രൺവീർ സിങ് ചിത്രം ആയിരം കോടി ക്ലബിൽ, നേട്ടം 21ാം ദിവസം

രൺവീർ സിങ്ങിന്റെ ഏറ്റവും പുതിയ സ്പൈ ത്രില്ലർ ചിത്രം 'ധുരന്ധർ' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനിൽ ആയിരം കോടി രൂപയുടെ നേട്ടം കൈവരിച്ചു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 21-ാം ദിവസമാണ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ, 2025-ൽ ഇന്ത്യയിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രമായി ധുരന്ധർ മാറി. മൂന്നാം വാരത്തിൽ, ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് വൻ കളക്ഷനാണ് നേടിയത്. 28.60 കോടിയാണ് ക്രിസ്മസ് ദിനത്തിലെ നേട്ടം.
ആദ്യ വാരത്തിൽ 218 കോടി രൂപയായിരുന്നു കളക്ഷൻ. രണ്ടാം വാരത്തിൽ 261.5 കോടിയും. മൂന്നാം വാരത്തിൽ വേഗത അൽപം കുറഞ്ഞെങ്കിലും 160.70 കോടി രൂപയോളം നേടാനായി. നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോയുടെ കണക്കനുസരിച്ച്, 21 ദിവസത്തിനുള്ളിൽ ധുരന്ധർ ഇന്ത്യയിൽ 668.80 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ 789.18 കോടി ഗ്രോസും, വിദേശത്ത് നിന്ന് 217.50 കോടി ഗ്രോസും നേടിയ ധുരന്ധറിന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ 1006.7 കോടി രൂപയാണ്. വെള്ളിയാഴ്ചയോടെ പുറത്തുവന്ന കണക്കുകളാണിത്.
അനിമൽ, സ്ത്രീ-2 പോലുള്ള ചിത്രങ്ങളെ മറികടന്ന ധുരന്ധർ ഇപ്പോൾ ബാഹുബലി 2, കെജിഎഫ് 2, ആർആർആർ, ജവാൻ, പഠാൻ തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ്. കൽക്കി 2898 എ.ഡി.യുടെ 1042.25 കോടി കളക്ഷൻ മറികടക്കാനായൽ റാങ്കിങ്ങിൽ വീണ്ടും മുന്നേറാൻ ചിത്രത്തിനാവും.
ആദിത്യ ധർ ആണ് ധുരന്ധറിന്റെ തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും. ജിയോ സ്റ്റുഡിയോയും ബി62 സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അതേസമയം, കാർത്തിക് ആര്യൻ, അനന്യ പാണ്ഡേ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'തൂ മേരി മേം തേരാ മേം തേരാ തൂ മേരി' എന്ന ചിത്രം ആദ്യദിവസം ഇന്ത്യയിൽ ഏകദേശം 7.25 കോടി രൂപ നെറ്റ് കളക്ഷൻ നേടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh`s `Dhurandhar` shatters records, crossing ₹1000 crore worldwide on Day 21. See the epic box office collection and how it dominated the competition.