സിനിമ നിർമിക്കാനായി ദേവ് ആനന്ദ് ഭാര്യയുടെ ആഭരണങ്ങളും വീടും വിറ്റു; സിനിമ വൻപരാജയമായി

ദേവ് ആനന്ദും ഷബാന ആസ്മിയും / IMDb
ദേവ് ആനന്ദും ഷബാന ആസ്മിയും / IMDb

അഭിനയത്തിനൊപ്പം തന്നെ ഒട്ടേറെ സിനിമകൾ നിർമിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് നടൻ ദേവ് ആനന്ദ്. അഫ്‌സർ, ബാസി, ഹംസഫർ, കാലാ പാനി, ഹം ദോനോം, ഹീര പന്ന തുടങ്ങിയ സിനിമകളാണ് അദ്ദേഹം നിർമിച്ചത്.

ഇന്ത്യൻസിനിമയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ദേവ് ആനന്ദിന്റെ ജീവിതത്തിലും കഷ്ടപ്പാടുകളുടെയും തിരിച്ചടികളുടെയും അനുഭവങ്ങളുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന ആഗ്രഹത്തോടെയാണ് 'ഇഷ്‌ക് ഇഷ്‌ക് ഇഷ്‌ക്' നിർമിച്ചത്. വലിയ ബജറ്റിലാണ് സിനിമ നിർമിച്ചത്. അതിനുള്ള പണത്തിനായി തന്റെ വീട് അദ്ദേഹം വിറ്റു. അതിനൊപ്പം ഭാര്യയുടെ ആഭരണങ്ങളും കുറേ സമ്പാദ്യങ്ങളും വിറ്റാണ് സിനിമയ്ക്കാവശ്യമായ പണം കണ്ടെത്തിയത്.

1974-ൽ റിലീസായ സിനിമ സംവിധാനം ചെയ്തതും ദേവ് ആനന്ദ് തന്നെ. മുഖ്യവേഷങ്ങളിലെത്തിയത് ദേവ് ആനന്ദ്, സീനത്ത് അമൻ, ഷബാന ആസ്മി, കബീർ ബേദി എന്നിവരും. മനോഹരമായ പാട്ടുകളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് സംഗീതം നൽകിയത് ആർ.ഡി. ബർമനാണ്. പക്ഷേ അതൊന്നും ആ സിനിമയെ രക്ഷിച്ചില്ല. അത് ബോക്‌സോഫീസിൽ തകർന്നടിഞ്ഞു.

അതിനെക്കുറിച്ച് ഈയടുത്ത് നടനും ദേവ് ആനന്ദിന്റെ അനന്തരവനുമായ ശേഖർ കപൂർ തുറന്നുപറഞ്ഞിരുന്നു, ''ആ സിനിമയിൽ അദ്ദേഹം എത്രമാത്രം പണം ചെലവഴിച്ചുവെന്ന് എനിക്ക് ഓർമയുണ്ട്. ഞാനുമതിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. അതുകൊണ്ട് പ്രീമിയറിന് ഞാനും പോയി. തിരിച്ച് ഹോട്ടലിലെത്തിയപ്പോഴേക്കും കുറേ കോളുകൾ അദ്ദേഹത്തിന് വന്നു. എല്ലാം അഭിനന്ദിച്ചുകൊണ്ടുള്ള കോളുകൾ മാത്രം. എത്ര മനോഹരമായ സിനിമയെന്ന് അവരെല്ലാം ആവർത്തിച്ചുപറഞ്ഞു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോഴേക്കും യഥാർഥചിത്രം തെളിയാൻ തുടങ്ങി. സിനിമ സ്‌ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പലരും, തിയേറ്റർ വിട്ടുപോകാൻ തുടങ്ങി''.

സിനിമ വൻപരാജയമാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. തന്റെ സമ്പാദ്യമെല്ലാം അതിനൊപ്പം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എങ്കിലും മിനിറ്റുകൾ കൊണ്ട് ദേവ് ആനന്ദ് ആ തകർച്ചയിൽനിന്ന് തിരിച്ചുവന്നുവെന്ന് ശേഖർ ഓർക്കുന്നു. ''ഈ വാർത്ത കേട്ടതോടെ അദ്ദേഹം ആ ഹോട്ടലിലെ ബാത്ത്‌റൂമിലേക്ക് പോയി. അഞ്ചുമിനിറ്റ് കഴിഞ്ഞാണ് തിരിച്ചുവന്നത്. അപ്പോഴേക്കും അദ്ദേഹം പഴയ ഊർജം വീണ്ടെടുക്കുകയും ചെയ്തിരുന്നു. അത്ര പെട്ടെന്നാണ് ആ വൈകാരികതകർച്ചയിൽനിന്ന് അദ്ദേഹം മുന്നോട്ടുപോയത്. നിമിഷങ്ങൾക്കുള്ളിൽ അടുത്ത സിനിമയെക്കുറിച്ചുള്ള ആശയം പങ്കുവെക്കുകയും ചെയ്തു''. പിന്നീടും ദേവ് ആനന്ദ് കുറേ സിനിമകൾ നിർമിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: dev anand sold his house and wife`s jewellery to fund Ishq Ishq Ishq, which became a major flop