പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; എക്കോ സിനിമയുടെ റിലീസ് ഉടൻ

‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ, തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്ത് അയ്യത്താനും ചേർന്നൊരുക്കുന്ന പുതിയ ചിത്രമാണ് ‘എക്കോ’. വലിയ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
കിഷ്കിന്ധാ കാണ്ഡത്തിനും കേരള ക്രൈം ഫയൽസ്: സീസൺ 2 എന്ന വെബ് സീരീസിനും ശേഷം ബഹുൽ ഒരുക്കുന്ന 'ആനിമൽ ട്രിലജി'യിലെ അവസാന ചിത്രമാണ് എക്കോ. മൃഗങ്ങളുടെ സാന്നിധ്യം നിർണ്ണായകമാവുന്ന ഒരു ലോകത്തെ കുറ്റകൃത്യങ്ങളും ധാർമ്മിക സംഘർഷങ്ങളും ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിലജിയിലുള്ളത്.
ചിത്രം നവംബർ 21-ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസർ, ആദ്യം മുതൽ അവസാനം വരെ നിഗൂഢത നിലനിർത്തുന്നതായിരുന്നു. മാത്രമല്ല, ചിത്രം ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചനകൾ. ടീസറിൽ ജപ്പാൻ, രണ്ടാം ലോകമഹായുദ്ധം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളതാണ് ഇതിന് കാരണം.
ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപാണ് ‘എക്കോ’യിലെ നായകൻ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ബാഹുൽ രമേശാണ്.
‘കിഷ്കിന്ധാ കാണ്ഡ’ത്തിൽ ഒന്നിച്ച് പ്രവർത്തിച്ച സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇഎസ്, കലാസംവിധായകൻ സജീഷ് താമരശ്ശേരി എന്നിവരും ‘എക്കോ’ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
സമീപകാലത്ത് മലയാള സിനിമയിൽ ശ്രദ്ധനേടിയ ചിത്രങ്ങളിൽ ഒന്നാണ് ‘കിഷ്കിന്ധാ കാണ്ഡം’. സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ ഈ ചിത്രം ഒരു മികച്ച മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ.
കൈതി, സൂര്യ നായകനാവുന്ന കറുപ്പ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച പ്രശസ്ത നിർമ്മാണ കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്സാണ് തമിഴ്‌നാട്ടിൽ എക്കോ റിലീസ് ചെയ്യുന്നത്. കർണാടകയിൽ ചിത്രം വിതരണം ചെയ്യുന്നത് പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Exciting new Malayalam film `Echo` from the makers of `Kishkindha Kandam` release date, star cast Sandeep Pradeep, and more.