എക്കോയെ പ്രശംസിച്ച് ധനുഷ്, 'ബിയാന മോമിൻ ഉന്നത ബഹുമതികൾ അർഹിക്കുന്നു'

നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയ മലയാള ചിത്രമാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ'. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം ധനുഷ് ഇപ്പോൾ. 'എക്കോ' മികച്ച സിനിമയാണെന്നും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ബിയാന മോമിന്റെ പ്രകടനം അത്യുഗ്രമാണെന്നും അദ്ദേഹം പ്രശംസിച്ചു.
മ്ലാത്തിച്ചേട്ടത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിയാന മോമിൻ അവതരിപ്പിച്ചത്. മേഘാലയയിൽ നിന്നുള്ള ബിയാനയുടെ അഭിനയ അരങ്ങേറ്റമാണ് 'എക്കോ'. യഥാർഥജീവിതത്തിൽ ഒരു അധ്യാപികയാണ് ബിയാന.
ചൊവ്വാഴ്ച തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ധനുഷ് ചിത്രത്തിന് പ്രശംസയുമായെത്തിയത്. "മലയാള ചിത്രമായ 'എക്കോ' ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ ഉന്നത ബഹുമതികളും അർഹിക്കുന്നു, ലോകോത്തര പ്രകടനം."-അദ്ദേഹം എക്സിലെഴുതി.
ബിയാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ധനുഷിന്റെ അഭിനന്ദനം പങ്കുവെച്ചിരുന്നു. ദിൻജിത്തും ട്വീറ്റ് റീപോസ്റ്റ് ചെയ്തു. ചിത്രത്തെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിച്ചത് വലിയ ബഹുമതിയാണെന്നും തങ്ങൾക്കെല്ലാവർക്കും അത് വലിയ കാര്യമാണെന്നും ദിൻജിത്ത് കുറിച്ചു.
നവംബർ 21-ന് പുറത്തിറങ്ങിയ ചിത്രം തിയേറ്റർ റിലീസിൽ ലോകമെമ്പാടും 50 കോടി രൂപയോളം കളക്ഷൻ നേടി. നെറ്റ്ഫ്ലിക്സിലും ചിത്രമിപ്പോൾ ലഭ്യമാണ്.
ഭർത്താവ് കുര്യച്ചനോടൊപ്പം മലയയിൽ നിന്ന് കേരളത്തിലേക്കു വന്ന ഒരാളാണ് ചിത്രത്തിൽ മ്ലാത്തി. ഒരു മലമ്പ്രദേശത്താണ് അവർ കഴിയുന്നത്. ചിത്രത്തിലെ പ്രധാന രഹസ്യം വെളിപ്പെടുത്തുന്നതിൽ അവരുടെ കഥാപാത്രത്തിന് നിർണായക പങ്കുണ്ട്. ബാഹുൽ രമേഷ് ആണ് തിരക്കഥയും ചിത്രീകരണവും. ഹിറ്റ് ചിത്രമായ 'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം ബാഹുലും ദിൻജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്‌ദേവ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhanush calls Malayalam mystery thriller Eko a `masterpiece`! Special praise for Biana Momin`s debut performance. Watch on Netflix.