എന്താടാ, കേന്ദ്രഗവണ്‍മെന്റിന്റെ അവാര്‍ഡായാല്‍ പുളിക്കുമോ എന്ന് ജഗതിയോട് ചോദിച്ചു: ബാലചന്ദ്രമേനോന്‍

#കെ.വിശ്വനാഥ്‌
ബാലചന്ദ്രമേനോൻ (ഫയൽചിത്രം)
ബാലചന്ദ്രമേനോൻ (ഫയൽചിത്രം)

ഒരുപാട് നല്ല റോളുകള്‍ കിട്ടി. അതില്‍ ദേശീയ അവാര്‍ഡ് വരെ കിട്ടിയ 'സമാന്തരങ്ങളി'ലെ വേഷവുമുണ്ട്?

ഞാനത് തിരിച്ചു പറയും. ഞാനുണ്ടാക്കിയെടുത്ത ഒരു ഇമേജാണ് ഫാമിലി, കുട്ടാ തുടങ്ങിയ കുറെ കാര്യങ്ങള്‍. ഇതിനെ വിറ്റുകാശാക്കി മറ്റ് സംവിധായകര്‍. അവരാരെങ്കിലും എനിക്കൊരു നല്ല വേഷം തന്നോ? എല്ലാം എന്റെ കഥാപാത്രങ്ങളുടെ പകര്‍പ്പുകള്‍ തന്നെ. 'സമാന്തരങ്ങളി'ല്‍ തൊപ്പിയും വിഗ്ഗും ഊരിവെച്ച് എന്റെ തലകാണിച്ച് അഭിനയിച്ച് നാഷണല്‍ അവാര്‍ഡ് വാങ്ങുന്നതിന്റെ പിന്നിലെ ഡയറക്ടര്‍ ആരാണ്? ഞാന്‍ തന്നെ. എനിക്കൊരാള് വന്നിട്ട് നിങ്ങളിതുവരെ ചെയ്തതില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണിത് എന്നു പറഞ്ഞ് തന്നിട്ടില്ല. അത്തരമൊരു കഥാപാത്രം എനിക്ക് തന്ന സംവിധായകന്‍ മോഹനായിരിക്കും. 'ഇസബെല്ല'യില്‍ അദ്ദേഹം എന്നെ ഒരു കാമുകനാക്കി. അതൊരു ധൈര്യമാണ്. പടമെടുത്ത ഗുഡ്‌നൈറ്റ് മോഹന്റെ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു അത് ഞാന്‍ തന്നെ അഭിനയിക്കണമെന്ന്. അത് അങ്ങനെ സംഭവിച്ചതാണ്. ആ റോള്‍ ആളുകള്‍ സ്വീകരിച്ചു. സസ്‌നേഹം, കുടുംബപുരാണം തുടങ്ങി എത്രയോ ചിത്രങ്ങള്‍...അച്ഛന്‍കളി മടുത്തുനിര്‍ത്തി. 

'സമാന്തരങ്ങള്‍' അച്ഛന്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുണ്ടോ?

ഒരിക്കലുമില്ല. റെയില്‍വേയുടെ സ്വാധീനമുണ്ട്. ഒന്ന് കല്‍ക്കരിയാണ്. എല്ലാം പിന്നാമ്പുറത്തുണ്ട്. അല്ലാതെ ആ കഥാപാത്രം എന്റെ അച്ഛനല്ല. റെയില്‍വേയോട് ഇത്ര ആത്മാര്‍ഥതയുള്ള ആളൊന്നുമായിരുന്നില്ല അദ്ദേഹം. 

ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

സമാന്തരങ്ങള്‍ എന്ന ഒറ്റ സിനിമയാണ് എന്റെ കരിയറില്‍ എന്നെ അദ്ഭുതപ്പെടുത്തിയത്. എന്റെ ഭാര്യയാണ് അതിന്റെ പ്രൊഡ്യൂസര്‍. ഞങ്ങള്‍ രണ്ടാളും ചിത്രാഞ്ജലിയില്‍ ഈ പടത്തിന്റെ ഫസ്റ്റ്‌കോപ്പി നോക്കുകയാണ്. പത്തുപതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ എനിക്കു തോന്നുകയാണ്, ഇയാളാരാണ്? അങ്ങനെ ചിന്തിച്ചു പോയ കഥാപാത്രമാണത്. ബാക്കിയൊക്കെ ഞാന്‍ തന്നെയാണ്. സ്‌ക്രീനിങ് കഴിഞ്ഞ് പുറത്തെത്തുമ്പോള്‍ അവിടെ മുകേഷും ജഗതി ശ്രീകുമാറും ഇരിക്കുന്നുണ്ട്. ജഗതിയും ഞാനും ഒരേകാലത്ത് കോളേജില്‍ പഠിച്ചവരാണ്. അദ്ദേഹം സീനിയറായിരുന്നു. എന്താ അളിയാ ഒരു സ്‌റ്റേറ്റ് അവാര്‍ഡിന്റെ മണമൊക്കെ അടിക്കുന്നുണ്ടല്ലോ എന്ന് ജഗതി ചോദിച്ചു. മൂപ്പര് തമാശയായി പറഞ്ഞതാണ്. എന്താടാ, കേന്ദ്രഗവണ്‍മെന്റിന്റെ അവാര്‍ഡായാല്‍ പുളിക്കുമോ എന്നു ഞാനും ചോദിച്ചു. അവാര്‍ഡ് കിട്ടിയതിന് ശേഷം തിരുവനന്തപുരത്ത് എന്നെ അഭിനന്ദിച്ചപ്പോള്‍ മുകേഷ് എന്നെ വിളിച്ചു പറഞ്ഞു, ഞാന്‍ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ചാല്‍ എനിക്ക് ഈ ഉത്തരമേയുള്ളൂ. അങ്ങനെ പ്രതീക്ഷിച്ചെടുത്ത ചിത്രമല്ല. 
 

ജഗതി ശ്രീകുമാറിനൊപ്പം

ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇന്ന് ജീവിച്ചിരിക്കുന്ന സമൂഹത്തിനിടയിലേക്ക് ഞാന്‍ കയറിച്ചെല്ലുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന ഒരു തിളക്കമുണ്ട്. അത് നമ്മളുണ്ടാക്കിയ സിനിമകളിലൂടെ കിട്ടിയതാണ്. സിനിമയില്‍ എണ്ണത്തില്‍ ഒന്നാമനാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ വിചാരിച്ചിരുന്നില്ല. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാന്‍ സാധിച്ചു. ഏറ്റവുമധികം സിനിമയ്ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച് അതില്‍ അഭിനയിക്കുകയും ചെയ്തയാള്‍ എന്ന നിലയ്ക്കാണ്. 29 സിനിമയുണ്ട്. ഇതിനപ്പുറം ജന്മത്തിലെന്താണ് ആഗ്രഹിക്കാനാകുക. ആരോഗ്യമുള്ള കാലത്തോളം ഇതുതന്നെ ചെയ്യണം എന്നാണ് ആഗ്രഹം. ഇതല്ലെങ്കില്‍ കഥയെഴുതും.  

ഗായകനാകുന്നതിന് പിന്നിലെ തീരുമാനം എന്തായിരുന്നു?

