'ഞാന്‍ അമിതാഭ് ബച്ചന്‍, ഈ വേദിയില്‍നിന്ന് അവസാനമായി പറയുന്നു'- ബിഗ് ബിയുടെ കണ്ണുനിറഞ്ഞു

അമിതാഭ് ബച്ചന്‍
അമിതാഭ് ബച്ചന്‍

കോന്‍ ബനേഗാ ക്രോര്‍പതി (കെ.ബി.സി)യുടെ പതിനഞ്ചാമത്തെ സീസണ്‍ അവസാനിക്കുമ്പോള്‍ അവതാരകനായ അമിതാഭ് ബച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. അതോടെ നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ച തുടങ്ങി, ഈ പരിപാടിയില്‍നിന്ന് അദ്ദേഹം എന്നെന്നേക്കുമായി പോവുകയാണോ, അതോ ഈ സീസണില്‍നിന്ന് മാത്രമുള്ള വിടവാങ്ങലാണോ?

പരിപാടിയിലേക്ക് ബിഗ് ബിയുടെ മടങ്ങിവരവുണ്ടാകില്ലെന്നാണ് അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്നവര്‍ പറയുന്നത്. 2000-ല്‍ കെ.ബി.സി തുടങ്ങുമ്പോള്‍ മുതല്‍ തന്നെ അമിതാഭ് ബച്ചനാണ് അതിന്റെ അവതാരകന്‍. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, '23 വര്‍ഷം മുമ്പ്, സിനിമയൊന്നും ഇല്ലാതെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് കോന്‍ ബനേഗ ക്രോര്‍പതിയിലേക്ക് അവതാരകനായി വിളിക്കുന്നതും ഞാന്‍ യെസ് പറയുന്നതും. അന്ന് പലരുമെന്നോട് പറഞ്ഞു, താങ്കള്‍ ബിഗ് സ്‌ക്രീനില്‍നിന്ന് മിനിസ്‌ക്രീനിലേക്കാണ് പോകുന്നത്, അത് താങ്കളുടെ ഇമേജിനെ വളരെ മോശമായി ബാധിക്കും,'' കെ.ബി.സി.യുടെ അവസാന എപ്പിസോഡില്‍ അമിതാഭ് ബച്ചന്‍ പഴയകാലത്തിലേക്ക് തിരിഞ്ഞുനോക്കി. 

ഒരു സീസണില്‍മാത്രമാണ് അദ്ദേഹം പരിപാടിയില്‍നിന്ന് മാറിനിന്നത്, അസുഖമായിരുന്നു കാരണം. പകരം ഷാരൂഖ് ഖാനെത്തി, കെ.ബി.സിയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് റേറ്റിങ് കിട്ടിയതും ആ സീസണിന് തന്നെ. ഒന്നാമത്തെ സീസണ്‍ മുതല്‍ ആറാമത്തെ സീസണ്‍ വരെ ഒരുകോടിയായിരുന്നു ബച്ചന്റെ പ്രതിഫലം. ഏഴാമത്തെ സീസണ്‍ മുതല്‍ ഏഴുകോടിയും. ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ ക്വിസ് ഷോ ആയാണ് കെ.ബി.സി കണക്കാക്കപ്പെടുന്നത്. 

അവസാന എപ്പിസോഡില്‍ മകള്‍ ശ്വേത ബച്ചനും കൊച്ചുമകള്‍ നവ്യ നന്ദ നവേലിയും അതിഥികളായി എത്തിയിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. 'ഓരോ എപ്പിസോഡുകളിലെയും മത്സരാര്‍ഥികളില്‍നിന്ന് എനിക്കും പലതും പഠിക്കാനുണ്ടായിരുന്നു. അതൊക്കെയാണ് എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്'', അദ്ദേഹം പറഞ്ഞു. 

അവസാനമായപ്പോഴേക്കും ബിഗ് ബിയുടെ കണ്ണുനിറഞ്ഞു. 'ദേവിയോം ഓര്‍ സജ്ജനോം...'' എന്ന് പറഞ്ഞാണ് ബച്ചന്‍ സംസാരിച്ചുതുടങ്ങിയത്. ''ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് പറയുന്നത് വളരയെധികം വിഷമത്തോടെയാണ്. ഞാന്‍ അമിതാഭ് ബച്ചന്‍, ഈ വേദിയില്‍നിന്ന് അവസാനമായി പറയുന്നു, ശുഭരാത്രി'' എന്നുപറഞ്ഞ് അദ്ദേഹം മടങ്ങിപ്പോവുകയാണ്. മറ്റ് സീസണുകള്‍ ബിഗ് ബി ഇങ്ങനെയായിരുന്നില്ല അവസാനിപ്പിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആണെന്ന് ആരാധകര്‍ കരുതാന്‍ കാരണം. അപ്പോഴും പലരും ശുഭപ്രതീക്ഷയിലാണ്, അടുത്ത സീസണിലും ബച്ചന്‍ തന്നെയാവും അവതാരകനെന്ന്.  

Content Highlights: amitabh bachan winds up kbc 15th season