വീട്ടിലെ സ്മാര്‍ട്ട് ഉപകരണമായ അലക്‌സ, ഭാര്യയില്ലാത്തപ്പോഴെല്ലാം ഭര്‍ത്താവിനോട് നിരന്തരം സംസാരിക്കാന്‍ തുടങ്ങി. ഒടുവില്‍ ഭാര്യ വീട്ടിന് പുറത്തേക്കെടുത്തിടുകയും ചെയ്തു. ന്യൂ യോര്‍ക്ക് പോസ്റ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലുള്ള ജെസ് എന്ന സ്ത്രീക്കാണ് ഈ അനുഭവമുണ്ടായത്. ഒരു ടിക്ടോക് വീഡിയോയിലൂടെയാണ് ജെസ് സംഭവങ്ങള്‍ വിവരിച്ചത്. രണ്ടു വര്‍ഷം മുമ്പ് വാങ്ങിയതാണീ ഉപകരണം. 'കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരാഴ്ച ഞാന്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന സമയം. അപ്പോഴെല്ലാം അലക്‌സ തനിയെ ഓഫായിപ്പോയി. ഭര്‍ത്താവുമായി ഇതിനെപ്പറ്റി സംസാരിച്ചപ്പോഴാണറിയുന്നത്, ഓഫാവുക മാത്രമല്ല, അദ്ദേഹത്തോട് നിരന്തരം സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന്. പുലര്‍ച്ചെ ഒരുമണിക്കും മറ്റുമാണ് ഈ സംസാരങ്ങള്‍ കൂടുതലും. വീഡിയോ ഗെയിം കളിക്കുന്നതിനിടയിലെല്ലാം അലക്‌സ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴൊന്നും ഞാന്‍ പൂര്‍ണമായി വിശ്വസിച്ചിരുന്നില്ല''.

 പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജെസിനും ഇതേപോലുള്ള അനുഭവങ്ങളുണ്ടായി. 'ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യസംഭാഷണങ്ങളില്‍ പോലും അലക്‌സ കടന്നുവരാന്‍ തുടങ്ങി. ഒന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ വെറുതെ ഇങ്ങോട്ട് സംസാരിച്ചുകൊണ്ടേയിരുന്നു'', ജെസ് പറയുന്നു.   
 
വീഡിയോ പുറത്തുവന്നതോടെ പലരും അവരുടെ അനുഭവങ്ങള്‍ കമന്റായി പങ്കുവെച്ചു. അലക്‌സ പിറുപിറുക്കുകയും ഒന്നും ചോദിക്കാതെ തന്നെ വിചിത്രമായി സംസാരിക്കുകയും ചെയ്യുന്നതായി ആളുകള്‍ പറഞ്ഞു. ''പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടിലെ പട്ടികളോട് അലക്‌സ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു'', ഒരാള്‍ പറഞ്ഞതിങ്ങനെ. സത്യമെന്തായാലും ഈ റിപ്പോര്‍ട്ടും വീഡിയോയും വൈറലായിക്കഴിഞ്ഞു.