എനിക്കൊരു നല്ല സ്വകാര്യജീവിതമുണ്ട്. ഒരു ത്രീപീസ് ഓര്‍ക്കസ്ട്ര വെച്ച് ഒരു ദിവസം മുഴുവന്‍ ഞാന്‍ പാടിക്കൊണ്ടിരിക്കും. അതെന്റെ മരുന്നാണ്. പഴയപാട്ടുകള്‍. ഓഡിയന്‍സ് ഒന്നും വേണ്ട. സംഗീതമിഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ മതി. റോസസ് ദ ഫാമിലി ക്ലബ് എന്നൊരു സങ്കല്പമുണ്ടെനിക്ക്. 27 വര്‍ഷമായി അത്. തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും അമ്പലപ്പുഴയിലുമുണ്ട്. കുടുംബങ്ങള്‍ മാത്രം. പഴയ കൂട്ടുകുടുംബത്തിന്റെ ഒരു ഓര്‍മപുതുക്കല്‍. വൈകുന്നേരം വരും, ഡിന്നര്‍ കഴിക്കും, കുറെ ബഡായി പറയും, പിരിയും. അവിടെ സിനിമ സംസാരിക്കാറില്ല. ഞാനൊരു കേള്‍വിക്കാരനാണ്. സിനിമാനടന്മാരുടെ കൂട്ടത്തില്‍ ഒരു നടന്‍ പാടിയിട്ട് ഹിറ്റാകുന്നത് അടൂര്‍ഭാസിയാണ്. ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തില്‍. രണ്ടാമത് ഹിറ്റായത് എന്റേതുതന്നെയാണ്. ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിലേതാണ് ആന കൊടുത്താലും കിളിയേ എന്ന പാട്ട്. എന്റെ തന്നെ ബാനറായ വി ആന്‍ഡ് വി നിര്‍മിച്ച ആദ്യ ചിത്രം. പൈങ്കിളിക്കഥ ചെയ്യുന്ന സമയത്താണ് ഒരു ആശയം തോന്നുന്നത്. ഈ പടത്തിലെ പാട്ടുകള്‍ എല്ലാം ഇതിലെ ആര്‍ട്ടിസ്റ്റുകളെക്കൊണ്ടു പാടിച്ചാലോ. വേണു നാഗവള്ളിയുണ്ട്. അദ്ദേഹം നന്നായി പാടും. ശ്രീവിദ്യയുണ്ട്. കവിയൂര്‍ പൊന്നമ്മ മാത്രം പാടിയില്ല. ഞാനും ശ്രീവിദ്യയും ചേര്‍ന്നാണ് ആന കൊടുത്താലും കിളിയേ പാടിയത്. 
 

ഷമ്മി കപൂറിനൊപ്പം

എല്ലാ മേഖലയിലും പ്രവര്‍ത്തിച്ച ആളാണ്. ഒരു സിനിമയില്‍ ഇതെല്ലാം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് തോന്നില്ലേ?

ഞാന്‍ സമാന്തരങ്ങളില്‍ പത്ത് വിഭാഗങ്ങള്‍ കൈകാര്യം ചെയ്തു. ചിലപ്പോള്‍ ചില സിനിമയോടു തോന്നുന്ന ആഭിമുഖ്യം ആകാം. സിനിമയില്‍ ഡ്രൈവറില്ലാത്ത ആളാണ് ഞാന്‍. എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ ഇപ്പോഴും ഡ്രൈവ് ചെയ്യും. ഞാന്‍ അത് ആസ്വദിച്ചു ചെയ്യുന്നതാണ്. വെറുതെയിരിക്കാനാവില്ല എന്നതാണ് എന്റെ പ്രശ്‌നം. നമ്മുടെ മനസ്സ് എപ്പോഴും എന്തിന്റെയെങ്കിലും പിന്നാലെയായിരിക്കും. അജണ്ടയില്ലാതെ കാര്യങ്ങള്‍ ചെയ്യുക. അജണ്ടയില്ലാതെ സംസാരിച്ചു നോക്കൂ, ആത്മാര്‍ഥതയുണ്ടായിരിക്കും. ദുബായില്‍ നാലര മണിക്കൂര്‍ ഞാനൊരു ഷോ ചെയ്തു. നമ്മുടെ ദാസേട്ടന്‍ അത്രയും സമയം ഇരുന്നു കണ്ട ഏക ഷോ എന്റേതാണ്. സ്‌റ്റേജിലെത്തിയാല്‍ അതില്‍ മുഴുകുക. പാട്ടുപാടുമ്പോള്‍, ഡ്രൈവ് ചെയ്യുമ്പോള്‍, ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ എല്ലാം അത് ആസ്വദിക്കുക. 

