സൗഹൃദത്തിന്റെ 'തടവി'ല്‍ ഈ മൂന്നു കൂട്ടുകാര്‍

പട്ടാമ്പിക്കടുത്തുള്ള പരുതൂര്‍ എന്ന കൊച്ചുഗ്രാമം. വാദ്യമേളങ്ങളും നാടകവുമെല്ലാം നിറഞ്ഞ, കലാകാരന്‍മാരുടെ നാട്. ഇന്നീ ഗ്രാമം അറിയപ്പെടുന്നത് ഒരു അധ്യാപികയുടെ പേരിലാണ്. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം ഉര്‍വശിയോടൊപ്പം പങ്കിട്ട ബീന ആര്‍.ചന്ദ്രനാണ് ആ അധ്യാപിക. 'തടവ്' എന്ന സിനിമയിലെ ഗീത ടീച്ചര്‍ എന്ന കഥാപാത്രമാണ് ബീനയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ബീന ടീച്ചര്‍ക്ക് സ്വന്തം നാടിന്റെ ഒത്തുചേരലായിരുന്നു 'തടവ്' എന്ന സിനിമ. അതില്‍ ഉറ്റചങ്ങാതിമാരും കുടുംബാംഗങ്ങളുമെല്ലാം കഥാപാത്രങ്ങളായി. 'തടവി'ലെ ഹംസ, ഉമ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുബ്രഹ്മണ്യനും അനിതയും ബീനയുടെ അടുത്തസുഹൃത്തുക്കളാണ്. പരുതൂര്‍ സി.ഇ.യു.പി. സ്‌കൂളിലെ അധ്യാപകരാണ് ബീനയും അനിതയും. പള്ളിപ്പുറം സഹകരണബാങ്കിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യന്‍. ജീവിതത്തിലെ സൗഹൃദം സിനിമയിലേക്കും കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് ഇവര്‍.
ചെറുപ്പം മുതലേ നാടകവും അഭിനയവുമെല്ലാം കൂടെ കൊണ്ടുനടക്കുന്നവരാണോ?
ബീന: എന്റെ അനിയത്തിയുടെ സഹപാഠിയാണ് സുബ്രഹ്മണ്യന്‍. സുബ്രന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ഞാന്‍ ഈ സ്‌കൂളില്‍ അധ്യാപികയായെത്തി കുറച്ചുനാള്‍ കഴിഞ്ഞാണ് അനിത ടീച്ചര്‍ വരുന്നത്.
അനിത: ഇവിടെയെത്തിയപ്പോള്‍ ബീനയുമായി മനോഹരമായൊരു സൗഹൃദമുണ്ടായി. സ്‌കൂളിലെ ഓരോ പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് നിന്നു. അതിനിടയ്ക്ക് സ്‌കൂളില്‍ ഒരു സോഷ്യല്‍സയന്‍സ് ഫെയര്‍ സംഘടിപ്പിച്ചു. അതിനുള്ള സ്റ്റില്‍മോഡലുകളും പ്രോപ്പര്‍ട്ടികളും ഉണ്ടാക്കിത്തന്നത് സുബ്രനാണ്.
സുബ്രഹ്മണ്യന്‍: അനിത ടീച്ചറുടെ മോളും എന്റെ മോളും ഒരുമിച്ച് പഠിച്ചതാണ്. പക്ഷേ ഞങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. സ്‌കൂളില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. കലകളിലൂടെ ഞങ്ങളുടെ സൗഹൃദവും വളര്‍ന്നുവെന്ന് പറയാം.