‘എന്നെ വളർത്തിയത് മലയാളസിനിമ’; ആ ആഗ്രഹം ബാക്കിയാക്കി ഭാരതിരാജ മടങ്ങി

'തുടരും' സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ, രഞ്ജിത്ത്, തരുൺ മൂർത്തി തുടങ്ങിയവർക്കൊപ്പം ഭാരതിരാജ
'തുടരും' സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ, രഞ്ജിത്ത്, തരുൺ മൂർത്തി തുടങ്ങിയവർക്കൊപ്പം ഭാരതിരാജ

ഭാരതിരാജയെ സിനിമയുടെ സർവ്വകലാശാലയെന്ന് വിശേഷിപ്പിച്ചത് സൂപ്പർ സ്റ്റാർ രജനീകാന്താണ്. തമിഴ് സിനിമയ്ക്കു മുൻപിൽ ഗ്രാമീണ ജീവിതത്തെ സമാനതകളില്ലാതെ അവതരിപ്പിക്കുകയും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ പുതിയ അഭിനയപ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാളത്തിൽ മോഹൻലാൽ-തരുൺമൂർത്തി ചിത്രം ‘തുടരു’മിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. മലയാളത്തെ കുറിച്ച് എന്നും ആവേശത്തോടെ സംസാരിച്ച സിനിമാക്കാരനാണ് ഭാരതിരാജ.

'തുടരും' സിനിമയുടെ ലൊക്കേഷനിൽനിന്ന്

സിനിമയെക്കുറിച്ച് പലതും പഠിച്ചത് മലയാളത്തിൽ നിന്നാണെന്നും, പി. ഭാസ്‌കരൻ, രാമുകാര്യാട്ട്, സേതുമാധവൻ, പി.എൻ. മേനോൻ എന്നിവരുടെയൊക്കെ സിനിമകളാണ് തന്റെ പുസ്തകങ്ങളെന്നും അദ്ദേഹം തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. “മലയാളം, ബംഗാളി സിനിമകൾ എന്നും ഞാൻ ശ്രദ്ധിക്കാറുണ്ട്. മലയാളസിനിമയിൽ എന്നും ഒരു ജീവിതം ഹൈലൈറ്റ് ചെയ്യപ്പെട്ടു. ലൈഫ് ഇല്ലാത്ത സിനിമകൾ മലയാളത്തിൽ നന്നേ കുറവാണ്. ‘ചെമ്മീന്’ സമമായി മറ്റൊരുസിനിമ ചിന്തിക്കാൻപോലുമാകുന്നില്ല. സിനിമയെ സമർപ്പണഭാവത്തോടെയാണ് ഇവിടെയുള്ളവർ കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ കണ്ട മലയാളം സിനിമയാണ് എന്നെ വളർത്തിയത്. ദൈവാനുഗ്രഹമുണ്ടെങ്കിൽ മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ കഴിയുമായിരിക്കും.” മലയാളത്തിൽ സിനിമയൊരുക്കാനുള്ള ആഗ്രഹവും പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

സിനിമ മുന്നോട്ടുവയ്ക്കേണ്ടത് സന്ദേശമല്ലെന്നും, കാഴ്ചക്കാരനെയും സമൂഹത്തെയും ചിന്തിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് കഥയിലുണ്ടാകണമെന്നും അദ്ദേഹം വിശ്വസിച്ചു. ഒരു നല്ല പുസ്തകം വായിച്ച അനുഭവമാണ് സിനിമ കണ്ടിറങ്ങുമ്പോൾ ലഭിക്കേണ്ടതെന്നും സന്ദേശം നൽകുന്നതിന് മാത്രമായി സിനിമയെടുക്കുന്നതിനോട് താൽപ്പര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈശ്വരനാണ് തന്നെ സിനിമയിലേക്കെത്തിച്ചതെന്ന് വിശ്വസിക്കാനാണ് ഭാരതിരാജ എന്നും ഇഷ്ടപ്പെട്ടത്. “ഓരോരുത്തർക്കും ദൈവം ഓരോ അനുഗ്രഹങ്ങൾ തരും. ഒരാൾ ആരാവണമെന്ന് തീരുമാനിക്കുന്നത് ഈശ്വരനാണ്. ഭാരതിരാജയിൽ സിനിമ ഉണ്ടാകട്ടെയെന്ന് തീരുമാനിച്ചതും ആ ശക്തിതന്നെയാണ്.” അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: bharathiraja-connection-malayalam-cinema-tribute