സമാന്തരങ്ങളിലെ പത്ത് റോളുകള്‍ എന്തൊക്കെയായിരുന്നു?

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, എഡിറ്റിങ്, മ്യൂസിക്, റീ റിക്കാര്‍ഡിങ്, പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍. ഞാന്‍ നാലു പടം എഡിറ്റ് ചെയ്തു. അച്ചുവേട്ടന്റെ വീട്, കൃഷ്ണ ഗോപാല കൃഷ്ണ ഒക്കെ ഞാന്‍ എഡിറ്റ് ചെയ്തതാണ്. എന്നെ ഏറെ വേദനിപ്പിച്ച ചിത്രമാണ് കൃഷ്ണ ഗോപാല കൃഷ്ണ. ഏറെ പ്രതീക്ഷയോടെ ചെയ്തതാണ്. പക്ഷെ അംഗീകരിച്ചില്ല. ഇന്നത്തെ ഇന്ത്യന്‍ ഭര്‍ത്താക്കന്മാരുടെ അവസ്ഥയായിരുന്നു അത്. 

പുതുമുഖങ്ങളെ ഒരുപാട് അവതരിപ്പിച്ച സംവിധായകനാണ്. ശോഭന, ബൈജു, മണിയന്‍ പിള്ള രാജു, ആനി, നന്ദിനി, പാര്‍വതി... ഈ പരീക്ഷണങ്ങള്‍ക്കു പിന്നില്‍?

ഇത്രയും പേരെ അവതരിപ്പിച്ചു എന്നു പറയുന്നത് എന്റെ പ്ലസ് ആയി കാണുന്നില്ല. ഏപ്രില്‍ 18 എന്ന സിനിമ വന്നപ്പോള്‍ പുതിയ ഒരു പെണ്‍കുട്ടി വേണം എന്ന് ഉണ്ടായിരുന്നു. കാരണം ആ പെണ്‍കുട്ടിയുടെ സ്വഭാവം എന്താണെന്ന് പ്രേക്ഷകര്‍ക്ക് ഊഹം ഉണ്ടാകാന്‍ പാടില്ല. എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കനിയും. യോജിച്ച ഒരു പെണ്‍കുട്ടി ആ സിനിമയിലേയ്ക്ക് വന്നുചേരുകയാണ്. ഞാന്‍ അവതരിപ്പിച്ച പെണ്‍കുട്ടികള്‍ ആ കഥാപാത്രങ്ങളുമായി നന്നായിട്ട് താദാത്മ്യം പ്രാപിച്ചപ്പോള്‍ ജനം അവരെ ഇഷ്ടപ്പെട്ടു. അപ്പോള്‍ ഞാന്‍ കൊണ്ടുവരുന്നത് നന്നായിരിക്കുമെന്ന് ഒരു പ്രതീക്ഷ വന്നു. അത്രേയുള്ളൂ. 
 

പ്രേംനസീറും ബാലചന്ദ്രമേനോനും

ദീര്‍ഘമായ ഒരു കാലമാണ്. അതില്‍ പ്രേംനസീറിന്റെയും മധുവിന്റെയും കൂടെ അഭിനയിക്കുന്നു. അവരെ ഡയറക്ട് ചെയ്യുന്നു?

അതൊരു ഭാഗ്യമാണ്. 'തായ്ക്ക് ഒരു താലാട്ടി'ല്‍ ശിവാജി സാറിനെ ഡയറക്ട് ചെയ്തു. പത്മിനി മേഡം, വിശു എന്നിവരൊക്കെയുണ്ടായിരുന്നു ആ പടത്തില്‍. 'സുഖം സുഖകര'ത്തില്‍ ഷമ്മി കപൂറിനെ ഡയറക്ട് ചെയ്തു. അതൊക്കെ വലിയ സംഭവങ്ങളാണ്.

