'ഡയലോഗുകൾ മറക്കുകയും സീനുകളിൽ തെറ്റുകൾ വരുകയും ചെയ്യുന്നു. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടാറുമുണ്ട്'

ആരാധകരുമായി നിരന്തരം സംവദിക്കുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് അമിതാഭ് ബച്ചൻ. തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ബ്ലോഗിലൂടെ പങ്കുവെക്കാറുണ്ട് അദ്ദേഹം. എല്ലാ ഞായറാഴ്ചകളിലും വീടിനുമുന്നിൽവെച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്താറുമുണ്ട്.
പ്രായമാകുന്നതിനെക്കുറിച്ചുള്ള ചില യാഥാർഥ്യങ്ങളെപ്പറ്റി അദ്ദേഹം പങ്കുവെച്ച ബ്ലോഗ് ചർച്ചയാവുകയാണ് ഇപ്പോൾ.
ഒരുകാലത്ത് വളരെ അനായാസമായി ചെയ്തിരുന്ന ചില ജോലികൾക്ക്, ഇപ്പോൾ ബോധപൂർവമായ ശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. വീട്ടിൽ ഹാൻഡിൽ ബാറുകൾ വെക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറയുന്നു. ''ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നുണ്ട്. അത് മെച്ചപ്പെടുത്താനായി ബോധപൂർവമായ ശ്രമങ്ങളിലാണ് ഞാൻ. യോഗ, ശ്വസനവ്യായാമങ്ങൾ എന്നിവ ദൈനംദിനജീവിതത്തിൽ ഉൾപ്പെടുത്തുന്നു''.
മുമ്പ് എടുത്തുചാടി ഓരോ കാര്യങ്ങൾ ചെയ്തിരുന്നു. എന്നാലിന്ന് കുറേ ആലോചിച്ച ശേഷമേ അതിലേക്കിറങ്ങുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ''വസ്ത്രം ധരിക്കുന്നതിൽ വരെ ആ മാറ്റങ്ങളുണ്ട്. മുമ്പ് നിന്ന് പാന്റിട്ടിരുന്ന ഞാൻ, ഇപ്പോഴും അങ്ങനെ ശ്രമിക്കാറുണ്ട്. ഇക്കാര്യമറിഞ്ഞപ്പോൾ എന്റെ ഡോക്ടർ അതിനെ എതിർത്തു. 'മിസ്റ്റർ ബച്ചൻ, ദയവായി ഇരുന്നുമാത്രം പാന്റിടാൻ ശ്രമിക്കൂ. ഇല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെട്ട് നിങ്ങൾ വീഴും'. ഇങ്ങനെ ഓരോ കാര്യങ്ങളിലും ഈ മാറ്റമുണ്ട്. വളരെ സ്വാഭാവികമായി ചെയ്തിരുന്ന കാര്യങ്ങളെല്ലാം മാറിമറിഞ്ഞു''.
വീട്ടിൽ മുഴുവൻ ഹാൻഡിൽ ബാർ പിടിപ്പിച്ചതിനെക്കുറിച്ചും ബച്ചൻ തുറന്നുപറയുന്നു. ''ഏതൊരു പ്രവർത്തിക്കും മുമ്പ് നിങ്ങളുടെ ശരീരത്തെ പിടിച്ചുനിർത്താൻ സഹായം ആവശ്യമുണ്ട്. അതിനാണ് ഹാൻഡിൽ ബാറുകൾ പിടിപ്പിച്ചത്. പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഒരു ബാലൻസ് കിട്ടില്ല. അതിനും ഹാൻഡിൽ ബാറുകൾ സഹായിക്കും''.
പ്രായമാകുന്തോറും സിനിമാ സെറ്റുകളിൽ ജോലി ചെയ്യുന്നത് പ്രയാസകരമാകുന്നുവെന്ന് മുമ്പൊരു ബ്ലോഗിൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ''നീളൻ ഡയലോഗുകൾ മറന്നുപോവും. സീനുകളിൽ തെറ്റുകൾ വരുത്തും. ചില സീനുകൾ വീണ്ടുമെടുക്കാൻ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്''.
ഈ വർഷം ഒക്ടോബറിൽ ബച്ചന് 83 വയസ്സ് തികയും. എന്നാൽ, ആരാധകർ രണ്ടുതവണ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കാറുണ്ട്. ഓഗസ്റ്റ് 2-നും ഒക്ടോബർ 11-നും. 1982-ൽ 'കൂലി' എന്ന സിനിമയ്ക്കിടെ ഒരപകടത്തിൽ ബച്ചന് ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളോളം ബോധമില്ലാതെ ആസ്പത്രിയിൽ കിടന്ന അദ്ദേഹം, ഓഗസ്റ്റ് 2-നാണ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. അതുകൊണ്ടാണ് ആരാധകർ അതേദിവസവും പിറന്നാൾ ആഘോഷിക്കുന്നത്.
രജനീകാന്തിന്റെ 'വേട്ടൈയാനി'ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സമാനത്ത്, രാമായണ:ഒന്നാം ഭാഗം എന്നിവയാണ് ബിഗ് ബിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. 'ദ റിയൽ സൂപ്പർസ്റ്റാർ' എന്ന പേരിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അണിയറയിൽ ഒരുങ്ങുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: Amitabh Bachchan shares his experience with aging, discussing difficulties with balance and daily tasks in a candid blog post