‘ഷാരൂഖ്, നീയെന്തിന് പുകവലിക്കുന്നു?, എത്ര നല്ല പയ്യനാണ് നീ’- അന്ന് ദേവ് ആനന്ദ് ചോദിച്ചു

ഷാരൂഖ് ഖാൻ | PTI
ഷാരൂഖ് ഖാൻ | PTI

അന്തരിച്ച നടൻ ദേവ് ആനന്ദും ഷാരൂഖ് ഖാനും വ്യത്യസ്ത തലമുറയിൽപ്പെട്ടവരാണെങ്കിലും ഒട്ടേറെ കാര്യങ്ങളിൽ സാമ്യമുള്ളവരായിരുന്നു. അവരവരുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച റൊമാന്റിക് താരങ്ങളായിരുന്നു രണ്ടുപേരും. 60-ാം വയസ്സിലും ഷാരൂഖ് സജീവമായി തുടരുമ്പോൾ, 2011-ൽ 88-ാം വയസ്സിൽ മരിക്കുന്നതുവരെ ദേവ് ആനന്ദ് അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, ആനന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ മോഹൻ ചുരിവാല, ആനന്ദും ഷാരൂഖും തമ്മിലുള്ള ചില കൗതുകകരമായ സംഭാഷണങ്ങളെപ്പറ്റി തുറന്നുപറയുകയാണ്.

ബിസിനസ്സുകാരനായ അനിൽ അംബാനി സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വെച്ചുള്ള സംഭവമാണ് ആദ്യത്തേത്. അവിടെ ഷാരൂഖും ദേവ് ആനന്ദും ഒരേ നിരയിലാണ് ഇരുന്നത്. ഇതിനിടെ, ഷാരൂഖ് പുകവലിക്കുന്നത് ആനന്ദ് കണ്ടു. “ദേവ് സാഹബ് അദ്ദേഹത്തോട് പറഞ്ഞു, ‘ഷാരൂഖ് യാർ, നീയെന്തിന് പുകവലിക്കുന്നു? നീ എത്ര നല്ല പയ്യനാണ്. അത് നിർത്തൂ‘ എന്ന്. അപ്പോഴദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ‘ഞാൻ ശ്രമിക്കാം’ എന്നു പറഞ്ഞു. അദ്ദേഹം ദേവ് സാഹബിനെ വളരെയധികം ബഹുമാനിച്ചിരുന്നു,” ചുരിവാല യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലണ്ടനിലെ മറ്റൊരു സംഭവം ഷാരൂഖിന്റെ ഭാര്യയും സംരംഭകയുമായ ഗൗരി ഖാൻ ഉൾപ്പെട്ടതാണ്. ചുരിവാലയും ദേവ് ആനന്ദും ലണ്ടനിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കാപ്പി കുടിക്കുകയായിരുന്നു. ഗൗരി ഖാൻ, സുഹൃത്ത് സുസെയ്ൻ ഖാനോടൊപ്പം ദേവ് ആനന്ദിന്റെ പിന്നിലെ മേശയിലിരിക്കുകയായിരുന്നു. അവർ അദ്ദേഹത്തെ കണ്ടതും അടുത്തേക്ക് വന്നു. ആനന്ദിന് ഗൗരിയെ മനസ്സിലായില്ല, പക്ഷേ, ചുരിവാല ഗൗരിയാണതെന്ന് ദേവ് ആനന്ദിനെ അറിയിച്ചു.

“ഗൗരി അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു- ‘ഹലോ സർ’ ‘ഹായ് ഗൗരി, സുഖമാണോ?’- എന്നായിരുന്നു ദേവ് ആനന്ദിന്റെ മറുപടി. ‘അയ്യോ സർ, താങ്കൾ എന്നെ തിരിച്ചറിഞ്ഞല്ലോ’ എന്നായി ഗൗരി. ‘നിന്നെ തിരിച്ചറിയാത്ത ആരാണ്?’-എന്ന് ദേവ് മറുപടി പറഞ്ഞു. ഗൗരി ഉടൻ ഷാരൂഖിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. സുസെയ്നിനോടും അദ്ദേഹം ഈ രീതിയിൽ തന്നെ സംസാരിച്ചു. അവരും സന്തോഷംകൊണ്ട് തുള്ളിച്ചാടി. റെസ്റ്റോറന്റിൽ നല്ലൊരു നാടകം അരങ്ങേറി”- ചുരിവാല ഓർത്തു.

ആനന്ദിൽ നിന്ന് നിർണായകമായ ഒരു ജീവിത പാഠം പഠിച്ചതായി ഷാരൂഖ് മുമ്പ് പറഞ്ഞിട്ടുണ്ട്. 2018-ൽ, ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ പാരാലിമ്പിക് ടീമിന്റെ യാത്രയയപ്പ് ചടങ്ങിൽ, പരാജയങ്ങളെ എങ്ങനെ നേരിടുന്നു എന്ന് ഷാരൂഖിനോട് ചോദിച്ചു. കഴിഞ്ഞ 30 വർഷമായി ദിവസവും 10-12 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും, പരാജയപ്പെട്ടാലും ഒന്നിനെപ്പറ്റിയും ഖേദിക്കുന്നില്ലെന്നുമായിരുന്നു പ്രതികരണം.

“ഞാൻ ദേവ് ആനന്ദിനെ ഒരിക്കൽ കണ്ടുമുട്ടി, ‘ജോലി നിർത്തിയാൽ, നീ അവസാനിക്കുമെന്ന് എനിക്ക് നിന്നെ കാണുമ്പോൾ തോന്നുന്നു’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അത് എന്നിൽ പതിഞ്ഞത് ഞാനോർക്കുന്നു. അതുകൊണ്ട് ഞാൻ കഠിനമായി അധ്വാനിക്കുന്നു. ഒരു സിനിമ വിജയിക്കുകയാണെങ്കിൽ, അതിന്റെ വിജയത്തിൽ ഞാൻ ആത്മപ്രശംസ നടത്തുകയോ സ്വയം പുകഴ്ത്തുകയോ ഇല്ല, വിമർശനങ്ങളിൽ ഞാൻ പിൻവാങ്ങുകയുമില്ല”- ഷാരൂഖ് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Dev Anand`s advice to Shah Rukh Khan on smoking & a funny encounter where he didn`t recognize Gauri Khan. Read exclusive insights!