ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തി, ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ് വിവാഹമോചനത്തിന് ധാരണ

ഹോളിവുഡിലെ 'പവര്‍കപ്പിള്‍' എന്നാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. എട്ടുവര്‍ഷം മുമ്പ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കി. വേര്‍പിരിഞ്ഞുകഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും സ്വത്തുതര്‍ക്കവും കുട്ടികളുടെ സംരക്ഷണവുമടക്കമുള്ള വിഷയങ്ങളില്‍ ധാരണയിലെത്താനാവാതെ വന്നതോടെ വിവാഹമോചനം നിയമക്കുരുക്കിലായിരുന്നു. എന്നാല്‍ വാദപ്രതിവാദങ്ങള്‍ക്ക് അന്ത്യം കുറിച്ച് ഇരുവരും വിവാഹമോചനത്തിന് ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സ്വത്ത് പങ്കിടുന്ന വിഷയത്തില്‍ ഔദ്യോഗികമായി തീരുമാനമെടുത്തു. ഒത്തുതീര്‍പ്പുധാരണയില്‍ ഇരുവരും ഒപ്പുവെച്ചു.
ജെന്നിഫര്‍ അനിസ്റ്റണിനെയാണ് പിറ്റ് ആദ്യം വിവാഹം ചെയ്തിരുന്നത്. ഈ ബന്ധം തുടരുന്നതിനിടെയാണ് 'മിസ്റ്റര്‍ ആന്‍ഡ് മിസിസ്' സിനിമയില്‍ ആഞ്ജലീന ജോളിക്കൊപ്പം അഭിനയിക്കുന്നത്. വൈകാതെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. തുടക്കത്തില്‍ തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്ന കാര്യം ഇരുവരും നിഷേധിച്ചെങ്കിലും പിന്നീട് തുറന്നുപറഞ്ഞു. അധികം വൈകാതെ പിറ്റും ജെന്നിഫറും വിവാഹമോചനം പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴേക്കും ബ്രാഡ് പിറ്റും ആഞ്ജലീനയും ഒന്നിച്ചുകഴിയാന്‍ തുടങ്ങിയിരുന്നു. മൂന്നുമാസത്തിനുശേഷം ഇരുവരും തങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. രണ്ടു കുഞ്ഞുങ്ങള്‍കൂടി ദമ്പതിമാര്‍ക്ക് പിറന്നു, മൂന്നു കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.
പത്തുവര്‍ഷത്തിലേറെ ഒന്നിച്ചുതാമസിച്ചശേഷമാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വിവാഹിതരായത്. പക്ഷേ വിവാഹബന്ധത്തിന് രണ്ടുവര്‍ഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 2016-ല്‍ ആഞ്ജലീന ഡിവോഴ്‌സിന് ഫയല്‍ ചെയ്തു. ഇരുവരുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന താമസസ്ഥലത്തുനിന്ന് സ്വത്തുക്കളെല്ലാം വിട്ട് ആഞ്ജലീനയും കുട്ടികളും താമസം മാറുകയും ചെയ്തു. അന്നുതൊട്ട് സമാധാനം കണ്ടെത്താനും കുടുംബത്തെ സാന്ത്വനിപ്പിക്കാനും പരിശ്രമിക്കുകയായിരുന്നു ആഞ്ജലീനയെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഒത്തുതീര്‍പ്പിലായത് കുടുംബത്തിന് ആശ്വാസമാണെന്നും.
ബ്രാഡ് പിറ്റ് കുട്ടികളെയും ആഞ്ജലീനയേയും ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് കോടതിയില്‍ തുറന്നുപറച്ചിലുകളുണ്ടായി. കുട്ടികളായിരുന്നു സാക്ഷികള്‍. ഡിവോഴ്‌സിന് ഫയല്‍ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ സ്വകാര്യ വിമാനത്തില്‍ പിറ്റ് കുടുംബത്തെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്.
ദമ്പതികളായിരിക്കെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്രാന്‍സിലെ മുന്തിരിത്തോട്ടത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹമോചനസമയത്ത് ദീര്‍ഘകാലം പരിഹരിക്കപ്പെടാതെ നിന്ന വിഷയം. ആഞ്ജലീന തന്റെ സമ്മതമില്ലാതെ വൈനറിയിലെ തന്റെ ഓഹരികള്‍ സ്റ്റോളി ഗ്രൂപ്പിന് വിറ്റുവെന്ന് പിറ്റ് ആരോപിച്ചു. വിവാഹമോചനം അന്തിമമായിരിക്കെ, ഇരുവരും മധ്യസ്ഥതയിലൂടെയുള്ള പ്രശ്നപരിഹാരത്തിനോ കേസ് ജൂറി വിചാരണയ്ക്ക് വിടുന്നതിനോ സന്നദ്ധത അറിയിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ലോസ് ആഞ്ജലിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഡിസൈനര്‍ ഐന്‍സ് ഡി റേമനുമായി രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലാണ് പിറ്റ്.
Content Highlights: angelina jolie and brad pitt finalized their divorce