'എനിക്ക് ഹൃദയം തകർന്ന മനുഷ്യന്റെ മുഖം, പ്രണയനൈരാശ്യമുള്ള ഒരു മുഖമുണ്ടെനിക്ക്'- ധനുഷ്

ധനുഷ് | ANI
ധനുഷ് | ANI

'തേരേ ഇഷ്ക് മേം' എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് തമിഴ് സൂപ്പർതാരം ധനുഷ്. സഹതാരം കൃതി സനോൻ, സംവിധായകൻ ആനന്ദ് എൽ റായ് എന്നിവർക്കൊപ്പം ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടനിപ്പോൾ. സംവിധായകൻ ആനന്ദ് എൽ റായും സഹതാരം കൃതി സനോനും തനിക്ക് 'ഹൃദയം തകർന്ന മനുഷ്യന്റെ മുഖമാണെന്ന്' ഒരിക്കൽ പറഞ്ഞതായി ധനുഷ് വെളിപ്പെടുത്തി. ആ പരാമർശത്തെ ഒരു അഭിനന്ദനമായി കാണാനാണ് താൻ തീരുമാനിച്ചതെന്നും ധനുഷ് പറഞ്ഞു. "എനിക്ക് മികച്ചൊരു പ്രണയനൈരാശ്യമുള്ള മുഖമുണ്ട്, ഹൃദയം തകർന്ന ഒരു മനുഷ്യന്റെ മുഖം"- എഎൻഐയോട് സംസാരിക്കവെ അദ്ദേഹം സമ്മതിച്ചു.

പുതിയ ചിത്രത്തിലെ ശങ്കർ എന്ന കഥാപാത്രത്തെപ്പറ്റിയും ധനുഷ് സംസാരിച്ചു. “ശങ്കറിനെ എളുപ്പത്തിൽ ഇഷ്ടപ്പെടാൻ സാധിക്കും, പക്ഷേ അയാൾക്ക് അവന്റേതായ വെല്ലുവിളികളുമുണ്ട്, അതിനെക്കുറിച്ച് എനിക്കിപ്പോൾ അധികം പറയാനാവില്ല. സിനിമ കണ്ടു കഴിയുമ്പോൾ, ഈ വേഷം ചെയ്യാൻ അവൻ വെല്ലുവിളികളിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് മനസ്സിലാകും. സംഭാഷണങ്ങൾ പഠിച്ച് ക്യാമറയ്ക്ക് മുന്നിൽ പോയി അത് പറഞ്ഞ് തിരികെ വരുക മാത്രമല്ല ചെയ്യേണ്ടത്. എനിക്ക് അതിനായി പരിശ്രമിക്കേണ്ടതുണ്ട്. ഇതിന് അക്രമോത്സുകതയുമായി യാതൊരു ബന്ധവുമില്ല. ഒരുപാട് വെല്ലുവിളികളുള്ള നല്ലൊരു കഥാപാത്രം മാത്രമാണിത്."-ധനുഷ് പറഞ്ഞു.

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ധനുഷിന് തിരക്കേറിയ വർഷമായിരുന്നു ഇത്. ഇക്കൊല്ലം, തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ ശേഖർ കമ്മൂലയുടെ 'കുബേര'യിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ 'ഇഡ്ഡലി കടൈ' എന്ന ചിത്രം എഴുതുകയും, സംവിധാനം ചെയ്യുകയും, നിർമ്മിക്കുകയും, അതിൽ അഭിനയിക്കുകയും ചെയ്തു. താൻ സംവിധാനവും നിർമ്മാണവും നിർവഹിച്ച 'നിലവക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിലൂടെ മരുമകൻ പവിഷിനെയും ധനുഷ് അവതരിപ്പിച്ചു. നവംബർ 28-ന് തിയേറ്ററുകളിലെത്തുന്ന 'തേരേ ഇഷ്ക് മേം' ആണ് ഇക്കൊല്ലത്തെ അദ്ദേഹത്തിന്റെ അവസാന റിലീസ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dhanush opens up about his `heartbroken man` character in Tere Ishk Mein, revealing it`s easy to like but full of challenges. Get insights into his role and the film`s release.