'സിനിമയിലെ പുരുഷന്മാർ അരക്ഷിതർ, രൺബീറിന്റെ 'അനിമൽ' വിജയിക്കാൻ കാരണമിത്'

ഇമ്രാൻ ഹഷ്മി | PTI
ഇമ്രാൻ ഹഷ്മി | PTI

ഹിന്ദി സിനിമാ വ്യവസായത്തിലെ പുരുഷന്മാർ വളരെ അരക്ഷിതരാണെന്ന് പറയുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹഷ്മി. തീവ്ര പുരുഷാധിപത്യ കഥാപാത്രങ്ങളുള്ള സിനിമകളെക്കുറിച്ചും രൺബീർ കപൂറിൻ്റെ 'അനിമൽ' ചിത്രം വിജയിച്ചതിനെക്കുറിച്ചും ന്യൂസ്‌18-നോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷമയമായ, അമിത പുരുഷാധിപത്യ ധാരണയാണ് തിയേറ്ററുകളിൽ ഓടുന്നതെന്ന് നടൻ പറയുന്നു. അതിനെതിരെ വിമർശനങ്ങളുയരുന്നുണ്ടെങ്കിലും ആളുകൾ ടിക്കറ്റ് വാങ്ങുന്നുണ്ട്. അനിമൽ പോലുള്ള സിനിമ വിജയിച്ചത് എന്തുകൊണ്ട്? അതിനെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു, പക്ഷേ, അതിനോട് താദാത്മ്യം പ്രാപിച്ച ധാരാളം പുരുഷന്മാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി വിനോദ വ്യവസായത്തിലെ പുരുഷന്മാർ അരക്ഷിതരാണെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു."നമ്മുടെ ഇൻഡസ്ട്രിയിലെ പുരുഷന്മാർ വളരെയധികം അരക്ഷിതരാണ്. 'ഹഖ്' പോലുള്ള സിനിമ എത്രപേർ ചെയ്യുമായിരുന്നു? ഓരോ കഥയും ഒരു പുരുഷൻ്റെ വിജയം കാണിക്കണം, ഞാൻ എൻ്റെ കാര്യം പറയുകയല്ല. പക്ഷെ അന്നും ഞാൻ 'ദി ഡേർട്ടി പിക്ചർ' പോലുള്ള സിനിമ ചെയ്തു. എനിക്ക് അതിലെ വിഷയം ഇഷ്ടപ്പെട്ടു. നമ്മൾ നമ്മുടെ അരക്ഷിതാവസ്ഥകളെ മറികടന്ന് ഇത്തരം കാര്യങ്ങൾ കൂടുതൽ ചെയ്യണം"- അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'ദി ഡേർട്ടി പിക്ചർ'. വിദ്യാ ബാലൻ, നസറുദ്ദീൻ ഷാ, തുഷാർ കപൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടിയിരുന്നു.

ഇമ്രാൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ഹഖ്', 1985 ലെ മുഹമ്മദ് അഹമ്മദ് ഖാൻ വേഴ്സസ് ഷാ ബാനു ബീഗം കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെയും ജീവനാംശ നിയമങ്ങളെയും സംബന്ധിച്ച ഒരു നാഴികക്കല്ലായ കേസായിരുന്നു. യാമി ഗൗതം ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി. നീരജ് പാണ്ഡെയുടെ നെറ്റ്ഫ്ലിക്സ് ക്രൈം ഡ്രാമ 'തസ്കരി: ദി സ്മഗ്ളേഴ്സ് വെബ്' ആണ് ഇമ്രാന്റെ വരാനിരിക്കുന്ന പ്രോജക്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Emraan Hashmi discusses Ranbir Kapoor`s Animal success, hypermasculine roles, and insecurity among men in the Hindi film industry. Learn more!