സൂര്യയുടെയും ജ്യോതികയുടെയും മകള്‍; 17 വയസുകാരി ദിയ സൂര്യ സിനിമാരംഗത്തേക്ക്

തെന്നിന്ത്യന്‍ താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകള്‍ സിനിമാ ലോകത്തേക്ക്. മാതാപിതാക്കളുടെ പാതപിന്തുടര്‍ന്നാണ് 17 വയസ്സുകാരിയായ ദിയ സൂര്യയുടെയും വരവ്. എന്നാല്‍ അഭിനയത്തിലൂടെയല്ല, 'ലീഡിങ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ സംവിധായികയായാണ് ദിയ അരങ്ങേറ്റം കുറിച്ചത്. സൂര്യയുടെയും ജ്യോതികയുടെയും 2ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഓസ്‌കാര്‍ യോഗ്യതാ റൗണ്ടിനായുള്ള ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോള്‍ കാലിഫോര്‍ണിയയിലെ റീജന്‍സി തിയേറ്ററില്‍ നടക്കുകയാണ്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ പ്രദര്‍ശനം തുടരും. ബോളിവുഡിലെ വനിതാ ഗാഫര്‍മാരുടെ (സിനിമയുടെയോ ടെലിവിഷന്‍ പരിപാടിയുടെയോ സെറ്റിലെയോ ചീഫ് ലൈറ്റിങ് ടെക്‌നീഷ്യന്‍) അനുഭവങ്ങളാണ് ഈ ഡോക്യു-ഡ്രാമ ചര്‍ച്ച ചെയ്യുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്റ് അവരുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.
'ലീഡിങ് ലൈറ്റ്, ക്യാമറയ്ക്ക് പിന്നിലെ സ്ത്രീകളുടെ പറയാത്ത കഥകള്‍. ബോളിവുഡിലെ വനിതാ ഗാഫര്‍മാരുടെ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഡോക്യു-ഡ്രാമ. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലുള്ള റീജന്‍സി തിയേറ്ററില്‍ 'ഓസ്‌കാര്‍ ക്വാളിഫയിങ് റണ്ണി'നായി പ്രദര്‍ശിപ്പിക്കുന്നു. പ്രിയപ്പെട്ട ദിയ സൂര്യ, ഈ അതുല്യമായ നേട്ടത്തിനും, അധികമാരും അറിയാത്ത ഈ പ്രതിഭകളുടെ സംഭാവനകളിലേക്ക് വെളിച്ചം വീശിയതിനും അഭിനന്ദനങ്ങള്‍' എന്ന കുറിപ്പും പോസ്റ്ററിനൊപ്പം ഉണ്ട്.
സിനിമാ നിര്‍മ്മാണത്തില്‍ ലൈറ്റിങ് ഉപകരണങ്ങളുമായി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന, പലപ്പോഴും അവഗണിക്കപ്പെടുന്നവരും, സ്‌ക്രീനില്‍ അപൂര്‍വ്വമായി മാത്രം എത്തുന്നവരുമായ സ്ത്രീകളുടെ ജീവിതമാണ് ഇതില്‍ എടുത്തുകാണിക്കുന്നത്. പുതുമയുള്ള കാഴ്ചപ്പാടും ശക്തമായ ആഖ്യാന രീതിയും കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടുകയാണ് ചിത്രം.
അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ദിയയുടെ അരങ്ങേറ്റം. കഴിഞ്ഞ മെയ് മാസത്തിൽ, സൂര്യയും ജ്യോതികയും ഇന്‍സ്റ്റാഗ്രാമില്‍ സംയുക്തമായി ദിയയുടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അവര്‍ അതിന് അടിക്കുറിപ്പ് നല്‍കിയത് ഇങ്ങനെയായിരുന്നു:
'ഇപ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്നത് അഭിമാനം മാത്രം. നിന്റെ തിരഞ്ഞെടുപ്പുകള്‍ നിന്റെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കട്ടെ, ഭയങ്ങളെയല്ല. എല്ലാ ആശംസകളും, ദിയ. അമ്മയുടെയും അപ്പയുടെയും അനുഗ്രഹങ്ങള്‍ എപ്പോഴും കൂടെയുണ്ടാകും'
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: suriya and jyothika`s daughter, diya, makes directorial debut with `Leading Light`, a docu-drama highlighting women gaffers. currently showcasing for oscar qualifiers in california.