1978-ലാണ് സിനിമയില്‍ വരുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമയില്‍ വന്നിട്ടുള്ള ശൈലീ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

എന്റെ ചിത്രങ്ങള്‍ നോക്കിയാല്‍ അറിയാം, മലയാളസിനിമയെ ബാധിച്ച കാറ്റും മഴയുമൊന്നും എന്നെ ബാധിച്ചിട്ടില്ല. ചില സംവിധായകരുടെ ചിത്രങ്ങളെടുത്താല്‍ മലയാള സിനിമയിലെ താരനിര്‍ണയങ്ങളും താരമൂല്യവും ആ സിനിമയിലൂടെ കണ്ടെത്താന്‍ കഴിയും. ആരാണോ ഡിമാന്‍ഡുള്ളവര്‍ അവരെ ആ ചിത്രങ്ങളില്‍ കാണാം. അവര്‍ക്ക് അത്തരം ഘടകങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും. എനിക്ക് അങ്ങനൊരു സംഭവമില്ല. ഇനി ഒന്നു പറയാം. അല്പം ആത്മപ്രശംസയാണെങ്കില്‍ ക്ഷമിക്കുക. ഈ 37 സിനിമകളില്‍ ഒന്നിനൊന്ന് വൈചിത്ര്യമുള്ള വിഷയങ്ങള്‍ കണ്ടെത്തിയ വേറൊരു സംവിധായകനെ നിങ്ങള്‍ക്ക് പറയാമോ? ഒരൊറ്റ കഥ ഞാന്‍ ആവര്‍ത്തിച്ചിട്ടില്ല. മലയാളത്തില്‍ ആദ്യമായി അത്‌ലറ്റിന്റെ കഥ പറഞ്ഞത് ഞാനാണ്. മണിച്ചെപ്പു തുറന്നപ്പോള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സ്പീഡ് എന്നൊരു സിനിമ വന്നു. പ്രശ്‌നം ഗുരുതരത്തിലൂടെ മലയാളത്തില്‍ ആദ്യമായി മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റെ കഥ പറഞ്ഞതും ഞാനാണ്. ആദ്യമായി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞതും അതെ. സത്യന്‍ മാഷ് ഡോക്ടറായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കഥ ആദ്യമായിരുന്നു. 
 

ശിവാജി ഗണേശനൊപ്പം

ഇങ്ങനെ ഒരുപാട് ഞാന്‍ ഞാന്‍ എന്നു പറയേണ്ടിവരും. പക്ഷെ ഇതാരും അംഗീകരിക്കാത്തതുകൊണ്ട് ഞാന്‍ തന്നെ പറഞ്ഞേുകൊണ്ടിരിക്കുന്നു. ഞാന്‍ എന്നോട് മത്സരിച്ചാണ് പടമെടുക്കുന്നത്. അതുകൊണ്ട് പറയാം, ഈ മാറ്റങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. മോഹന്‍ലാല്‍ എന്റെ പടത്തില്‍ അഭിനയിക്കുന്ന കാലത്ത് അദ്ദേഹം ഒന്നുമായിട്ടില്ല. ആരാണ് മോഹന്‍ലാല്‍ എന്നു ചോദിക്കുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തിനൊപ്പം പടമെടുക്കുന്നത്. കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രം. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പക്ഷെ പിന്നെ ഒരു സിനിമ ഒന്നിച്ച് ചെയ്തിട്ടേയില്ല. എന്റെ ശൈലിയുടെ ഭാഗമല്ല അത്. മമ്മൂട്ടിയുടെ കാര്യവും അങ്ങനെ തന്നെ. എന്റെ ഏറ്റവും നല്ല സമയത്തെടുത്ത പടമാണ് 'ശേഷം കാഴ്ചയില്‍'. മമ്മൂട്ടിയായിരുന്നു നായകന്‍. അദ്ദേഹവും എന്റെ നല്ല സുഹൃത്താണ്. പക്ഷെ പിന്നീട് അവരാരും എന്റെ സിനിമയെ സ്വാധീനിച്ചിട്ടില്ല. 

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മാറി നില്‍ക്കുക എന്നത് ഇത്രയും ജോലികളില്‍ മുഴുകുന്ന ഒരാള്‍ എന്ന നിലയില്‍ പ്രയാസമല്ലേ? ആ കാലം എങ്ങനെ കടന്നു?

നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. ശയ്യാവലംബിയായി കിടക്കേണ്ട രോഗമോ വേദന അനുഭവിക്കേണ്ട രോഗമോ ദൈവം എനിക്ക് തന്നില്ല. ഒരു ബ്രേക്ക് എടുക്കാന്‍ ദൈവം പറഞ്ഞു, ഞാന്‍ അനുസരിച്ചു. ഞാന്‍ ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത, ഏറ്റവും കൂടുതല്‍ വര്‍ക്കുകളില്‍ മുഴുകിയ കാലമായിരുന്നു അത്. ഞാന്‍ മരിച്ചുപോകും എന്നു പറഞ്ഞവരുണ്ട് അന്ന്. ഇന്റേണല്‍ ബ്ലീഡിങ് വന്നതാണ് എനിക്ക്. എന്റെ മെഡിക്കല്‍ ഡീറ്റെയ്ല്‍സ് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. അതൊക്കെ ഒരു വ്യക്തിയുടെ താല്പര്യമാണ്. ഇതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നു പറഞ്ഞ് എത്രയോ പേര്‍ പരസ്യങ്ങള്‍ ചെയ്യാറുണ്ട്. ഞാന്‍ ഒരു പ്രൊഡക്ടിന്റെയും പരസ്യത്തിലില്ല. കാശിന് ആവശ്യമില്ലാഞ്ഞിട്ടല്ല. അത് ഒരു തീരുമാനമാണ്.  

രോഗം ജീവിതത്തിലെ ഒരു പരീക്ഷണമായിരുന്നു. ലേക് ഷോറില്‍ കിടക്കുമ്പോള്‍ ആരെയും കണ്ടിരുന്നില്ല. വരുന്ന ആളുകളുടെ പ്രതികരണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. സ്‌കാനിങ്ങിനൊക്കെ കൊണ്ടുപോകുമ്പോള്‍ മൊബൈല്‍ ക്യാമറകളിങ്ങനെ മിന്നുകയാണ്. ഏറ്റവും വേദന തോന്നിയ കാര്യമാണിത്. പക്ഷെ രോഗാവസ്ഥയിലുള്ള എന്റെ ചിത്രങ്ങള്‍ എന്റെ കൈവശമേയുള്ളൂ. എന്റെ ശാരീരികാവസ്ഥകളുടെ ഓരോ ഘട്ടവും ഞാന്‍ ഫോട്ടോയെടുത്തു വെച്ചിട്ടുണ്ട്.
 

കുടുംബസമേതം (ഫയൽചിത്രം)

കുടുംബം?

അമ്മ ലളിതാദേവി. സഹോദരങ്ങള്‍ പ്രേമ കുമാരി, സുഷമകുമാരി. അമ്മ ആലുവക്കാരിയാണ്. കുറുമശ്ശേരിയാണ് നാട്. മകന്‍ അഖില്‍, മകള്‍ ഭാവന. വീട്ടില്‍ ഞാനും ഭാര്യയും മാത്രം. വരദ ചേന്ദമംഗലംകാരിയാണ്. തൊഴിലും-വിവാഹവും തമ്മില്‍ വേറൊരു കല്യാണമാണ്. മേയ് 12 നാണ് ഞങ്ങളുടെ വിവാഹദിനം. ഇത്രയും വര്‍ഷങ്ങളായി ആ ദിവസം മറ്റൊന്നിനും വിട്ടു കൊടുക്കാറില്ല. മക്കളുടെ ബര്‍ത്ത്‌ഡേ പോലും എനിക്കോര്‍മയില്ല. പക്ഷെ ഈ ഒരു ദിവസം ഓര്‍ത്തുവെയ്ക്കും, ജീവിതത്തില്‍ ഓണം മാതിരി.
 

(അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)
https://grihalakshmi.mathrubhumi.com/cinema/balachandra-menon-talking-about-his-life-and-cinema-1.8880826

Content Highlights: balachandra menon talking about his life and cinema