രാംചരൺ അൽപം പരിഭ്രമിച്ചാണ് അഭിനയം തുടങ്ങിയത്, ശ്രിയ പേരെടുത്തിരുന്നു, വീഡിയോ വൈറൽ

2007-ൽ 'ചിരുത' എന്ന ചിത്രത്തിലൂടെയാണ് രാംചരണിന്റെ സിനിമാ അരങ്ങേറ്റം. തെലുങ്കിൽ സൂപ്പർതാരമായി വളരുന്നതിനു മുമ്പ് അഭിനയിക്കാൻ അൽപമൊന്നു പരിഭ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വർഷങ്ങൾക്കുമുമ്പ്, ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ രാംചരൺ അസ്വസ്ഥനായിരുന്നു, അൽപം പരിഭ്രമവുമുണ്ടായിരുന്നു. സിനിമയിലെത്തുന്നതിനുമുമ്പ്, ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നടത്തുന്ന രാംചരണിന്റെ രണ്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
പ്രശസ്തതാരം ശ്രിയ ശരണിനൊപ്പമായിരുന്നു രാംചരണിന്റെ അഭിനയമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. 2001-ൽ 'ഇഷ്ടം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രിയ അപ്പോഴേക്കും ഒരു താരമായിരുന്നു. രാംചരണും ശ്രിയയും ഒരു മേശയ്ക്ക് മുന്നിലിരുന്ന് ഹിന്ദിയിലുള്ള ഒരു റൊമാന്റിക് രംഗം അഭിനയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശ്രിയ ഒരു പരിധി വരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, രാംചരണിന് സംഭാഷണങ്ങൾ പറയുമ്പോഴും അഭിനയിക്കുമ്പോഴും നാണവും അസ്വസ്ഥതയും വരുന്നുണ്ട്.
അഭിനയ പരിശീലകനായ കിഷോർ നമിത് കപൂർ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. ഇത് ചിത്രീകരിക്കുമ്പോൾ രാമിന് അസ്വസ്ഥതയുണ്ടായിരുന്നുവെന്നും, ശ്രിയ അപ്പോഴും അഭിനയം പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. "ഞങ്ങൾ രാം ചരണിനെയും ശ്രിയ ശരണിനെയും വെച്ച് ഒരു രംഗം ചിത്രീകരിച്ചു; അത് ക്യാമറയ്ക്ക് മുന്നിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ രംഗമായിരുന്നു. അതൊരു തരത്തിൽ അനുഗ്രഹമായി. അദ്ദേഹത്തിന് യഥാർഥത്തിൽ വലിയ അസ്വസ്ഥത തോന്നിയിരുന്നു. ശ്രിയ അപ്പോഴേക്കും തെന്നിന്ത്യയിൽ ഒരു വലിയ താരമായിരുന്നു. നേരത്തേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, പരിശീലനം നേടിയ ശേഷം അവരുടെ അഭിനയം കൂടുതൽ സൂക്ഷ്മമായെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു സംവിധായകനായിരുന്നെങ്കിൽ, അവർ നന്നായി അഭിനയിച്ചുവെന്ന് ഒരുപക്ഷേ സമ്മതിക്കില്ലായിരുന്നു, പക്ഷേ ഞാനൊരു പരിശീലകനായതുകൊണ്ട് അവർക്ക് പോസിറ്റീവ് ഫീഡ്‌ബാക്ക് നൽകി"-അദ്ദേഹം പറഞ്ഞു.
ശ്രിയയും രാംചരണും നായിക-നായകൻമാരായി ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതേസമയം, 'ആർആർആറി'ൽ ഒരു ഫ്ലാഷ്ബാക്ക് രംഗത്തിൽ ശ്രിയ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചിരുന്നു.
അതേസമയം, പഴയ വീഡിയോയിൽ രാമിന് എന്തൊരു മാറ്റമാണെന്നതാണ് ആരാധകരെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്. ചിലർ കളിയാക്കുകപോലും ചെയ്തു. "അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരോട്, നിങ്ങളുടെ ഹൈസ്കൂൾ കാലത്തെ ചിത്രങ്ങൾ കാണാൻ എനിക്ക് ആഗ്രഹമുണ്ട്." എന്ന് വിമർശകരോട് ഒരാൾ പ്രതികരിച്ചു. ശങ്കർ സംവിധാനം ചെയ്ത്, കിയാര അദ്വാനിയും എസ്.ജെ. സൂര്യയും സഹതാരങ്ങളായ 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിലാണ് രാം അവസാനമായി അഭിനയിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Watch a never-before-seen video of Ram Charan`s awkward first camera test before his debut, acting with star Shriya Saran. See his early struggles and transformation.