പത്തിനുമുകളില്‍ അന്യഭാഷ ചിത്രങ്ങൾ; നമ്മുടെ ഡിക്യൂ ഇന്ന് അവരുടെയും

തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കാന്ത. തെരുക്കൂത്ത് കലാകാരനില്‍നിന്ന് സിനിമയിലെ സൂപ്പര്‍താര പദവിയിലെത്തുന്ന ടി.കെ. മഹാദേവന്‍ എന്ന നടന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിലും തെലുഗുവിലുമാണ് ദുല്‍ഖറിന്റെ ഈ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. കാന്തയോടെ തമിഴിലും ദുല്‍ഖറിന്റെ മാര്‍ക്കറ്റ് വര്‍ധിക്കുമെന്നുറപ്പ്. നേരത്തെ തെലുഗുവില്‍ തുടര്‍ച്ചയായി മികച്ച ചിത്രങ്ങളില്‍ ദുല്‍ഖര്‍ നായകനായിരുന്നു. 2012-ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റം. അതിനുശേഷം പത്തിനുമുകളില്‍ അന്യഭാഷ ചിത്രങ്ങളില്‍ ദുല്‍ഖര്‍ ഭാഗമായി. ആ ചിത്രങ്ങളിലൂടെ...

വായ മൂടി തുടങ്ങി
2014-ല്‍ പുറത്തിറങ്ങിയ വായൈ മൂടി പേസാവും എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അന്യഭാഷ അരങ്ങേറ്റം. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന പേരിലും റിലീസ് ചെയ്തിരുന്നു. നസ്രിയ നസിമായിരുന്നു നായിക. 2015-ലായിരുന്നു ദുല്‍ഖറിന്റെ അടുത്ത തമിഴ് സിനിമ. ഇത്തവണ സംവിധായന്‍ മണിരത്‌നം. ‘ഓക്കെ കണ്‍മണി’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ ഇതിഹാസ സംവിധായകന്റെ പ്രണയനായകനായി. നിത്യ മേനോനായിരുന്നു നായിക. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളും ഹിറ്റായി. ചെറിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ‘ഓക്കെ കണ്‍മണി’ മികച്ച വിജയം നേടി. 2017-ല്‍ ഇറങ്ങിയ ‘സോളോ’ തമിഴിലും മലയാളത്തിലും ഒരുമിച്ചായിരുന്നു റിലീസ്. ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ എന്ന ചിത്രമായിരുന്നു തമിഴില്‍ അടുത്തത്. 2017-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ സിദ്ധാര്‍ത്ഥ എന്ന കഥാപാത്രമായിരുന്നു ദുല്‍ഖര്‍ ചെയ്തത്. റൊമാന്റിക് കോമഡി സിനിമ ഹേയ് സിനാമികയായിരുന്നു തമിഴില്‍ അടുത്തത്. കോറിയോഗ്രാഫര്‍ ബൃദ്ധ മാസ്റ്റര്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2022-ലായിരുന്നു. അര്‍ജന്റീനിയന്‍ സിനിമ ‘എ ബോയ്ഫ്രണ്ട് ഫോര്‍ മൈ വൈഫ്’ എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഹേയ് സിനാമിക.

മഹാനടനായി തെലുഗില്‍
സാവിത്രി ഗണേശന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുങ്ങിയ മഹാനടിയിലൂടെയാണ് ദുല്‍ഖറിന്റെ തെലുഗു അരങ്ങേറ്റം. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു പ്രധാന റോളില്‍. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടാന്‍ ചിത്രത്തിനായി. പീരിയഡ് റൊമാന്റിക് ചിത്രമായ സീതാരാമം ആയിരുന്നു ദുല്‍ഖറിന്റെ അടുത്ത തെലുഗു ചിത്രം. ലെഫ്റ്റനന്റ് റാമായുള്ള ദുല്‍ഖറിന്റെ പ്രകടനം ഏറെ ആരാധകരെ സൃഷ്ടിച്ചു. തെലുഗുവിനൊപ്പം തമിഴിലും മലയാളത്തിലും സീതാരാമം റിലീസായി. എല്ലായിടത്തും മികച്ച പ്രതികരണം കിട്ടി. പിന്നാലെ ഹിന്ദിയിലേക്കും ഡബ്ബ് ചെയ്തു. നാഗ് അശ്വിന്റെ ബ്രഹ്‌മാണ്ഡ ചിത്രം കല്‍ക്കിയിലും ദുല്‍ഖര്‍ ഭാഗമായിരുന്നു. ലക്കി ഭാസ്‌കറായിരുന്നു ദുല്‍ഖറിന്റെ അടുത്ത തെലുഗു സിനിമ. വെങ്കി അട്‌ലുരീ സംവിധാനം ചെയ്ത സിനിമയില്‍ ബാങ്കര്‍ ഭാസ്‌കര്‍ കുമാറിന്റെ റോളിലായിരുന്നു ദുല്‍ഖര്‍.

ദീപാവലി റിലീസായ ലക്കി ഭാസ്‌കര്‍ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഇറങ്ങിയിരുന്നു. എല്ലായിടത്തും മികച്ച പ്രതികരണം കിട്ടി. ഒടിടിയിലും ലക്കി ഭാസ്‌കര്‍ വന്‍ഹിറ്റായി. തെലുഗുവില്‍ രണ്ട് ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ബോളിവുഡിലും ദുല്‍ഖര്‍

കാര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത കാര്‍വാനില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലുണ്ടായിരുന്നു. ‘ദ സോയ ഫാക്ടറാ’യിരുന്നു ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് സിനിമ. എന്നാല്‍ ചിത്രത്തിന് തിയേറ്ററുകളില്‍ ചലനമുണ്ടാക്കാനായില്ല. ആര്‍ ബാല്‍കി സംവിധാനം ചെയ്ത ചുപ്പിലായിരുന്നു ദുല്‍ഖര്‍ അടുത്തതായി അഭിനയിച്ചത്. സണ്ണി ഡിയോളും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ഇതിനുപുറമെ ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ എന്ന നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസിലും ദുല്‍ഖര്‍ നായകനായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Dulquer Salmaan`s successful acting journey in Tamil, Telugu, and Hindi cinema. From `Kaantha` to `Sita Ramam`, discover his diverse roles and box office hits.