'ലാപതാ ലേഡീസ്’ നഗ്നമായ മോഷണമെന്ന് ‘ദി കേരള സ്റ്റോറി’ സംവിധായകന്‍ സുദീപ്‌തോ സെന്‍

കഴിഞ്ഞ ദിവസമാണ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ആണ്. മികച്ച സംവിധായക, തിരക്കഥ, സഹനടി തുടങ്ങി മറ്റ് 12 പുരസ്‌കാരങ്ങളും സിനിമയ്ക്ക് ലഭിച്ചു. അഭിഷേക് ബച്ചനും കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള ട്രോഫി പങ്കിട്ടപ്പോള്‍, ആലിയ ഭട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
എന്നാല്‍ ഇപ്പോള്‍ അവാര്‍ഡുകളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് 'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. ഈ അവാര്‍ഡുകള്‍ സിനിമയുടെ പേരിലുള്ള 'തമാശ' ആണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്, സുദീപ്‌തോ ഫിലിംഫെയര്‍ അവാര്‍ഡുകളെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചത്.
''ഈ വര്‍ഷത്തെ ഫിലിംഫെയര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ 'നവതരംഗ'ത്തിന്റെ ഒരു തുറന്നുകാട്ടലാണ്... നഗ്നമായ മോഷണമായ ഒരു സിനിമ, ക്രൂരതയുടെ ട്യൂട്ടോറിയല്‍ ആയ ഒരു സിനിമ, ബോക്‌സോഫീസില്‍ 72 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാത്ത സിനിമ എന്നിവ മിക്ക കിരീടങ്ങളും കൊണ്ടുപോയി. പ്രതീക്ഷിച്ചതുപോലെ, 2024-ലെ മികച്ച സൃഷ്ടികള്‍ക്ക് അംഗീകാരം ലഭിച്ചില്ല. 'ദി കേരള സ്റ്റോറി'ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതിനെതിരെ ഫിലിംഫെയര്‍ എന്തിനാണ് ഇത്രയധികം ശബ്ദമുയര്‍ത്തിയതെന്ന് ഇപ്പോള്‍ മനസ്സിലായി.
ഈ 'വുഡ്' സമൂഹം ഞങ്ങളെ അംഗീകരിക്കുകയോ ക്ഷണിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യാത്തതില്‍ ഞാന്‍ സന്തുഷ്ടനാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''വ്യാജമായി പുഞ്ചിരിക്കുന്നതില്‍ നിന്നും, വ്യാജ സൗഹൃദം നടിക്കുന്നതില്‍ നിന്നും, ഏറ്റവും പ്രധാനമായി, ഒരു വിധത്തിലുമുള്ള മുഖസ്തുതിയില്‍ ഏര്‍പ്പെടാത്തതില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു.
അവസാനം- മുംബൈയില്‍ സിനിമയുടെ പേരിലുള്ള ഈ തമാശയുമായി ഇടപഴകുന്നതില്‍ നിന്നും കാനില്‍ സെല്‍ഫിയെടുക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ സന്തോഷവാനാണ്. സിനിമയുടെ പേരിലുള്ള ഈ വൃത്തികെട്ട കാപട്യങ്ങളില്‍ നിന്നും വ്യാജ കെട്ടുകാഴ്ചകളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു.''
അടിക്കുറിപ്പില്‍ സുദീപ്‌തോ ഇങ്ങനെ എഴുതി: 'ഏതൊരു ഇന്ത്യന്‍ സിനിമാ സ്ഥാപനത്തില്‍ നിന്നും ഞാന്‍ വലിയതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ച് അത് മാധ്യമങ്ങളോ സിനിമാ ജേണലിസമോ ആകുമ്പോള്‍. ഗ്രാമങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളില്‍ നിന്നും ആളുകള്‍ മിസ്റ്റര്‍ ബച്ചന്റെയോ എസ്ആര്‍കെയുടെയോ വീടിന് മുന്നില്‍ തടിച്ചുകൂടുന്നതുപോലെ, അവരില്‍ ഭൂരിഭാഗവും താരങ്ങളുടെ ഗ്ലാമറിലും സമ്പന്ന ലോകത്തിലും മയങ്ങിക്കിടക്കുകയാണ്. ലോക സിനിമകള്‍ക്ക് ലോക മാധ്യമങ്ങള്‍ നല്‍കുന്നതുപോലെയുള്ള ഒരു സംഭാവനയും സിനിമയ്ക്കോ സിനിമ എന്ന കലയ്ക്കോ അവര്‍ നല്‍കുന്നില്ല.'
സുദീപ്‌തോ സിനിമകളുടെ പേരുകള്‍ പരാമര്‍ശിച്ചില്ലെങ്കിലും 'നഗ്‌നമായ മോഷണം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് 'ലാപതാ ലേഡീസ്' എന്ന ചിത്രത്തെയും, 'ക്രൂരതയുടെ ട്യൂട്ടോറിയല്‍' എന്ന് വിശേഷിപ്പിച്ചത് 'കില്‍' എന്ന ചിത്രത്തെയും, 'ബോക്‌സോഫീസില്‍ 72 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാത്തത്' എന്ന് വിശേഷിപ്പിച്ചത് 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തെയുമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sudipto sen, director of `the kerala story`, criticizes filmfare awards, calling them a `joke` and a `sham`. he expresses disappointment with the choices and the industry`s perception.