കാരണം ആണ്‍സുഹൃത്താണോ എന്ന് ദീപികയോട് അമ്മ ചോദിച്ചു, ആത്മഹത്യ ചെയ്യാന്‍ തോന്നിയ സമയമെന്ന് താരം

ഡെന്‍മാര്‍ക്കിലായിരുന്നു ദീപിക പദുകോണിന്റെ ജനനം. ദീപികയ്ക്ക് 11 മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ പ്രകാശ് പദുകോണും അമ്മ ഉജ്ജല പദുകോണും ഇന്ത്യയിലേക്ക് പോന്നു, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കി. രാജ്യത്തെ പ്രമുഖ ബാഡ്മിന്റണ്‍ താരമായിരുന്നു പ്രകാശ്. ബെംഗളൂരുവില്‍ പഠിക്കുന്ന കാലത്ത് അച്ഛനെപ്പോലെ ദീപികയും ബാഡ്മിന്റണ്‍ കളിക്കാരിയായി. ഹൈസ്‌കൂള്‍ കാലത്ത് സ്റ്റേറ്റ് ലെവലില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ബാഡ്മിന്റണില്‍ കരിയര്‍ കെട്ടിപ്പടുക്കാനായിരുന്നില്ല ദീപികയ്ക്ക് താത്പര്യം. മോഡലിങ് രംഗത്തേക്ക് അധികം വൈകാതെയെത്തി. വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. അത് സിനിമയിലേക്കുള്ള വഴിത്തിരിവായി.
കന്നഡ സിനിമയില്‍ തുടക്കം
2006-ല്‍ കന്നഡ സിനിമയായ ഐശ്വര്യയിലൂടെയാണ് ദീപികയുടെ സിനിമാ അരങ്ങേറ്റം. 2007-ല്‍ ഫറാ ഖാന്റെ ഹിറ്റ് സിനിമയായ ഓം ശാന്തി ഓമിലൂടെ ബോളിവുഡിലും അരങ്ങേറി. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തിലെ ദീപികയുടെ കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമായി. മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ദീപിക നേടി. അതോടൊപ്പം മികച്ച നടിക്കുള്ള നോമിനേഷനും കിട്ടി. അതില്‍ പിന്നെ അഭിനയജീവിതത്തില്‍ ദീപികയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
നടന്‍ റണ്‍ബീര്‍ കപൂറുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ബോളിവുഡ് ചര്‍ച്ച ചെയ്തിട്ടുള്ള ഏറ്റവും വലിയ പ്രണയത്തകര്‍ച്ചകളിലൊന്നായിരുന്നു ഇരുവരുടെതും. കത്രീന കൈഫുമായുള്ള റണ്‍ബീറിന്റെ സമാന്തരപ്രണയമാണ് ഇരുവരുടെയും ബന്ധം ഉലയാന്‍ കാരണമെന്ന് വിലയിരുത്തലുകളുണ്ടായി.
ഇരുവരും പിരിഞ്ഞ് ഒട്ടേറെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദീപികയെ വഞ്ചിച്ചതിന് റണ്‍ബീറിനോട് പൊറുക്കാന്‍ ആരാധകര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അതേസമയം, ദീപിക വിഷാദരോഗത്തിലൂടെ കടന്നുപോയ നാളുകളും വലിയ ചര്‍ച്ചയായി. റണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയാണ് ദീപികയുടെ വിഷാദത്തിന് കാരണമെന്ന് പലരും പറഞ്ഞു.
വിഷാദരോഗത്തിനെതിരേ താന്‍ അത്രകണ്ട് പോരാടിയിട്ടുണ്ടെന്നും മെഡിക്കല്‍ പ്രൊഫഷണലുകളുടെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് അതിനെ അതിജീവിച്ചതെന്നും ദീപിക മനസ്സുതുറന്നു. ചില സമയങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയിട്ടുണ്ടെന്ന് ദീപിക ആരാധകരോട് തുറന്നുപറഞ്ഞു. തന്റെ രോഗം തിരിച്ചറിഞ്ഞതിന് അമ്മ ഉജ്ജല പദുകോണിനാണ് നടി നന്ദി പറയുന്നത്. 'വിഷാദരോഗം അവ്യക്തമായി സംഭവിച്ചതിനാല്‍ അതിന്റെ ലക്ഷണങ്ങളും മറ്റും തിരിച്ചറിഞ്ഞത് അമ്മയാണ്. കരിയറില്‍ ഞാന്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്. മറ്റെല്ലാം ശരിയായി നടക്കുന്നു. എനിക്ക് വിഷാദം തോന്നേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഒരു കാരണവുമില്ലാതെ ഞാന്‍ തളര്‍ന്നുപോയി. ഉണരാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്‍, ഞാന്‍ ഉറങ്ങി, കാരണം ഉറക്കം എനിക്ക് ഒരു രക്ഷപ്പെടലായിരുന്നു.'-ദീപിക പറഞ്ഞു.
2015-ല്‍ വിഷാദരോഗത്തില്‍ നിന്ന് മുക്തയായ ശേഷം മാനസികാരോഗ്യവുമായി മല്ലിടുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ലൈവ് ലവ് ലാഫ് ഫൗണ്ടേഷന് തുടക്കമിട്ടു. 'എന്റെ മാതാപിതാക്കള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്, അവര്‍ എന്നെ കാണാന്‍ വരുമ്പോഴെല്ലാം, അന്നും ഇന്നും എല്ലായ്‌പ്പോഴും ഞാന്‍ ധൈര്യം കാണിച്ചു. എല്ലാം നന്നായി പോകുന്നുവെന്ന് വീട്ടുകാരെ കാണിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. അതുകൊണ്ട് ഞാന്‍ സുഖമായിരിക്കുന്നു എന്ന മട്ടില്‍ പെരുമാറുകയായിരുന്നു. അവര്‍ പോകും വരെ അങ്ങനെ തുടരും. അവര്‍ ബെംഗളൂരുവിലേക്ക് മടങ്ങുമ്പോള്‍ വീണ്ടും ഞാന്‍ തകര്‍ന്നുപോകും. എന്റെ വിഷാദത്തിന് കാരണം ഒരു ആണ്‍സുഹൃത്താണോ, ജോലിസ്ഥലത്തെ ആരെങ്കിലുമാണോ, എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ അമ്മയെന്നോട് ചോദിച്ചു. എനിക്കുത്തരം ഉണ്ടായിരുന്നില്ല. ഇതൊന്നുമായിരുന്നില്ല അതിന് കാരണം. അത് ശൂന്യതയില്‍ നിന്നുവന്ന ഒരു പ്രശ്‌നമായിരുന്നു. അത് അമ്മയ്ക്ക് മനസ്സിലായി, അമ്മയെ ദൈവം എനിക്കായി അയച്ചതാണെന്ന് ഞാന്‍ കരുതുന്നു. എവിടെയാണ് പോവേണ്ടതെന്നറിയില്ല, എന്താണ് ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് കരയുമായിരുന്നു.'-ദീപിക അന്ന് പറഞ്ഞു.
വിഷാദരോഗത്തെ അതിജീവിച്ചശേഷം താരം ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചെയ്തു. ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടേറെ ആരാധകരുണ്ട്. ദീപികയും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണിപ്പോള്‍.
Content Highlights: deepika padukone recalls her battle with depression