ശൂർപ്പണഖയായത് 4 മണിക്കൂർകൊണ്ട്; ശൂർപ്പണഖ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള കഥാപാത്രമാണ്

രാകുൽ പ്രീത് സിങ്‌
രാകുൽ പ്രീത് സിങ്‌

'രാമായണ: പാർട്ട് 1'-ൽ ശൂർപ്പണഖയായി അഭിനയിച്ചത് നടി രാകുൽ പ്രീത് സിങ്ങാണ്. സിനിമ റിലീസ് ചെയ്യുന്നതിനുമുമ്പ് ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർക്ക് ആ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സിനിമ റിലീസായപ്പോഴും അവരുടെ കഥാപാത്രം കൈയടി നേടുകയാണ്.

ശൂർപ്പണഖ എന്ന കഥാപാത്രത്തിന്റെ രൂപീകരണവും, അതിനു പിന്നിലെ നീണ്ട പ്രക്രിയയും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് രാകുൽ ഇപ്പോൾ.

''ശൂർപ്പണഖയോടുള്ള പ്രേക്ഷകരുടെ സ്‌നേഹം കാണുമ്പോൾ, നാല് മണിക്കൂറോളം നീണ്ട ഹെയർ ആൻഡ് മേക്കപ്പ് ഒരുക്കങ്ങൾ അർത്ഥവത്തായതായി തോന്നുന്നു! നല്ല കാര്യങ്ങൾ സംഭവിക്കാൻ സമയം എടുക്കും. അതും ഒരുപാട് സമയം! ഈ കഥാപാത്രത്തിന് ജീവൻ നൽകിയ എന്റെ മികച്ച ഹെയർ ആൻഡ് മേക്കപ്പ് ടീമുകൾക്കും കോസ്റ്റ്യൂം ടീമിനും വലിയ നന്ദി. ഈ മാന്ത്രികതയ്ക്ക് പിന്നിലെ ചില കാഴ്ചകൾ ഇതാ'', താരം കുറിച്ചു.

രാകുൽ ശൂർപ്പണഖയായി മാറുന്നതാണ് വീഡിയോയിലുള്ളത്. വസ്ത്രധാരണം മുതൽ ഹെയർ സ്‌റ്റൈലും മേക്കപ്പും വരെ, ഈ രൂപം സൃഷ്ടിക്കുന്നതിൽ എത്രത്തോളം സൂക്ഷ്മമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നത് വീഡിയോയിൽ കാണാം.

നേരത്തെ, പിടിഐ വാർത്താ ഏജൻസിയോട് സംസാരിക്കവെ 'രാമായണ'ത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് രാകുൽ പ്രീത് സിങ് ഇങ്ങനെ പറഞ്ഞു, ''എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ ആവേശകരമായ ചില കാര്യങ്ങളുണ്ട്. ഒന്നാമതായി, ഇത് ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതാണ്. നമ്മുടെ ചരിത്രവും സത്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ഒരുക്കുന്ന ഒരു ആഗോള ചലച്ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. രണ്ടാമതായി, ശൂർപ്പണഖ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, എന്നാൽ ആഴത്തിലുള്ള മാനങ്ങളുള്ള ഒരു കഥാപാത്രമാണ്. യുദ്ധം ഉണ്ടാകാൻ തന്നെ കാരണക്കാരി അവളാണ്. അതിനാൽ, ഇത്രയധികം വ്യത്യസ്ത തലങ്ങളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമായ അനുഭവമായിരുന്നു'', രാകുൽ പ്രീത് സിംഗ് പറഞ്ഞു.

''രാമായണത്തിൽ ശൂർപ്പണഖയായി വേഷമിട്ട അനുഭവം പങ്കുവെക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇതെന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു യാത്രയായിരുന്നു. തലമുറകളായി നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ ഒരു കഥയുടെ ഭാഗമാകാൻ എല്ലാവർക്കും അവസരം ലഭിക്കാറില്ല. രാമായണം ഇത്രയും ബൃഹത്തായ രീതിയിൽ പുനഃസൃഷ്ടിക്കപ്പെടുന്നത് കാണുന്നത് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ്. നമ്മുടെ രാജ്യത്തിന് വളരെയേറെ പ്രാധാന്യമുള്ള ഒരു കഥയുടെ ഭാഗമാകാനും, അത് ഇത്രയും വലിയ തലത്തിൽ ഒരുമിച്ചുവരുന്നത് കാണാനും സാധിച്ചത് ഈ യാത്രയെ കൂടുതൽ അവിസ്മരണീയമാക്കുന്നു'', താരം കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rakul Preet Singh played the misunderstood character Surpanakha in Ramayana Part 1., The intricate hair and makeup process took four hours to complete., Rakul expressed excitement about representing Indian history and culture on a global scale., Behind-the-scenes transformation video shared on Instagram.