സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള പ്രഖ്യാപിച്ച് അനുഷ്ക ഷെട്ടി, തീരുമാനം ഘാട്ടിയുടെ പ്രകടനം മോശമായതോടെ

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നു. വെള്ളിയാഴ്ച എക്സിൽ പങ്കുവെച്ച കൈയ്യെഴുത്തിലുള്ള കുറിപ്പിലൂടെയാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. ഏറ്റവും പുതിയ ചിത്രമായ ഘാട്ടിയുടെ ബോക്സ് ഓഫീസ് പ്രകടനം മോശമായതിനു പിന്നാലെയാണ് തീരുമാനം.
ലോകവുമായി വീണ്ടും ബന്ധപ്പെടാനും സ്ക്രോളിങ്ങിനപ്പുറമുള്ള കാര്യങ്ങളിൽ പ്രവർത്തിക്കാനുമായി ഇടവേളയെടുക്കുന്നു എന്നാണ് താരം പറഞ്ഞത്.
"നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്... കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ്, ലോകവുമായി വീണ്ടും ബന്ധം സ്ഥാപിക്കാനും നമ്മളെല്ലാവരും യഥാർഥത്തിൽ തുടങ്ങിയ ഇടമായ, സ്ക്രോളിങ്ങിനപ്പുറമുള്ള കാര്യങ്ങളിൽ പ്രവർത്തിക്കാനും. കൂടുതൽ കഥകളും കൂടുതൽ സ്നേഹവുമായി ഉടൻ കാണാം. എപ്പോഴും എന്നേക്കും. എപ്പോഴും പുഞ്ചിരിക്കുക. സ്നേഹത്തോടെ അനുഷ്ക ഷെട്ടി"- അനുഷ്ക കുറിച്ചു.
ഇതോടെ അനുഷ്കയെ പ്രശംസിച്ചും മിസ്സ് ചെയ്യുമെന്ന് പറഞ്ഞും ആരാധകർ രംഗത്തെത്തി. നിങ്ങൾ യഥാർഥ ലോകത്തേക്ക് മടങ്ങിവരികയാണ്, കാണാൻ കാത്തിരിക്കാനാവില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. 'നിങ്ങൾ ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല.. ഒരുകാലത്ത് ചരിത്രം സൃഷ്ടിച്ച ലേഡി സൂപ്പർസ്റ്റാറിനെ കാണാൻ കാത്തിരിക്കുന്നു. ഒരു ഇടവേളയെടുത്ത് കൂടുതൽ ശക്തയായി തിരിച്ചുവരൂ, നിങ്ങളുടെ അർപ്പണബോധത്തെ വിജയിപ്പിക്കാൻ കഴിയുന്ന നല്ല സംവിധായകരുമായി സഹകരിക്കുക. നിങ്ങൾ എക്കാലത്തെയും മികച്ച നടിയാണ്' എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഘാട്ടി
അനുഷ്കയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഘാട്ടി. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തി. ഒരാഴ്ചകൊണ്ട് ഇന്ത്യയിൽ നിന്ന് വെറും 6.64 കോടി രൂപ മാത്രമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ക്രിഷ് ജഗർലമുഡി രചനയും സംവിധാനവും നിർവ്വഹിച്ച ഘാട്ടിയിൽ അനുഷ്കയ്‌ക്കൊപ്പം വിക്രം പ്രഭുവും പ്രധാന വേഷത്തിലെത്തുന്നു. ഫസ്റ്റ് ഫ്രെയിം എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായി ബാബു ജഗർലമുഡിയുമാണ് ചിത്രം നിർമ്മിച്ചത്.
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ - ദി വൈൽഡ് സോർസറർ' ആണ് അവരുടെ അടുത്ത ചിത്രം. അനുഷ്കയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരിക്കുമിത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ, പ്രഭുദേവ, വിനീത് എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anushka Shetty announces a social media hiatus to reconnect with the world after Ghaati`s disappointing performance. Read her heartfelt note.