'കൂലി'യുടെ ടിക്കറ്റ് നിരക്ക് 4500 രൂപ വരെയെന്ന് റിപ്പോർട്ടുകൾ; തരംഗം തീർത്ത് സിനിമ

രജനീകാന്തിന്റെ 'കൂലി' ആഗസ്റ്റ് 14-നാണ് റിലീസ് ചെയ്യുന്നത്. പ്രീ-ബുക്കിങ് റെക്കോഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ 'തുടരും' സിനിമയുടെ ആദ്യദിന കളക്ഷൻ തകർത്താണ് 'കൂലി'യുടെ പ്രീ-ബുക്കിങ് തുടങ്ങിയത്. കേരളത്തിൽനിന്നും ആദ്യദിനം കൂടുതൽ കളക്ഷൻ നേടിയ രജനിചിത്രം 'ജയിലർ' ആയിരുന്നു. ആറുകോടിയാണ് 'ജയിലർ' നേടിയത്. 'കൂലി' അത് തകർത്തുവെന്നാണ് അനൗദ്യോഗികസ്ഥിരീകരണം. ഇതുവരെ 1.2 ദശലക്ഷം ടിക്കറ്റുകളാണ് രാജ്യത്തുമാത്രം വിറ്റഴിക്കപ്പെട്ടത്.
അതിനിടെ ഓരോ സംസ്ഥാനത്തും ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും 'കൂലി' റെക്കോഡുകൾ ഭേദിച്ചുകഴിഞ്ഞു. ശരിയായ നിരക്ക് 400 രൂപയാണ്. പക്ഷേ ടിക്കറ്റുകൾ പല നിരക്കുകളിലാണ് വിറ്റഴിക്കപ്പെടുന്നത്. ചില ഏജന്റുമാർ കൂട്ടത്തോടെ ടിക്കറ്റ് വാങ്ങി വലിയ നിരക്കിൽ വിറ്റഴിക്കുകയാണെന്നും വാർത്തകളുണ്ട്. ബംഗളൂരുവിൽ 2000 രൂപയ്ക്കാണ് ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. ഡൽഹിയിലിത് 1200-ഉം, മുംബൈയിൽ 800-ഉം രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ചെന്നൈയിൽ ചില തിയേറ്ററുകൾ ടിക്കറ്റ് നിരക്ക് 57 രൂപ വരെയാക്കിയത്രേ. അതേസമയം ചെന്നൈയിലെ മറ്റൊരു പ്രശസ്ത തിയേറ്ററിൽ 4500 രൂപയാണ് ടിക്കറ്റ് നിരക്ക്.
രജനിക്കൊപ്പം നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ചിത്രത്തിൽ ആമിർ അതിഥിവേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വയലൻസ് കണക്കിലെടുത്ത് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: rajinikanths coolie breaks pre-booking records, kerala leads with high demand