'ഇത് ആനിമല്‍ ട്രിലജിയുടെ അവസാന ഭാഗം'; ഞെട്ടിക്കാന്‍ 'എക്കോ' വരുന്നു

നിശബ്ദമായി വന്ന് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ത്രില്ലറുകളിലൊന്നായി മാറിയ 'കിഷ്‌കിന്ധാകാണ്ഡം' ടീം വീണ്ടും എത്തുന്നു. തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്, സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എക്കോ'. പടക്കളം, ആലപ്പുഴ ജിംഖാന, ഫാലിമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാകുന്നു. നരേന്‍, വിനീത്, സൗരബ് സച്ചിദേവ്, അശോകന്‍, ബിനു പപ്പു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് കൂടിയായി ബാഹുല്‍ രമേശ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
എക്കോയും ഒരു ത്രില്ലറാണോ...?
എക്കോ ഒരു മിസ്റ്ററി ഡ്രാമയാണ്. ചെറിയൊരു സിനിമ. പോസ്റ്റ് പൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സന്ദീപ് പ്രദീപാണ് നായകന്‍. വിനീതേട്ടന്‍, നരേന്‍ ചേട്ടന്‍, അശോകേട്ടന്‍ തുടങ്ങി നല്ലൊരു ടീം തന്നെ അഭിനേതാക്കളുടെ നിരയിലുണ്ട്.
കിഷ്‌കിന്ധാകാണ്ഡത്തിലും കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിലും ബാഹുല്‍ മൃഗങ്ങളെ കഥാവഴിയില്‍ ഒരുപ്രധാന കഥാപാത്രമാക്കിയിട്ടുണ്ട്, എക്കോയിലും അങ്ങനെ എന്തെങ്കിലും ഉണ്ടോ...?
കുട്ടിക്കാലത്ത് ആരെങ്കിലും കഥകള്‍ പറഞ്ഞുതരുമ്പോള്‍ അവയില്‍ പക്ഷികളും മൃഗങ്ങളും കടന്നുവന്നാല്‍ കൗതുകം കൂടാറുള്ളതായി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മനസ്സില്‍ ഇപ്പോഴും ആ കുട്ടിത്തം എലമെന്റ് കിടക്കുന്നുണ്ടാവണം.
കിഷ്‌കിന്ധാകാണ്ഡം നാലോ അഞ്ചോ സീന്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് കുരങ്ങ് അതിലേക്ക് വന്നത്. അത് ഉപയോഗപ്പെടുത്തി കഥ വികസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരുരസം തോന്നി. കിഷ്‌കിന്ധയുടെ എഴുത്ത് കഴിഞ്ഞപ്പോള്‍ ഒരുചെറിയ ആഗ്രഹം. ഇനിയും ഭാവിയില്‍ ഒന്നുരണ്ട് തിരക്കഥകള്‍ കൂടി എഴുതാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ അതിലും പ്രത്യക്ഷമായോ മെറ്റഫറിക്കലായോ ഒരു ആനിമല്‍ എസന്‍സ് കൊണ്ടുവന്ന് ഒരു ട്രിലജി ആക്കാന്‍ ശ്രമിക്കണമെന്ന്. എന്നുവെച്ചാല്‍ തുടര്‍ക്കഥകള്‍ എന്നല്ല. ഒരു കോമണ്‍ ഫ്‌ളേവര്‍/എസന്‍സ് ഉള്ള മൂന്ന് വ്യത്യസ്ത കഥകളുടെ പാക്കേജ്. സിനിമയാക്കാന്‍ കഴിയാതെ വന്നാല്‍ മൂന്ന് കഥകളും ചേര്‍ന്ന് ഒരുകഥാസമാഹാരമെങ്കിലും ആക്കിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.
ദെഹ്‌റാദൂണ്‍ പശ്ചാത്തലത്തില്‍ വിഭിന്നമായ കഥകളെഴുതിയ റസ്‌കിന്‍ ബോണ്ടിന്റെയും മാല്‍ഗുഡി ഡെയ്‌സ് എഴുതിയ ആര്‍.കെ.നാരായണിന്റെയും രചനകള്‍ കുട്ടിക്കാലത്ത് ആസ്വദിച്ചുവായിച്ചിട്ടുണ്ട്. സിനിമയിലേക്ക് വന്നാലും അത്തരം സ്റ്റാന്‍ഡ് എലോണ്‍ ട്രിലജികള്‍ ധാരാളമുണ്ട്. തീവ്രവാദം വിഷയമാക്കി മണിരത്‌നത്തിന്റെ ടെറര്‍ ട്രിലജി (റോജ, ബോംബെ, ദില്‍സെ), ഗൗമം മേനോന്റെ പോലീസ് ട്രിലജി, രാം ഗോപാല്‍ വര്‍മ്മയുടെ ഗാങ്സ്റ്റര്‍ ട്രിലജി, ഐ.വി.ശശി- ദാമോദരന്‍ മാസ്റ്റര്‍ ടീമിന്റെ ഈ നാട്, ഇനിയെങ്കിലും, ഉണരൂ എന്നീ സിനിമകള്‍. അതൊക്കെ കണ്ടും വായിച്ചും ഉള്ളിലുണ്ടായ നിഷ്‌കളങ്കമായ ആഗ്രഹം.
കഴിഞ്ഞ ജൂണില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സന്ദീപ് പ്രദീപ് നായകനാകുന്ന 'എക്കോ' കിഷ്‌കിന്ധാകാണ്ഡം എഴുതിക്കഴിഞ്ഞയുടനെ എഴുതിയതാണ്. അതും ഈ ആനിമല്‍ സീരിസ് ട്രിലജിയുടെ ഭാഗമാണ്. അവസാനഭാഗമെന്ന് പറയാം.
ഇടയ്ക്ക് കേരളം ക്രൈം ഫയല്‍സ് സീസണ്‍ 2 എഴുതാന്‍ ചുമതല ഏറ്റെടുത്തപ്പോഴായിരുന്നു ചെറിയ ടെന്‍ഷന്‍. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ കഥയില്‍ എങ്ങനെ ആനിമല്‍ എലമെന്റ്‌സ് കൊണ്ടുവരും? ഒടുവില്‍ അതിന് പോംവഴിയായിട്ടാണ് നായ്ക്കളെ പ്ലോട്ടിലേക്ക് കൊണ്ടുവന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Get ready for `Eko`, a mystery drama from the acclaimed team behind the hit thriller `Kishkindhakandam`. Featuring Sandeep Pradeep, Narain, and Vineeth, this film promises intrigue. Learn more about the `Animal Trilogy` here.