ക്രിക്കറ്റ് മത്സരത്തിന്റെ കഥ പറഞ്ഞ 'ലഗാൻ', ലോകകപ്പിലെ വിജയവുമായി '83'

നിരവധി ചിത്രങ്ങളാണ് ഓരോ വർഷവും ബോളിവുഡിൽ റിലീസാവുന്നത്. ആക്ഷൻ, കോമഡി, ഹൊറർ, റൊമാന്റിക്... ഇങ്ങനെ പല വിഭാഗങ്ങളിൽപ്പെട്ട ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തുന്നു. ഇതുപോലെ ബോളിവുഡിൽ നിന്ന് ഇടയ്ക്കിടെ കായികമേഖല അടിസ്ഥാനമാക്കിയും ചിത്രങ്ങൾ പുറത്തിറങ്ങാറുണ്ട്. സ്പോർട്സ് അടിസ്ഥാനമാക്കിയുള്ള ഭൂരിപക്ഷചിത്രങ്ങളും സിനിമാ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. അത്തരത്തിൽ ബോളിവുഡിൽ ഹിറ്റായ ചില സ്പോർട്സ് സിനിമകളിലൂടെ...
ലഗാൻ
ആമിർ ഖാനെ നായകനാക്കി അഷുതോഷ് ഗൊവാരിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ലഗാൻ'. 2001-ൽ റിലീസായ സിനിമ ക്രിക്കറ്റ് അടിസ്ഥാനമാക്കിയായിരുന്നു. ചാമ്പനെർ എന്ന ഗ്രാമത്തിലെ കർഷകരും ബ്രിട്ടീഷ് സെൻട്രൽ ഇന്ത്യ ഏജൻസിയിലുളളവരും തമ്മിലുളള ക്രിക്കറ്റ് മത്സരമാണ് സിനിമയുടെ കഥ. കനത്ത ഭൂനികുതി ഒഴിവാക്കി തരണമെന്ന ആവശ്യവുമായി കർഷകർ രാജാവിനെ കാണുന്നു. ഇവിടെനിന്നാണ് ക്രിക്കറ്റ് മത്സരത്തിന്റെ പിറവി.
ചക് ദേ ഇന്ത്യ
ഇന്ത്യൻ സ്പോർട്സ് സിനിമകളിൽ നാഴികകല്ലായ ചിത്രമാണ് 'ചക് ദേ ഇന്ത്യ'. ഷാരുഖ് ഖാൻ നായകനായ ചിത്രം ഹോക്കി അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2007-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷിമിത് അമിനാണ്. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായ കബീർ ഖാന്റെ റോളാണ് ചിത്രത്തിൽ ഷാരൂഖ് ചെയ്തിരിക്കുന്നത്. പ്രതിസന്ധികളിൽനിന്ന് ഇന്ത്യൻ വനിതാ ടീമിനെ ലോകകപ്പ് വിജയത്തിലേക്കെത്തിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
ഭാഗ് മിൽഖാ ഭാഗ്
ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിന്റെ ജീവിതം അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമാണ് 'ഭാഗ് മിൽഖാ ഭാഗ്'. രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ചിത്രം 2013-ൽ റിലീസായി. ഫർഹാൻ അക്തറാണ് ചിത്രത്തിൽ മിൽഖയുടെ റോൾ ചെയ്തിരിക്കുന്നത്. ദിവ്യ ദത്ത, മീഷ ഷാഫി, പവൻ മൽഹോത്ര അടക്കമുളളവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ദംഗൽ
ബോളിവുഡ് ചരിത്രത്തിൽ കലക്ഷൻ റെക്കോഡിട്ട ചിത്രമാണ് 'ദംഗൽ'. അമീർ ഖാൻ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതേഷ് തിവാരിയാണ്. ഗുസ്തി പശ്ചാത്തലമായ സിനിമ ഫോഗട്ട് കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സാക്ഷി തൻവാർ, ഫാത്തിമ സന ഷെയ്ഖ് അടക്കമുള്ളവരാണ് പ്രധാന റോളുകളിൽ.
മേരി കോം
ഒളിമ്പിക് മെഡൽ ജേത്രി മേരി കോമിന്റെ ജീവിതം അടിസ്ഥാനമാക്കി വന്ന സിനിമയാണ് 'മേരി കോം'. ഒമുങ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ പ്രിയങ്ക ചോപ്രയാണ്, മേരി കോമായി വേഷമിട്ടിരിക്കുന്നത്. 2014-ൽ റിലീസായ സിനിമ ബോക്സോഫിസിൽ തരക്കേടില്ലാത്ത വിജയം കൊയ്തു.
83
1983 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ വിജയം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് '83'. കബിർ ഖാനായിരുന്നു സംവിധാനം. രൺവീർ സിങ്ങായിരുന്നു കപിൽ ദേവിന്റെ റോളിൽ. ദീപിക പാദുകോൺ കപിലിന്റെ ഭാര്യയുടെ റോളിലുമെത്തി. പങ്കജ് ത്രിപാഠി, ജീവ അടക്കമുള്ളവരും പ്രധാന വേഷങ്ങളിലെത്തി.
സ്പോർട്സ് അടിസ്ഥാനമാക്കി ബോളിവുഡിൽ ഇനിയും ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. എം.എസ്. ധോനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ 'എം.എസ്. ധോനി: ദ അൺടോൾഡ് സ്റ്റോറി', ക്രിക്കറ്റ് താരം പ്രവീൺ താംബെയുടെ കഥ പറയുന്ന 'കോൻ പ്രവീൺ താംബെ', അത്ലറ്റ് പാൻ സിങ് ടോമറിന്റെ ജീവിതം പറഞ്ഞ 'പാൻ സിങ് ടോമർ', ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങിയ 'മൈതാൻ' അടക്കമുളളവ അവയിൽ ചിലത് മാത്രമാണ്.
Content Highlights: list of bollywood movies released on sports and sportspersons