'ആ തീരുമാനത്തിൽ അഭിമാനമുണ്ട്; രാമായണത്തിനായി വേണ്ടെന്നുവെച്ചത് പന്ത്രണ്ടോളം സിനിമകൾ'

എ.ആർ. റഹ്മാൻ, രാമായണ: പാർട്ട് 1
എ.ആർ. റഹ്മാൻ, രാമായണ: പാർട്ട് 1

നിതേഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിനായി മൂന്ന് വർഷത്തോളം നീണ്ട സംഗീത തപസ്യയിലായിരുന്നു താനെന്ന് ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ. ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറുമായി കൈകോർത്ത ചിത്രത്തിന്റെ വിശേഷങ്ങൾ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) വേദിയിലാണ് അദ്ദേഹം പങ്കുവെച്ചത്.

റൺബീർ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: പാർട്ട് 1' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീതമൊരുക്കിയത് എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ്. പ്രമുഖരായ പല സംവിധായകരുടെയും ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ആ തീരുമാനത്തിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

"രാമായണത്തിന്റെ സംഗീതത്തിനായി പത്തോ പന്ത്രണ്ടോ സിനിമകളാണ് ഞാൻ വേണ്ടെന്നുവെച്ചത്. പൂർണ്ണമായും ആ ചിത്രത്തിന്റെ ലോകത്ത് മുഴുകിയിരിക്കാൻ വേണ്ടിയായിരുന്നു അത്. പ്രഗത്ഭരായ പല സംവിധായകരുടെയും പ്രോജക്ടുകൾ ഒഴിവാക്കേണ്ടി വന്നു. പക്ഷേ, എനിക്കതിൽ അഭിമാനമുണ്ട്. ഏറെ ഇഷ്ടപ്പെടുന്നതും ആസ്വദിക്കാൻ കഴിയുന്നതുമായ പ്രോജക്ടുകൾ മാത്രമേ ഞാൻ ഏറ്റെടുക്കാറുള്ളൂ. അത് എന്റെ സർഗ്ഗാത്മകതയെ പോഷിപ്പിക്കുകയും എന്റെ ടീമിന് മുഴുവൻ ആവേശം നൽകുകയും ചെയ്യുന്നു," റഹ്മാൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി 'രാമായണ'ത്തിന്റെ തീമുകളും പാട്ടുകളും ഒരുക്കുന്ന തിരക്കിലായിരുന്നു റഹ്മാനും സംഘവും. ചിത്രത്തിലെ ഓരോ ഗാനവും പശ്ചാത്തലസംഗീതവും പൂർണ്ണതയിലെത്തിക്കാൻ നിരവധി തവണ മാറ്റിയെഴുതേണ്ടി വന്നു. ഉദാഹരണമായി ചിത്രത്തിലെ 'രാവണ താണ്ഡവം' എന്ന ഗാനം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അന്തിമരൂപത്തിലെത്തുന്നതിന് മുൻപ് 12 - 13 തവണ വരെ വ്യത്യസ്ത പതിപ്പുകളായി ചിട്ടപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കുമാർ വിശ്വാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്. അരിജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച 'ജയ് ജയ് റാം' എന്ന ഗാനവും അതിന്റെ ഓർക്കസ്ട്രൽ പതിപ്പും ആൽബത്തിന്റെ പ്രധാന ആകർഷണമാണ്. വിശാൽ ദദ്‌ലാനി ആലപിച്ച 'രാവണ താണ്ഡവം', എ.ആർ. അമീൻ, വൈശാലി സാമന്ത്, രക്ഷിത സുരേഷ്, അന്ത്ര നന്ദി എന്നിവർ ചേർന്ന് പാടിയ 'സീതാസ് ആസ്പിരേഷൻ' എന്നിവയും ശ്രദ്ധേയമാണ്. കൂടാതെ, റഹ്മാനും ഹാൻസ് സിമ്മറും സംയുക്തമായി ചിട്ടപ്പെടുത്തിയ 'രാമ തീമും' ആൽബത്തിൽ ഉൾപ്പെടുന്നു.

ലോകപ്രശസ്തരായ രണ്ട് സംഗീത സംവിധായകർ ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ പാട്ടുകളെ കാത്തിരുന്നത്. എന്നാൽ റിലീസിന് ശേഷം ചിത്രത്തിലെ ഗാനങ്ങൾക്ക് ശ്രോതാക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

അതേസമയം, തിയേറ്ററുകളിൽ മികച്ച നിരൂപക പ്രശംസയും വൻ വിജയവുമാണ് സിനിമ സ്വന്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 920 കോടി രൂപയിലധികം നെറ്റ് കളക്ഷൻ നേടിയ ചിത്രം, ആഗോള ബോക്സ് ഓഫീസിൽ 1,693 കോടി രൂപ കടന്ന് ജൈത്രയാത്ര തുടരുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: AR Rahman dedicated three years to the music of Nitesh Tiwari's Ramayana., He sacrificed 12 other film projects to completely focus on this epic., The film features collaboration with Hollywood legendary composer Hans Zimmer., Ramayana has crossed 1,693 crore globally at the box office.