ആഞ്ജലീന അച്ഛനെ വെറുത്തു, അമ്മയെ ഉപേക്ഷിച്ച് പ്രണയം തേടിപ്പോയ അച്ഛനോട് ക്ഷമിച്ചതേയില്ല

ആഞ്ജലീന ജോളി | AFP
ആഞ്ജലീന ജോളി | AFP

ഹോളിവുഡിലെ എക്കാലത്തെയും മിന്നും താരമാണ് ആഞ്ജലീന ജോളി. മാദകസൗന്ദര്യത്തിന്റെ പേരില്‍ ലോകമെങ്ങും ആരാധകരുള്ള താരം. വ്യക്തിജീവിതത്തെപ്പറ്റി അധികമൊന്നും തുറന്നുപറയാന്‍ താത്പര്യം കാണിക്കാറില്ല താരം. ഹോളിവുഡ് നടനായിരുന്ന പിതാവ് ജോണ്‍ വോയിറ്റും ആഞ്ജലീനയും വളരെ അകലത്തിലായിരുന്നു ചെറുപ്പം തൊട്ടേ. പ്രണയത്തിനു വേണ്ടി കുടുംബത്തെ ഉപേക്ഷിച്ചു പോയ പിതാവിനോടുള്ള പകയായിരുന്നു ആഞ്ജലീന അദ്ദേഹവുമായി അകന്നുകഴിയാന്‍ കാരണം. 

ആഞ്ജലീനയുടെ അമ്മയും നടിയുമായ മെര്‍ക്കെലിന്‍ ബെട്രാന്‍ഡ് 1978-ലാണ് ജോണ്‍ വോയിറ്റിനെതിരേ വിവാഹമോചനത്തിന് കേസുകൊടുക്കുന്നത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ അമ്മ ഏറെക്കുറെ തകര്‍ന്നിരുന്നു. ആഞ്ജലീനയ്ക്ക് അന്ന് ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പിതാവിനോട് ആഞ്ജലീന ഒരിക്കലും ക്ഷമിച്ചില്ല. അമ്മയെ ഉപേക്ഷിച്ച് പാര്‍ട്ടികള്‍ ആസ്വദിച്ചും വിനോദങ്ങളിലേര്‍പ്പെട്ടും കഴിഞ്ഞ അച്ഛനെ കാണുമ്പോള്‍ താനും കുടുംബവും ഉപേക്ഷിക്കപ്പെട്ടതുപോലെ ആഞ്ജലീനയ്ക്കു തോന്നി. അമ്മയുടെ ഹൃദയം തകര്‍ത്തതിന് ആഞ്ജലീന ഒരിക്കലും അച്ഛനോട് ക്ഷമിച്ചില്ല.

പാര്‍ട്ടി നടത്തിയും തനിക്കു വേണ്ട ജീവിതം ജീവിച്ചും അച്ഛന്‍ നടന്നപ്പോള്‍ അമ്മ ആഞ്ജലീനയേയും സഹോദരനെയും വളര്‍ത്താന്‍ പാടുപെടുകയായിരുന്നു. ഹോളിവുഡില്‍ പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ അടുപ്പം സ്ഥാപിക്കാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നെങ്കിലും ആഞ്ജലീന അതിനു തയ്യാറായില്ല.

1990-കളുടെ അവസാനത്തില്‍, മെര്‍ക്കെലിന്‍ ബെട്രാന്‍ഡിന് അണ്ഡാശയാര്‍ബുദവും സ്തനാര്‍ബുദവും സ്ഥീരീകരിച്ചു. സമീപ വര്‍ഷങ്ങളില്‍, അവര്‍ ഏകാന്തമായ ഒരു ജീവിതശൈലിയാണ് നയിച്ചത്. അപൂര്‍വ്വമായി മാത്രം പൊതുവേദികളിലെത്തി. രോഗം മൂര്‍ച്ഛിച്ച് 2007-ല്‍ അവര്‍ മരിച്ചു. അമ്മയുടെ വേര്‍പാട് ആഞ്ജലീനയെ തളര്‍ത്തിയിരുന്നു. 

ജീവിതപാഠങ്ങള്‍ ഒരര്‍ഥത്തില്‍ ആഞ്ജലീനയെ കരുത്തയാക്കുകയാണ് ചെയ്തത്. സ്വന്തം വിവാഹബന്ധങ്ങള്‍ തകര്‍ന്നപ്പോഴും ശാരീരികപീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നപ്പോഴും ശക്തയായി നിന്ന് അവരതിനെ നേരിട്ടു. ആഞ്ജലീനയുടെയും ബ്രാഡ് പിറ്റിന്റെയും വിവാഹമോചനക്കേസ് നടക്കുകയാണ്. വാദപ്രതിവാദങ്ങള്‍ക്കിടെ ഈ നാടകം അവസാനിപ്പിക്കണമെന്നും ആറു കുട്ടികളുടെയും സുരക്ഷയെക്കരുതി മുന്നോട്ടുപോകണമെന്നും ജോണ്‍ വോയിറ്റ് ആവശ്യപ്പെട്ടിരുന്നു. അക്കാദമി പുരസ്‌കാരമടക്കം ഒട്ടേറെ നേട്ടങ്ങള്‍ ജോണ്‍ വോയിറ്റ് അഭിനയരംഗത്ത് സ്വന്തമാക്കിയിട്ടുണ്ട്.
 

Content Highlights: angelina jolie hates father jon voight