'സാധാരണക്കാരനെപ്പോലെ സ്കൂട്ടറോടിച്ചു പോവുന്ന അരിജിത് സിങ്', വിരമിച്ചതിന് കാരണം പറഞ്ഞ് നിർമാതാവ്

മെഘ്ദൂത് റോയ് ചൗധരി, ബിക്രം ഘോഷ് എന്നിവർക്കൊപ്പം അരിജിത് സിങ് | Instagram
മെഘ്ദൂത് റോയ് ചൗധരി, ബിക്രം ഘോഷ് എന്നിവർക്കൊപ്പം അരിജിത് സിങ് | Instagram

കൊൽക്കത്തയിൽ അനൗഷ്ക ശങ്കറിന്റെ സംഗീത നിശയിൽ പങ്കെടുത്തവർക്കു ലഭിച്ച വലിയ സമ്മാനമായിരുന്നു ഗായകൻ അരിജിത് സിങ്ങിന്റെ ലൈവ് പെർഫോമൻസ്. പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ ഷോയായിരുന്നു ഇത്. അരിജിത്തിന്റെ പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

ചടങ്ങിൽ നിർമ്മാതാവും സംരംഭകനുമായ മെഘ്ദൂത് റോയ് ചൗധരിയും സംഗീതജ്ഞൻ ബിക്രം ഘോഷും അരിജിത്തിനൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, അരിജിത് വിരമിക്കാൻ കാരണമെന്തായിരിക്കുമെന്ന് പറയുകയാണ് മെഘ്ദൂത് ഇപ്പോൾ.

‘അഹങ്കാരത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല, നൂറ് ശതമാനം ആത്മാർത്ഥമായ സമർപ്പണം മാത്രം’ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ തലക്കെട്ട്. "അദ്ദേഹം പ്രശസ്തിയുടെ ലോകത്തായിരുന്നില്ല, ശാന്തനായി വന്നു, പണ്ഡിറ്റ് ബിക്രം ഘോഷിനെ ആഴത്തിലുള്ള ബഹുമാനത്തോടെയും വിനയത്തോടെയും അഭിവാദ്യം ചെയ്തു, യഥാർഥ കലാകാരന്മാരിൽ മാത്രം കാണുന്ന ഒന്ന്. ഓരോ ദിവസവും പഠിക്കുന്ന ഒരാളെപ്പോലെ സംസാരിച്ചു. അഹങ്കാരത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ കലാസൃഷ്ടിക്ക് നൂറ് ശതമാനം ആത്മാർഥമായ സമർപ്പണം മാത്രം."-കുറിപ്പിൽ പറയുന്നു.

"തുടർന്ന് വേദിയിൽ അദ്ദേഹം പണ്ഡിറ്റ് രവി ശങ്കർ ചിട്ടപ്പെടുത്തിയ മായാ ഭര രതി അനൗഷ്കക്കൊപ്പം ആലപിച്ചു. വലിയ സ്ക്രീനുകളില്ല. കരിമരുന്നില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ഗിറ്റാറും, അദ്ദേഹം പാടിയ ഓരോ വരിയിലും മുഴുകിയിരുന്ന ഒരു കൂട്ടം പ്രേക്ഷകരും.

ഒരുപക്ഷേ അതുകൊണ്ടാണ് അദ്ദേഹം പ്ലേബാക്ക് ഗാനരംഗത്ത് നിന്നും, ലേബലുകളുടെയും അവരുടെ ഇഷ്ടങ്ങളുടെയും കളിപ്പാട്ടമായി മാറുന്നതിൽ നിന്നും വിട്ടുനിന്നത്. അദ്ദേഹം സംഗീതത്തിൽ നിന്ന് വിടപറഞ്ഞിട്ടില്ല, സംഗീതം യന്ത്രവൽക്കരിക്കപ്പെട്ടതിൽ മനംമടുക്കുന്നു. അദ്ദേഹം അത് ജീവിക്കാനും, പിന്തുടരാനും, സ്വന്തം നിബന്ധനകളിൽ രൂപപ്പെടുത്താനും ആഗ്രഹിക്കുന്നു. വിടപറയുന്നു എന്നതിൽ നിന്നുമാറി, അത് അൽഗോരിതത്തേക്കാൾ കലയെയും, തിരക്കിനേക്കാൾ ഹൃദയത്തെയും തിരഞ്ഞെടുക്കുന്നതാണ്."-മെഘ്ദൂത് കുറിച്ചു.

"അദ്ദേഹം ലോകങ്ങൾക്കിടയിൽ ജീവിക്കുന്നു, ചിലപ്പോൾ സാധാരണക്കാരനെപ്പോലെ ജിയാ ഗഞ്ചിലെ വീട്ടിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുന്നതായി കാണാം, എന്നിട്ടും ലക്ഷക്കണക്കിന് ആളുകൾക്ക് അനുഭവപ്പെടുന്ന എന്തോ ഒന്ന് അദ്ദേഹം വഹിക്കുന്നു. അതാണ് യഥാർഥ അരിജിത്." നിരവധി ഉപയോക്താക്കൾ ഈ കുറിപ്പിനോട് യോജിച്ച് അഭിപ്രായങ്ങൾ പങ്കിട്ടു. ജനുവരി 27-നാണ് അരിജിത് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Music producer Meghdut Roy Chowdhury reveals Arijit Singh`s decision to quit playback singing, citing his desire to pursue music on his own terms, away from the `machine`.