83-ാം വയസ്സിലും 24 മണിക്കൂർ ജോലി, ഭക്ഷണവും ഉറക്കവുമില്ലെന്ന് ബിഗ്ബി

അമിതാഭ് ബച്ചൻ | AFP
അമിതാഭ് ബച്ചൻ | AFP

സിനിമയിൽ ‍അഭിനയിക്കുന്നവർ എത്രസമയം ജോലി ചെയ്യണമെന്നത് കുറച്ചുകാലമായി വലിയൊരു തർക്കവിഷയമാണ്. സിനിമയുടെ ആവശ്യാനുസരണം രാത്രിയും പകലുമെന്നില്ലാതെ ജോലി ചെയ്യുന്നവരുണ്ട്. അതേസമയം, ആരോഗ്യാവസ്ഥകൾ പരിഗണിച്ച് തൊഴിൽ സമയങ്ങളിൽ മാറ്റം വേണമെന്നും ചിലർ അഭ്യർഥിക്കുന്നു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ അമിതാഭ് ബച്ചനെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം വളരെ പ്രധാനമാണ്. 

83-കാരനായ നടൻ തന്റെ സോഷ്യൽ മീഡിയ (Tumblr) അക്കൗണ്ട് വഴി ആരാധകരുമായി ദൈനംദിന ജീവിതത്തെപ്പറ്റി സംസാരിക്കാറുണ്ട്. ഏറ്റവും പുതിയ ബ്ലോഗിൽ, ഭക്ഷണവും ഉറക്കവും നഷ്ടപ്പെടുത്തിക്കൊണ്ട് താൻ 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യുകയാണെന്ന് പറയുകയാണ് ബച്ചനിപ്പോൾ.

ബ്ലോഗ് മുടങ്ങിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. “ജോലിയുടെ സമയവും അതിന്റെ തീവ്രതയും കാരണം ആരാധകരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. അതിനാൽ ഖേദിക്കുന്നു!!! രാവിലെ ഏഴിന് ആരംഭിക്കുന്ന ജോലി അടുത്ത ദിവസം രാവിലെ ഏഴുവരെ വരെ നീളുന്നു. 24 മണിക്കൂർ നീളുന്ന ജോലി ദിവസങ്ങൾ. വാഗ്ദാനങ്ങൾ പാലിക്കേണ്ടവയാണ്, അവയ്ക്കാണ് മുൻഗണന നൽകേണ്ടത്. സമയം, ഉറക്കം, ഭക്ഷണം എന്നിവയെല്ലാം അതിനുശേഷം”-അദ്ദേഹമെഴുതി.

KBC 18-ാം സീസൺ തുടങ്ങുന്നതിനാൽ ഒരു ഇടവേള കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥിക്കാം, മുമ്പത്തെപ്പോലെ കൃത്യതയോടെ ഞാൻ വീണ്ടും നിങ്ങളുടെ കൂടെയുണ്ടാകും.. ഞാനൊന്ന് ഒരുങ്ങട്ടെ, എന്റെ കാര്യങ്ങളൊന്ന് ചിട്ടപ്പെടുത്തട്ടെ. നമുക്ക് വീണ്ടും പഴയതുപോലെ സംവദിക്കാമെന്നും ബച്ചൻ പറഞ്ഞു.

ജീവിതത്തിൽ ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് നടൻ ആദ്യമായല്ല സംസാരിക്കുന്നത്. ഇക്കൊല്ലം ആദ്യം പങ്കുവെച്ച ഒരു പോസ്റ്റിൽ, ഒരു ദിവസം ജോലി ചെയ്യാതിരുന്നാൽ തന്റെ ദിനചര്യകൾ തെറ്റുമെന്നും ഉത്കണ്ഠയുണ്ടാകുമെന്നും ബച്ചൻ പറഞ്ഞിരുന്നു. അലസമായ ദിവസം തനിക്ക് അസ്വസ്ഥതയാണുണ്ടാക്കുകയെന്നും. സിനിമകളുടെ കാര്യത്തിൽ, 'കൽക്കി 2898 എ.ഡി'യിലാണ് ബച്ചൻ ഒടുവിലഭിനയിച്ചത്. സയൻസ് ഫിക്ഷൻ ചിത്രത്തിൽ അശ്വത്ഥാമാവായി എത്തിയ ബിഗ്ബിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Amitabh Bachchan, at 83, works grueling 24-hour shifts affecting his sleep and food routine., The veteran actor is returning to host Kaun Banega Crorepati (KBC) Season 18., KBC Season 18 premieres on August 10 on Sony Entertainment Television and Sony LIV., Big B reflects on his dedication to work ethics and commitments via his Tumblr blog.