‘അമിതാഭ് ബച്ചന് നാല് കോടിയുടെ കാർ സമ്മാനിച്ചതിന് അമ്മയെന്നെ തല്ലി, എന്നെ സഹിച്ചതിനുള്ള സമ്മാനമാണത്’

വിധു വിനോദ് ചോപ്ര സെറ്റുകളിൽ വളരെ കർക്കശക്കാരനായ ഒരു സംവിധായകനായാണ് അറിയപ്പെടുന്നത്. താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. 2007-ൽ പുറത്തിറങ്ങിയ 'ഏകലവ്യ: ദി റോയൽ ഗാർഡ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ അമിതാഭ് ബച്ചനുമായി അദ്ദേഹം വലിയ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. എന്നാൽ ഈ പിണക്കങ്ങൾക്കൊടുവിൽ ചിത്രം പൂർത്തിയായപ്പോൾ ബച്ചന് വിലപിടിപ്പുള്ള ഒരു ആഡംബര കാർ സമ്മാനിച്ചാണ് ചോപ്ര ഞെട്ടിച്ചത്.
ഒരിക്കൽ ഏകലവ്യയുടെ സെറ്റിൽ വളരെ കുറച്ച് ലഗേജുമായി എത്തിയ ബച്ചനോട് ചോപ്ര അതിന്റെ കാരണം ചോദിച്ചു. "നിങ്ങളെ ഒരാഴ്ചയിൽ കൂടുതൽ എനിക്ക് സഹിക്കാൻ കഴിയില്ലെന്ന് ജയ പറഞ്ഞിട്ടുണ്ട്," എന്നായിരുന്നു ബച്ചന്റെ മറുപടി.
ജയ ബച്ചൻ പറഞ്ഞത് ശരിയാണെന്ന് താമസിയാതെ തെളിഞ്ഞു. ഷൂട്ടിങ് തുടങ്ങി പത്ത് ദിവസത്തിനുള്ളിൽ തന്നെ ഇരുവരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചു. എങ്കിലും ബച്ചന്റെ പ്രൊഫഷണലിസം കാരണം അദ്ദേഹം സിനിമ പൂർത്തിയാക്കി. "വിധു വിനോദ് ചോപ്രയോടൊപ്പം ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ജയ ഒന്നും മിണ്ടിയില്ല. ഞാൻ ഔട്ട്ഡോർ ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു മാസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞപ്പോൾ, മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾ തിരിച്ചുവരുമെന്നാണ് ജയ പറഞ്ഞത്. അയാൾ ചീത്ത പറയുകയും ബഹളം വെക്കുകയും ചെയ്യുമെന്നും നിങ്ങളുടെ സ്വഭാവത്തിന് അത് ചേരില്ലെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു," എന്ന് ബച്ചൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
സിനിമയുടെ ബജറ്റ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമിതാഭ് ബച്ചന് വേണ്ടി രാത്രിക്ക് 65,000 രൂപ വാടകയുള്ള ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ ചോപ്ര തയ്യാറായില്ല. ബച്ചന് മാത്രം അത്തരം സൗകര്യം നൽകിയാൽ മറ്റ് താരങ്ങളായ സെയ്ഫ് അലി ഖാനും സഞ്ജയ് ദത്തിനും അത് നൽകേണ്ടി വരുമെന്നും, അത് സിനിമയുടെ ബജറ്റ് തകർക്കുമെന്നും അദ്ദേഹം കരുതി. "കലയിൽ പണം ഒരു അപകടകരമായ കാര്യമാണ്," അധികമായി പണം ചിലവാക്കുന്നത് സർഗ്ഗാത്മകതയെ ബാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
സിനിമയുടെ ചിത്രീകരണ വേളയിൽ തന്റെ ദേഷ്യം സഹിച്ചതിന് പകരമായി 4.5 കോടി രൂപ വിലമതിക്കുന്ന ഒരു റോൾസ് റോയ്സ് കാറാണ് ചോപ്ര ബച്ചന് സമ്മാനിച്ചത്. ആ സമയത്ത് ചോപ്ര ഉപയോഗിച്ചിരുന്നത് ഒരു പഴയ മാരുതി വാനായിരുന്നു.
"കാർ സമ്മാനിക്കാൻ പോയപ്പോൾ ഞാൻ എന്റെ അമ്മയെയും കൂടെ കൂട്ടിയിരുന്നു. അമ്മയാണ് ബച്ചന് താക്കോൽ കൈമാറിയത്. തിരികെ വന്ന് എന്റെ മാരുതി വാനിലിരുന്നപ്പോൾ അമ്മ ചോദിച്ചു, 'നീ ആ ലംബുവിന് (ബച്ചന്) കാർ കൊടുത്തോ?' എന്ന്. 'ഉവ്വ്' എന്ന് ഞാൻ മറുപടി നൽകി. 'നീ എന്താണ് സ്വന്തമായി ഒരു കാർ വാങ്ങാത്തത്? അതിന് ഒരു 11 ലക്ഷം രൂപയെങ്കിലും വില കാണില്ലേ?' എന്ന് അമ്മ ചോദിച്ചു. ആ കാറിന് 4 കോടിയിലധികം വിലയുണ്ടെന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ 'വിഡ്ഢി' എന്ന് വിളിച്ച് ഒരടി തന്നു.
"സന്തോഷം നൽകാൻ കഴിയുന്നില്ലെങ്കിൽ പണം കൊണ്ട് എന്ത് കാര്യമാണുള്ളത്?അദ്ദേഹത്തെപ്പോലൊരു വലിയ താരം എന്നെ സഹിച്ചത് വലിയ കാര്യമാണ്. അതുകൊണ്ടാണ് ഞാൻ ആ കാർ സമ്മാനിച്ചത്," ചോപ്ര കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood legend Amitabh Bachchan was gifted a 4.5 Cr Rolls-Royce by director Vidhu Vinod Chopra after a tough shoot. Chopra`s mom reacted strongly!