ഏകനടിക്കുനേരെ പുരുഷന്മാരില്‍ ഒരാള്‍ ലൈംഗികാതിക്രമണം നടത്തുന്ന കഥ- 'ആട്ട'ത്തെപ്പറ്റി ആനന്ദ് ഏകര്‍ഷി

ആനന്ദ് ഏകർഷി/ ഫോട്ടോ: ഇൻസ്റ്റഗ്രാം/ (anandeka)
ആനന്ദ് ഏകർഷി/ ഫോട്ടോ: ഇൻസ്റ്റഗ്രാം/ (anandeka)

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് തുടങ്ങി മൂന്ന് ബഹുമതികള്‍ കരസ്ഥമാക്കിയ മലയാള സിനിമ; ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത് 2023 ഒക്ടോബര്‍ 30 -ന് പുറത്തിറങ്ങിയ ആട്ടം. സിനിമാമേഖലയിലും രാജ്യത്തുടനീളവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ സ്ത്രീകൾ മുന്നിട്ടിറങ്ങുന്ന സമയത്താണ് ആട്ടത്തിന് ഇത്തരത്തിലൊരു അവാര്‍ഡ് ലഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റ പശ്ചാത്തലത്തില്‍ സിനിമ വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍  മലയാള സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മോശം സാഹചര്യം തന്റെ സിനിമയിലെ ഇതിവൃത്തമായതിനെക്കുറിച്ചുള്ള ആനന്ദിന്റെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. 

ഒരു നാടക ട്രൂപ്പില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ് ആട്ടം. ഗ്രൂപ്പിലെ ഒരേയൊരു വനിതാ അഭിനേത്രിയ്ക്കുനേരെ സംഘത്തിലെ പുരുഷന്മാരില്‍ ഒരാള്‍ ലൈംഗികാതിക്രമണം നടത്തിയതായി ആരോപിക്കുമ്പോൾ അതിസമര്‍ഥമായ ആവിഷ്കാരത്തിലൂടെ ആനന്ദ് ഓരോ പുരുഷന്മാരുടെയും മുഖംമൂടി  അഴിച്ചെടുത്ത് അവരുടെ യഥാര്‍ഥ നിറം വെളിപ്പെടുത്തുന്നു.

ഇതേക്കുറിച്ച് ആനന്ദിന്റെ വാക്കുകള്‍ ഇങ്ങനെ:
''സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചതിന്റെ പ്രസക്തിയെക്കുറിച്ചും രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ആളുകള്‍ എന്നോട് ചോദിക്കുന്നു സിനിമ പ്രസക്തമായി എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കാത്ത ഒരു കാലം വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഓരോ ദിവസവും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു. എന്റെ സിനിമ അതിന്റെ കാരണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പര്യാപ്തമാണെന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല, പക്ഷേ അത്തരം വിഷയങ്ങളെക്കുറിച്ച് സമൂഹത്തില്‍ ഒരു ചര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. 

ഒരിക്കലും പ്രതീക്ഷിക്കാത്ത ചുറ്റുപാടില്‍ നിന്നും ആക്രമണങ്ങള്‍ വരുമ്പോള്‍  സുരക്ഷിതരാണെന്ന് നിങ്ങള്‍ കരുതുന്ന ഇടങ്ങള്‍ അങ്ങനെയല്ലെന്നറിയുമ്പോള്‍ അതാണ് ഏറ്റവും ഞെട്ടലുണ്ടാക്കുന്ന കാര്യം. അത്തരം കാര്യങ്ങള്‍ മറ്റ് സ്ത്രീകള്‍ പങ്കുവെക്കുമ്പോള്‍ ഞാന്‍ ഞെട്ടലോടെ കേട്ടിരുന്നിട്ടുണ്ട്. സ്ത്രീകളുടെ അത്തരം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എന്റെ ലക്ഷ്യം.'' 

വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സെറിന്‍ ഷിഹാബ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അണിനിരന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ആനന്ദ് ഏകര്‍ഷി തന്നെയാണ് നിര്‍വഹിച്ചത്. മൗത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളകളിലെല്ലാം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഐ.എഫ്.എഫ്.കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ലഭിച്ചു.

Content Highlights: anand ekarshi about his award winning film aattam