭിനയത്തിന് ഈ വർഷവും അതേ അവാർഡ് നേടുകയുണ്ടായി. ഇന്ത്യയിൽ മറെറാരു കലാകാരിയ്ക്കും ഇന്നോളം ലഭിയ്ക്കാത്തതാണ് ഈ ബഹുമതി.
ഇതേവരെയായി 150-ലേറെ ചിത്രങ്ങളിൽ ശ്രീമതി ശാരദ അഭിനയിച്ചിട്ടുണ്ട്. 'ഇണപ്രാവുകൾ' ആണ് ശാരദ അഭിനയിച്ച ആദ്യത്തെ മലയാളചിത്രം. ഇപ്പോൾ പതിനാലിൽ പരം ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ അവർ ഒപ്പുവെച്ചിട്ടുണ്ട്. എങ്കിലും, അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തിലല്ല, അഭിനയത്തിന്റെ നിലവാരത്തിലാണ് ശാരദക്ക് കൂടുതൽ താല്പര്യം.